മദ്ധ്യപൂർവേഷ്യയിലെ സംഘർഷം രൂക്ഷമാകുകയും തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തതോടെ ആഗോള വ്യോമയാന മേഖല കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക്. ജെറ്റ് ഇന്ധനത്തിന്റെ വില ഇരട്ടിയോളമായി വർദ്ധിച്ചതോടെ ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടാനും സർവീസുകൾ റദ്ദാക്കാനും വിമാനക്കമ്പനികൾ നിർബന്ധിതരായിരിക്കുകയാണ്. സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയാണെന്നും വരും ആഴ്ചകളിൽ കാര്യങ്ങൾ എത്രമാത്രം ഗുരുതരമാകുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്നുമാണ് ഈസി ജെറ്റിന്റെ ദക്ഷിണ യൂറോപ്പ് ഡയറക്ടർ ജാവിർ ഗന്ദര മുന്നറിയിപ്പ് നൽകുന്നത്.
ഇന്ധനവില വർദ്ധനവ് താങ്ങാനാകാതെ പല വിമാനക്കമ്പനികളും അധിക സർചാർജ് ഈടാക്കിത്തുടങ്ങി. ഗ്രീക്ക് വിമാനക്കമ്പനിയായ ഏജിയൻ എയർലൈൻസ് മദ്ധ്യപൂർവ്വേഷ്യയിലേക്കുള്ള സർവീസുകൾ പൂർണ്ണമായും റദ്ദാക്കിയപ്പോൾ, മലേഷ്യൻ കമ്പനിയായ എയർ ഏഷ്യ എക്സ് പത്ത് ശതമാനത്തോളം സർവീസുകളാണ് വെട്ടിക്കുറച്ചത്. പ്രമുഖ കമ്പനികളായ കെഎൽഎം, എയർഫ്രാൻസ് എന്നിവ ടിക്കറ്റ് നിരക്കിൽ രണ്ടാം തവണയും വർദ്ധനവ് പ്രഖ്യാപിച്ചു. നേരത്തെ 50 യൂറോ വർദ്ധിപ്പിച്ച ഇവർ വീണ്ടും 50 യൂറോ കൂടി കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യൻ വിമാനക്കമ്പനിയായ എയർ ഇന്ത്യയും ഇന്ധന പ്രതിസന്ധിയെ നേരിടാൻ പുതിയ മാർഗ്ഗങ്ങൾ തേടുകയാണ്. നിശ്ചിത നിരക്കിലുള്ള സർചാർജ്ജിനു പകരം യാത്ര ചെയ്യുന്ന ദൂരത്തിന് ആനുപാതികമായി സർചാർജ്ജ് ഈടാക്കാനാണ് എയർ ഇന്ത്യയുടെ നീക്കം. അതേസമയം, നിശ്ചിത സ്റ്റോക്ക് ഉള്ളതിനാൽ തത്ക്കാലം നിരക്ക് വർദ്ധിപ്പിക്കുന്നില്ലെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് അറിയിച്ചിട്ടുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് പ്രായോഗികമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിലും പ്രതിസന്ധി ശക്തമാണ്. സ്വീഡിഷ് വിമാനക്കമ്പനിയായ എസ്എഎസ് ഏപ്രിൽ മാസത്തിൽ മാത്രം ആയിരത്തിലധികം സർവീസുകൾ റദ്ദാക്കുമെന്ന് അറിയിച്ചു. ജർമ്മൻ കമ്പനിയായ ലുഫ്താൻസ അവരുടെ ഹ്രസ്വദൂര ട്രിപ്പുകൾ പൂർണ്ണമായും നിർത്തിവെച്ചു. ചൈന ഈസ്റ്റേൺ, ഡെൽറ്റ, ഈസിജെറ്റ് തുടങ്ങിയ കമ്പനികളും വരും ദിവസങ്ങളിൽ നിരക്ക് വർദ്ധനവ് നടപ്പിലാക്കും.
മെയ് പകുതിയോടെ സർവീസുകൾ റദ്ദാക്കുമെന്ന് കാത്തെ പസഫിക്കും അറിയിച്ചിട്ടുണ്ട്. നൈജീരിയയിൽ വിമാന സർവീസുകൾ സ്തംഭിക്കുന്ന അവസ്ഥയുണ്ടായെങ്കിലും സർക്കാർ സഹായം പ്രഖ്യാപിച്ചതോടെയാണ് തത്ക്കാലം ഒഴിവായത്. ഹോർമൂസ് കടലിടുക്ക് വഴി ഇന്ധന നീക്കം തടസ്സപ്പെട്ടത് ലോകമെമ്പാടുമുള്ള വിമാനയാത്രക്കാരെയും വിനോദസഞ്ചാര മേഖലയെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. വരും മാസങ്ങളിൽ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറമാകുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പെരുമ്പാവൂരില്‍ ‘എല്‍ദോസ്’ ബോംബ്; സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രന്; കൈവിടുമെന്ന് ഉറപ്പായതോടെ കടുപ്പിച്ച് എല്‍ദോസ് കുന്നപ്പള്ളി;




