തിരുവനന്തപുരം: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളേജിലെ റാഗിങ്ങിനെത്തുടര്‍ന്ന് ജീവനൊടുക്കിയ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിധിന് രാജിന്റെ കുടുംബത്തിന് സി.പിഎം വീട് നിര്‍മ്മിച്ചു നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ എ.എ റഹീം എം.പി, മന്ത്രി വി. ശിവന്‍കുട്ടി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന നിധിന്റെ വിയോഗത്തില്‍ പാര്‍ട്ടി ആ കുടുംബത്തെ ചേര്‍ത്തുപിടിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
ഏപ്രില്‍ 19-ന് വൈകിട്ട് അഞ്ച് മണിക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വീടിന് തറക്കല്ലിടും. നിധിനെ അടക്കം ചെയ്ത മണ്ണില്‍ തന്നെ വീട് വേണമെന്ന കുടുംബത്തിന്റെ ആഗ്രഹം പരിഗണിച്ച് അവിടെത്തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മിന്നല്‍ വേഗത്തില്‍ ആരംഭിക്കും. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കി വീട് കുടുംബത്തിന് കൈമാറാനാണ് പാര്‍ട്ടിയുടെ തീരുമാനം.
വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് അതിക്രമങ്ങള്‍ക്കെതിരെ മന്ത്രി വി. ശിവന്‍കുട്ടി കടുത്ത ഭാഷയില്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥി സംഘടനകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ക്യാമ്പസുകളില്‍ റാഗിംഗ് പോലുള്ള വിപത്തുകള്‍ ഉണ്ടാകുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
‘വിദ്യാര്‍ത്ഥി സംഘടനകള്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ മാനേജ്മെന്റിന് എന്തും ആകാം എന്ന സ്ഥിതിയാണ്. ഇത്തരം ദാരുണമായ സംഭവങ്ങള്‍ നടക്കുമ്പോഴാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രാധാന്യം നാം തിരിച്ചറിയുന്നത്. മനുഷ്യത്വമില്ലാത്ത നടപടിയാണ് അഞ്ചരക്കണ്ടി മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത്.’ – മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിധിന് നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് വെളിപ്പെടുത്തിയ സഹപാഠികള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള ഭീഷണികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇൻഫർമേഷൻ കമ്മിഷണർ നിയമനം: പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയതിൽ വിവാദം





