വാഷിങ്ടണ്‍/ബെയ്‌റൂട്ട്: പശ്ചിമേഷ്യയില്‍ മൂന്ന് മാസമായി തുടരുന്ന രക്തരൂക്ഷിതമായ സൈനിക സംഘര്‍ഷങ്ങള്‍ക്ക് താല്‍ക്കാലിക ശമനം നല്‍കിക്കൊണ്ട് ഇസ്രായേലും ലബനനും വെടിനിര്‍ത്തലിന് ധാരണയായി. വാഷിങ്ടണില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന നാലാം വട്ട ഉന്നതതല ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള സായുധസംഘം ആക്രമണങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെക്കുകയും തെക്കന്‍ ലബനനില്‍ നിന്ന് തങ്ങളുടെ പോരാളികളെ പൂര്‍ണ്ണമായി ഒഴിപ്പിക്കുകയും ചെയ്താല്‍ മാത്രമേ വെടിനിര്‍ത്തല്‍ പ്രായോഗികമാകൂ എന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളില്ലാത്ത ഇസ്രായേലും ലബനനും തമ്മില്‍ ഉണ്ടാക്കിയ ഈ കരാര്‍ പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങളില്‍ നിര്‍ണ്ണായകമാണ്. കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും അതിര്‍ത്തികളില്‍ ‘പൈലറ്റ് സോണുകള്‍’ (നിയന്ത്രിത മേഖലകള്‍) രൂപീകരിക്കും. ഈ മേഖലകളുടെ പൂര്‍ണ്ണ നിയന്ത്രണം ലബനന്‍ ഔദ്യോഗിക സൈന്യത്തിന് മാത്രമായിരിക്കും. ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള ഒരു സായുധ സംഘങ്ങള്‍ക്കും ഈ പ്രദേശങ്ങളില്‍ പ്രവേശനമുണ്ടായിരിക്കില്ല. സമഗ്രമായ സമാധാന കരാറിലെത്തുന്നതിനായി ജൂണ്‍ 22-ന് ഇരുവിഭാഗവും വീണ്ടും ചര്‍ച്ച നടത്തും.
നയതന്ത്ര തലത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായെങ്കിലും അതിര്‍ത്തികളില്‍ യുദ്ധക്കൊതി ഒടുങ്ങിയിട്ടില്ല. കരാര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തെക്കന്‍ ലബനനിലെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് വടക്കന്‍ ഇസ്രായേലിലെ സൈനിക താവളങ്ങള്‍ക്ക് നേരെ ഹിസ്ബുള്ളയും ശക്തമായ റോക്കറ്റ് ആക്രമണം നടത്തി. കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരും ഒരു ലബനീസ് സൈനികനും ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇറാനുമായുള്ള യുദ്ധ സാഹചര്യത്തെയും ലബനനിലെ ഹിസ്ബുള്ള വിരുദ്ധ സൈനിക നീക്കത്തെയും രണ്ട് വെവ്വേറെ വിഷയങ്ങളായി കണ്ട് ചര്‍ച്ചകള്‍ നടത്താനാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താല്പര്യപ്പെടുന്നത്. എന്നാല്‍ ഈ രണ്ട് സംഘര്‍ഷങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണെന്ന നിലപാടിലാണ് ഇറാന്‍. ബെയ്‌റൂട്ടിന് നേരെ ഇസ്രായേല്‍ ഇനിയൊരു ആക്രമണം നടത്തിയാല്‍ അത് സമ്പൂര്‍ണ്ണ യുദ്ധത്തിന്റെ പുനരാരംഭത്തിന് കാരണമാകുമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി. മുന്‍പ് ഏപ്രിലില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഇരുവിഭാഗവും ലംഘിച്ച ചരിത്രമുള്ളതിനാല്‍ ഇപ്പോഴത്തെ കരാറിനെയും ആശങ്കയോടെയാണ് ലോകം കാണുന്നത്.
