ന്യൂഡല്‍ഹി: ഇത്തവണ മേയ് മാസത്തില്‍ രാജ്യത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ശരാശരി ലഭിക്കേണ്ട മഴയുടെ 110 ശതമാനത്തിലധികം മഴ ഇത്തവണ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലും കിഴക്കന്‍ മധ്യ ഇന്ത്യയിലും മഴ കുറയാനാണ് സാധ്യത. മഴയ്ക്കൊപ്പം തന്നെ ചില സംസ്ഥാനങ്ങളില്‍ കടുത്ത ചൂടും ഉഷ്ണതരംഗവും തുടരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പകല്‍ താപനില സാധാരണ നിലയിലോ അതില്‍ താഴെയോ ആയിരിക്കുമെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് വര്‍ധിക്കും. കേരളമുള്‍പ്പെടെയുള്ള ദക്ഷിണ പെനിന്‍സുലാര്‍ ഇന്ത്യയില്‍ പകല്‍ താപനില സാധാരണയിലും ഉയര്‍ന്നേക്കാം. ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാലയന്‍ താഴ്വരകള്‍, കിഴക്കന്‍ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. രാത്രികാല താപനിലയും മിക്കയിടങ്ങളിലും സാധാരണയേക്കാള്‍ കൂടുതലായിരിക്കും.
മേയ് മാസത്തില്‍ ലഭിക്കുന്ന അധിക മഴ വരാനിരിക്കുന്ന ഖാരിഫ് കൃഷിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. എന്നാല്‍ വിളവെടുപ്പ് ഘട്ടത്തിലുള്ള റബി വിളകള്‍ക്ക് അമിത മഴ തിരിച്ചടിയായേക്കാം. വെള്ളക്കെട്ട് മൂലമുള്ള വിളനാശത്തിനും ഫംഗസ് ബാധയ്ക്കും സാധ്യതയുള്ളതിനാല്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഉഷ്ണതരംഗം അനുഭവപ്പെടുന്ന ഇടങ്ങളില്‍ വിളകള്‍ക്ക് ഹീറ്റ് സ്ട്രെസ് ഉണ്ടാകാനും സാധ്യതയുണ്ട്.
സമുദ്ര സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം. പസഫിക് സമുദ്രത്തില്‍ നിലവില്‍ നിഷ്പക്ഷമായ അവസ്ഥയാണെങ്കിലും ഇത് ക്രമേണ ‘എല്‍ നിനോ’ പ്രതിഭാസത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ (മഴക്കാലം) സമയത്ത് എല്‍ നിനോ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മാതൃകകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഐഒഡി (കിറശമി ഛരലമി ഉശുീഹല) സാഹചര്യങ്ങളും വരും മാസങ്ങളിലെ മഴയുടെ വിതരണത്തെ സ്വാധീനിക്കും.
അമിത മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും കൃഷിക്കാരും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഉഷ്ണതരംഗ സാധ്യതയുള്ള മേഖലകളില്‍ ഉച്ചസമയത്ത് നേരിട്ട് വെയില് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.


ജെറ്റ് ഇന്ധനത്തിന് തീവില; വിമാനനിരക്കുകൾ കുതിക്കുന്നു, ആയിരക്കണക്കിന് സർവീസുകൾ റദ്ദാക്കി; ആഗോള വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിൽ
മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി മുസ്ലിം ലീഗ്





