ആലപ്പുഴയും കണ്ണൂരും പാര്‍ട്ടിക്ക് വല്ലാത്ത വേരുള്ള സ്ഥലങ്ങളാണ്; ഏതെങ്കിലും വ്യക്തികള്‍ വഴിമാറി നടന്നാല്‍ പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ല; വിട്ടുവീഴ്ചയില്ലാത്ത വികസനം, വര്‍ഗീയതയോട് സന്ധിയില്ല; സുധാകരനെ അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; പിണറായി തിരഞ്ഞെടുപ്പ് നയം പറയുമ്പോള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വ്വതലസ്പര്‍ശിയായ വികസനം ഉറപ്പാക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നിലപാടുകള്‍ മുതല്‍ പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ വരെ മുഖ്യമന്ത്രി അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.
ഞങ്ങള്‍ ഒരു വര്‍ഗീയതയെയും ചാരിനില്‍ക്കുന്നില്ലെന്നും ഒന്നിനെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സ്വഭാവമുള്ള സംഘടന തന്നെയാണ്. വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങള്‍ മുസ്ലിം സമുദായത്തിന് എതിരെയല്ല, മറിച്ച് മുസ്ലിം ലീഗിനെതിരെയുള്ളതാണെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ലീഗിനെ വിമര്‍ശിക്കുന്നതില്‍ താന്‍ മറുപടി പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന നേതാവ് ജി. സുധാകരനെ പാര്‍ട്ടി അവഗണിച്ചിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത തീരുമാനപ്രകാരമുള്ള 75 വയസ്സ് പ്രായപരിധി നിരവധി സഖാക്കള്‍ക്ക് ബാധകമാണ്. അത് ഉള്‍ക്കൊള്ളാന്‍ ചിലര്‍ക്ക് കഴിയുന്നില്ല. സുധാകരന് നല്ല പരിഗണനയാണ് നല്‍കിയത്. ആലപ്പുഴയില്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ അദ്ദേഹത്തിന് പ്രത്യേക മുറി വരെ അനുവദിച്ചിരുന്നു. അദ്ദേഹവുമായി സംസാരിക്കാന്‍ താന്‍ മൂന്ന് തവണ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. സിഎം നാസര്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ല.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്നതാണ് പാര്‍ട്ടിയുടെ നയം. പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയത് എം.വി. ഗോവിന്ദന്റെ ഭാര്യ എന്ന നിലയിലല്ല, മറിച്ച് ഒരു വനിതാ നേതാവ് എന്ന നിലയിലുള്ള അവരുടെ യോഗ്യത കണക്കിലെടുത്താണ്. ഒരാളുടെ ഭാര്യയായതുകൊണ്ട് അവരുടെ അവകാശം നിഷേധിക്കാന്‍ പാടില്ല. മുഹമ്മദ് റിയാസിനും പ്രവര്‍ത്തനത്തിനനുസരിച്ചുള്ള ഉത്തരവാദിത്തങ്ങളാണ് നല്‍കിയിട്ടുള്ളത്. മരുമകന്‍ എന്ന നിലയില്‍ പ്രത്യേക സ്ഥാനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മകള്‍ വീണ വിജയനെതിരെയുള്ള ആരോപണങ്ങള്‍ തന്നെ ലക്ഷ്യം വെച്ചുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശദീകരണം നല്‍കാന്‍ തക്കവണ്ണം ഒന്നുമുള്ള ആരോപണങ്ങളല്ല അവയെന്നും അദ്ദേഹം പ്രതികരിച്ചു. ബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതി ചോദിച്ച കാര്യങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി നല്‍കി. മതപണ്ഡിതരാണ് ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടതെന്ന നിലപാടാണ് കോടതിയില്‍ ആവര്‍ത്തിച്ചത്. ചില നേതാക്കള്‍ക്ക് പാര്‍ലമെന്ററി വ്യാമോഹം വന്നുവെന്നും അവര്‍ പാര്‍ട്ടിയെ വഞ്ചിച്ച് രാഷ്ട്രീയ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്നുവെന്നും കെ.വി. തോമസ് അടക്കമുള്ളവരുടെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു.
കൊടിയേരി ബാലകൃഷ്ണന്‍ ശരീരത്തിന്റെ ഒരു ഭാഗം പോലെയുള്ള സഖാവായിരുന്നു കൊടിയേരി. അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപിയുടെ വിജയം അപ്രതീക്ഷിതമാണ്. കൂടുതല്‍ ജാഗ്രത വേണമെന്ന ഓര്‍മ്മപ്പെടുത്തലാണിത്. ആലപ്പുഴയും കണ്ണൂരും പാര്‍ട്ടിക്ക് വല്ലാത്ത വേരുള്ള സ്ഥലങ്ങളാണിവ. ഏതെങ്കിലും വ്യക്തികള്‍ വഴിമാറി നടന്നാല്‍ പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.