പുതിയ വെടിനിര്‍ത്തല്‍ കരാറിനെതിരെ ഇസ്രായേല്‍ ഭരണകൂടത്തിനുള്ളില്‍ തന്നെ ആഭ്യന്തര കലഹം രൂക്ഷമായി. ഇസ്രായേലിന്റെ തീവ്രവലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വീര്‍ കരാറിനെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. ഈ വെടിനിര്‍ത്തല്‍ ഇസ്രായേല്‍ ചെയ്യുന്ന ‘വലിയ തെറ്റാണെന്ന്’ അദ്ദേഹം പ്രഖ്യാപിച്ചു. ഹിസ്ബുള്ള ലിതാനി നദിക്ക് തെക്കുള്ള തങ്ങളുടെ താവളങ്ങള്‍ ഒഴിഞ്ഞുപോയിട്ടില്ലെന്നും അവരെ തുരത്താന്‍ ലബനന്‍ സൈന്യത്തിന് കഴിയില്ലെന്നും ബെന്‍ ഗ്വീര്‍ ആരോപിച്ചു. ഹിസ്ബുള്ളയെ പൂര്‍ണ്ണമായി തകര്‍ക്കുന്നതിന് പകരം അവരുടെ നിലനില്‍പ്പ് അംഗീകരിച്ചു കൊടുക്കുകയാണ് ഇസ്രായേല്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇസ്രായേലിന്റെ കടുത്ത വ്യോമാക്രമണത്തിന് ഇരയായ തെക്കന്‍ ലബനനിലെ പുരാതന ക്രിസ്ത്യന്‍ നഗരമായ ‘ടയര്‍’ (ഠ്യൃല)ല്‍ നിന്ന് സായുധ സാന്നിധ്യം പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ബുദ്ധിജീവികളും അഭിഭാഷകരും രംഗത്തെത്തി. നഗരത്തെ ‘തുറന്ന നഗരമായി’ പ്രഖ്യാപിക്കണമെന്നും ഹിസ്ബുള്ളയ്ക്ക് പകരം ലബനന്‍ ഔദ്യോഗിക സൈന്യത്തെ അവിടെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ഒപ്പുശേഖരണം നടത്തി. ഹിസ്ബുള്ളയ്ക്ക് ശക്തമായ സ്വാധീനമുള്ള മേഖലയില്‍ ഇത്തരം ഒരു ജനകീയ നീക്കം ഉയര്‍ന്നുവന്നത് ശ്രദ്ധേയമാണ്; എന്നാല്‍ ഇതില്‍ ഒപ്പുവെച്ചവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത സൈബര്‍ ആക്രമണവും ആരംഭിച്ചിട്ടുണ്ട്.
അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നെതന്യാഹു സര്‍ക്കാര്‍ വെടിനിര്‍ത്തലിന് തയ്യാറായതെങ്കിലും ഇസ്രായേലിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇത് വലിയ കൊടുങ്കാറ്റാണ് ഉയര്‍ത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റിനോട് പോലും ചില സമയങ്ങളില്‍ ‘നോ’ പറയാന്‍ ഇസ്രായേല്‍ തയ്യാറാകണമെന്ന ബെന്‍ ഗ്വീറിന്റെ പ്രസ്താവന നെതന്യാഹുവിന് വലിയ തലവേദനയാകും. ഹിസ്ബുള്ളയെ പൂര്‍ണ്ണമായി നിഷ്‌കാസനം ചെയ്യാതെ യുദ്ധം അവസാനിപ്പിക്കുന്നത് വരുംകാലങ്ങളില്‍ വലിയ സുരക്ഷാ ഭീഷണിയാകുമെന്ന ഭയം ഇസ്രായേല്‍ ജനതയ്ക്കുമുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ചര്‍ച്ചയ്ക്കായി മാത്രം ഇറാനെ ജീവനോടെ നിലനിര്‍ത്തുന്നു; രൂക്ഷ വിമര്‍ശനവുമായി ട്രംപ്





