തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനായ തിരുവനന്തപുരം സെന്‍ട്രലില്‍ എസ്‌കലേറ്റര്‍ തകരാറിലായി യാത്രക്കാര്‍ക്ക് പരിക്ക്. അഞ്ചാം പ്ലാറ്റ്ഫോമിലെ എസ്‌കലേറ്റര്‍ പെട്ടെന്ന് പ്രവര്‍ത്തനരഹിതമായി താഴേക്ക് ചലിച്ചതാണ് അപകടത്തിന് കാരണമായത്. എറണാകുളത്ത് നിന്നെത്തിയ വഞ്ചിനാട് എക്‌സ്പ്രസിലെ യാത്രക്കാരായ ധന്യ, അമ്പിളി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ വഞ്ചിനാട് എക്‌സ്പ്രസ് എത്തിയതോടെ പ്ലാറ്റ്ഫോമില്‍ വലിയ തിരക്കായിരുന്നു. എസ്‌കലേറ്റര്‍ വഴി യാത്രക്കാര്‍ മുകളിലേക്ക് കയറുന്നതിനിടെ വലിയ ശബ്ദത്തോടെ യന്ത്രം നിലയ്ക്കുകയും പെട്ടെന്ന് അതിവേഗത്തില്‍ താഴേക്ക് ചലിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ മാറ്റത്തില്‍ ബാലന്‍സ് തെറ്റിയ യാത്രക്കാര്‍ ഒന്നിനുപുറകെ ഒന്നായി താഴേക്ക് മറിഞ്ഞു വീണു. മറ്റ് യാത്രക്കാര്‍ക്കും വീഴ്ചയില്‍ നിസ്സാര പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ എസ്‌കലേറ്ററിന് തകരാറുകള്‍ ഉണ്ടായിരുന്നിട്ടും റെയില്‍വേ അധികൃതര്‍ വേണ്ടത്ര ഗൗരവം നല്‍കിയില്ലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. അപകടമുണ്ടായതോടെ റെയില്‍വേ എയ്ഡ് പോസ്റ്റിലെ പോലീസുകാരാണ് പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയത്. വീഴ്ചയില്‍ കൈയ്ക്കും കാലിനും സാരമായ പരിക്കേറ്റ യുവതികളെ പിന്നീട് ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
അപകടം വന്‍ പ്രതിഷേധത്തിന് കാരണമായതോടെ അഞ്ചാം പ്ലാറ്റ്ഫോമിലെ എസ്‌കലേറ്റര്‍ താല്‍ക്കാലികമായി അടച്ചിടാന്‍ റെയില്‍വേ തീരുമാനിച്ചു. ദിവസേന പതിനായിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന റെയില്‍വേ സ്റ്റേഷനിലെ മെയിന്റനന്‍സ് കാര്യക്ഷമമല്ലെന്ന പരാതി ശക്തമാണ്. റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പരിക്കേറ്റ യാത്രക്കാര്‍ വ്യക്തമാക്കി.
പ്ലാറ്റ്ഫോമുകളില്‍ നിന്ന് മുകളിലേക്ക് എത്താന്‍ പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്നത് എസ്‌കലേറ്ററുകളെയാണ്. ഇവ സുരക്ഷിതമല്ലെന്ന വായു വന്നതോടെ യാത്രക്കാര്‍ക്കിടയില്‍ വലിയ ആശങ്കയാണ് പടരുന്നത്. സ്റ്റേഷനിലെ മറ്റ് എസ്‌കലേറ്ററുകളും ലിഫ്റ്റുകളും അടിയന്തരമായി പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മഞ്ജു വാര്യര്‍ കണ്ടെന്ന് പറയുന്ന സന്ദേശങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല; ദിലീപ് അതിജീവിതയ്ക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ നിഷേധിച്ചു എന്ന ആരോപണത്തിനുള്ളത് വാക്കാലുള്ള മൊഴി; മെമ്മറി കാര്‍ഡിന്റെ ഹാഷ് മൂല്യത്തിലുണ്ടായ മാറ്റം തെളിവു മൂല്യം കുറയ്ക്കില്ല; ദിലീപ് രക്ഷപ്പെട്ടത് എന്തുകൊണ്ട്?





