ന്യൂഡല്‍ഹി : പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹര്‍ജീത് സിംഗ്, ഭാര്യ ജ്യോതി അവസ്തി എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്കും ദേശീയ താല്‍പ്പര്യത്തിനും വിരുദ്ധമായി വിദേശ ഫണ്ട് ഉപയോഗിച്ച് പ്രചാരണം നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നിരിക്കുന്നത്.
ഹര്‍ജീത് സിംഗും ഭാര്യയും ചേര്‍ന്ന് നടത്തുന്ന ‘സതത് സമ്പദ’ എന്ന ജൈവ ഉല്‍പ്പന്ന വിപണന കമ്പനിയിലേക്ക് 5.3 കോടി രൂപ വിദേശത്തുനിന്ന് കണ്‍സള്‍ട്ടന്‍സി ചാര്‍ജ് എന്ന പേരില്‍ എത്തിയതായി ഇ.ഡി ആരോപിക്കുന്നു. കാലാവസ്ഥാ പ്രചാരണ ഗ്രൂപ്പുകളില്‍ നിന്നാണ് ഈ പണം എത്തിയത്. എന്നാല്‍ ഇത് ഇന്ത്യയില്‍ ഫോസില്‍ ഇന്ധന പര്യവേഷണങ്ങള്‍ക്കെതിരെ പ്രചാരണം നടത്താനുള്ള ഒരു മറയാണെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.
ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന ‘ഫോസില്‍ ഫ്യുവല്‍ നോണ്‍-പ്രൊലിഫറേഷന്‍ ട്രീറ്റി’ എന്ന അന്താരാഷ്ട്ര ഉടമ്പടി ഇന്ത്യയില്‍ പ്രചരിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചുവെന്ന് ഇ.ഡി ആരോപിക്കുന്നു. ഇത് ഇന്ത്യയുടെ വികസനത്തെയും ഊര്‍ജ്ജ സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്നും ഇന്ത്യയെ അന്താരാഷ്ട്ര നിയമക്കുരുക്കുകളില്‍ പെടുത്തുമെന്നുമാണ് അധികൃതരുടെ വാദം.
തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പരിധിയില്‍ കൂടുതല്‍ വിദേശ മദ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രാദേശിക പോലീസ് ഹര്‍ജീത് സിംഗിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. കൂടാതെ, ഇദ്ദേഹത്തിന്റെ പാകിസ്ഥാന്‍, ബംഗ്ലാദേശ് യാത്രകളെക്കുറിച്ചും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഹര്‍ജീത് സിംഗും ജ്യോതി അവസ്തിയും അറിയിച്ചു. അധ്വാനിച്ചുണ്ടാക്കിയ പണവും വീട് പണയം വെച്ചെടുത്ത ലോണും ഉപയോഗിച്ചാണ് സ്ഥാപനം തുടങ്ങിയതെന്നും കണ്‍സള്‍ട്ടന്‍സി സേവനങ്ങളിലൂടെയാണ് വരുമാനം നേടുന്നതെന്നും അവര്‍ വ്യക്തമാക്കി.


ത്രിവര്‍ണ്ണ പതാകയുടെ നിറമുള്ള റിബ്ബണ്‍ മുറിക്കില്ല; ഉദ്ഘാടന വേദിയില്‍ നിലപാടുമായി ഒമര്‍ അബ്ദുള്ള; കയ്യടിച്ച് സോഷ്യല്‍ മീഡിയ
പ്രോട്ടോക്കോള്‍ ലംഘിച്ച് സെല്‍ഫി ഭ്രമം; കര്‍ണാടകത്തിന് കടുത്ത അതൃപ്തി; കേരളത്തിന് വലിയ നാണക്കേട്; സതീശന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയിലെ സുരക്ഷാവീഴ്ചയില്‍ കര്‍ണാടക ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്; ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മുന്‍പ് അതൃപ്തി അറിയിച്ചിരുന്നു; ഇനി ഇത് സംഭവിക്കരുത്





