ഇറാന്‍ കരാര്‍ അന്തിമഘട്ടത്തില്‍; ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്; ഗള്‍ഫ് നേതാക്കളുമായും നെതന്യാഹുവുമായും ചര്‍ച്ച നടത്തി

വാഷിങ്ടണ്‍: യുഎസും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ നിര്‍ണായക വഴിത്തിരിവ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ കരാര്‍ ഏറെക്കുറെ പൂര്‍ത്തിയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ലോകത്തെ പ്രധാന വ്യാപാര പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നു നല്‍കുമെന്നും തന്റെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴി ട്രംപ് വെളിപ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ നേതാക്കളുമായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായും നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രംപിന്റെ ഈ പ്രഖ്യാപനം.
യുഎസുമായുള്ള കരാറിന്റെ കരട് ചട്ടക്കൂട് അവസാന ഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം ഇറാനും വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രമാണ് ആദ്യം ഒപ്പുവെക്കുക. ഇതിന് ശേഷം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണ്ണമായ അന്തിമ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തും. ധാരണയുടെ ആദ്യപടിയായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുകയും പകരമായി യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിന്‍വലിക്കുകയും ചെയ്‌തേക്കുമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ടെഹ്‌റാനില്‍ സജീവമായിരുന്നു.
പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറും ഖത്തറില്‍ നിന്നുള്ള പ്രത്യേക നയതന്ത്രസംഘവും വെള്ളിയാഴ്ച ടെഹ്‌റാനിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇവര്‍ മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളും ചര്‍ച്ചകളിലെ പുരോഗതി പരസ്യമാക്കിയത്. ഇറാനുമായുള്ള സമാധാന ധാരണയുടെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ ട്രംപ് മേഖലയിലെ പ്രമുഖ നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി, ജോര്‍ദാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുടെ തലവന്മാരുമായും പാക് സൈനിക മേധാവി അസിം മുനീറുമായും താന്‍ സംസാരിച്ചതായി ട്രംപ് അറിയിച്ചു.
‘ഇറാനുമായുള്ള സമാധാന ധാരണാപത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഗള്‍ഫ് നേതാക്കളുമായുള്ള സംഭാഷണത്തില്‍ ചര്‍ച്ചയായി. ഇറാനും യുഎസും മറ്റു രാജ്യങ്ങളും ഉള്‍പ്പെട്ട കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. അവസാനവട്ട ചര്‍ച്ചകള്‍ കൂടി പൂര്‍ത്തിയായാല്‍ മാത്രമേ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കാനാകൂ. ഇതിനുപുറമെ, ഞാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിബി നെതന്യാഹുവുമായും സംസാരിച്ചു, ആ ചര്‍ച്ചയും വളരെ നന്നായി നടന്നു. കരാറിന്റെ അവസാന ഘട്ടങ്ങളും വിശദാംശങ്ങളും നിലവില്‍ ചര്‍ച്ചയിലാണ്, ഉടന്‍ തന്നെ പ്രഖ്യാപനം ഉണ്ടാകും. കരാറിലെ പല ഘടകങ്ങള്‍ കൂടാതെ, ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കും,’ ട്രംപ് കുറിച്ചു.
ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് കരാറിന്റെ അന്തിമ വിശദാംശങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. വരും ദിവസങ്ങളില്‍ തന്നെ ലോകം കാത്തിരിക്കുന്ന ഈ സമാധാന പ്രഖ്യാപനം ഔദ്യോഗികമായി ഉണ്ടാകുമെന്നാണ് സൂചന.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.