വെമ്പായം ഹാപ്പി ലാന്‍ഡില്‍ റൈഡ് പൊട്ടിവീണു; തമിഴ്നാട് സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ഗുരുതര പരിക്ക്; അവഗണനയുടെയും സുരക്ഷാവീഴ്ചയുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വെമ്പായത്തെ ‘ഹാപ്പി ലാന്‍ഡില്‍’ വന്‍ സുരക്ഷാവീഴ്ചയെത്തുടര്‍ന്ന് റൈഡ് പൊട്ടിവീണ് അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിനോദസഞ്ചാരത്തിനായി തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ നിന്നും എത്തിയ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് അപകടം സംഭവിച്ചത്. മനോരതി (54), മാലിനി (49), റോസ് (16), സീമണി (49), ശ്യാം ഡാനിയേല്‍ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. റൈഡിന്റെ പ്രധാന ഭാഗത്തെ വെല്‍ഡിംഗ് പൊട്ടി താഴേക്ക് പതിച്ചതാണ് ഇത്രയും വലിയൊരു അപകടത്തിന് കാരണമായത്.
പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും, പരിക്കുകള്‍ അതീവ ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിന് പിന്നാലെ പാര്‍ക്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ മനുഷ്യത്വരഹിതമായ സമീപനത്തിനെതിരെ ദൃക്സാക്ഷികളും നാട്ടുകാരും കടുത്ത അമര്‍ഷത്തിലാണ്. പ്രതിദിനം നൂറുകണക്കിന് ആളുകളെത്തുന്ന അമ്യൂസ്മെന്റ് പാര്‍ക്കില്‍ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ഒരു ആംബുലന്‍സ് സൗകര്യം പോലും ഉണ്ടായിരുന്നില്ല.
മാലിന്യ വണ്ടിയില്‍ ആശുപത്രിയിലേക്ക്: അപകടത്തില്‍ ചോരയൊലിപ്പിച്ചു കിടന്ന പരിക്കേറ്റവരെ പാര്‍ക്കിലെ മാലിന്യം കൊണ്ടുപോകുന്ന വാഹനത്തില്‍ ‘മീന്‍ അടുക്കുന്നത് പോലെ’ വാരിയെടുത്താണ് ആശുപത്രിയിലേക്ക് എത്തിച്ചതെന്ന് ദൃക്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രവര്‍ത്തനം നിര്‍ത്തിവെച്ചില്ല: ഇത്രയും വലിയൊരു ദുരന്തം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പാര്‍ക്കിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന ഗുരുതരമായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഹാപ്പി ലാന്‍ഡ് പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റൈഡ് ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബന്ധപ്പെട്ട ഒരു ഉന്നതാധികാരിയും സ്ഥലത്തേക്ക് എത്തിനോക്കാന്‍ പോലും തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഹാപ്പി ലാന്‍ഡില്‍ അപകടങ്ങള്‍ ഇതാദ്യമായല്ല നടക്കുന്നത്. മുന്‍പ് ഇവിടുത്തെ സ്വിമ്മിംഗ് പൂളില്‍ വീണ് ഒരു വിദ്യാര്‍ത്ഥി മുങ്ങിമരിച്ച സംഭവം ഉണ്ടായിരുന്നു. അന്ന് ഉയര്‍ന്ന സുരക്ഷാ ചോദ്യങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് പാര്‍ക്ക് വീണ്ടും ആളുകളുടെ ജീവന്‍ വെച്ച് പന്താടുന്നത്.
നിലവില്‍ അപകടസ്ഥലത്ത് പോലീസ് സംഘം എത്തി വിശദമായ പരിശോധനകള്‍ നടത്തിവരികയാണ്. സുരക്ഷാവീഴ്ച വരുത്തിയ പാര്‍ക്ക് അധികൃതര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.