ലണ്ടന്‍: ലോകരാഷ്ട്രീയത്തില്‍ വന്‍ അഴിച്ചുപണികള്‍ക്ക് വഴിമരുന്നിട്ട് ട്രംപ്-സ്റ്റാര്‍മര്‍ പോര് മുറുകുന്നു. ഇറാന് യുദ്ധത്തില്‍ അമേരിക്കയെ പിന്തുണയ്ക്കാത്ത ബ്രിട്ടന് ഉള്‍പ്പെടെയുള്ള നാറ്റോ സഖ്യകക്ഷികളെ ‘ഓഡിറ്റ്’ ചെയ്യാനും സഹായിക്കാത്ത രാജ്യങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഇതോടെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപപ്പെട്ട അറ്റ്ലാന്റിക് സഖ്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിടുകയാണ്.
ഇറാന് യുദ്ധം തങ്ങളുടെ യുദ്ധമല്ലെന്നും സമാധാനം പുനഃസ്ഥാപിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നുമുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നിലപാടാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ബ്രിട്ടനിലെ ഊര്‍ജ്ജവില കൂടുന്നതിന് കാരണം ട്രംപും പുടിനുമാണെന്ന സ്റ്റാര്‍മറുടെ പരസ്യ വിമര്‍ശനം വിള്ളലിന്റെ ആഴം വര്‍ദ്ധിപ്പിച്ചു. ‘സംഘര്‍ഷങ്ങള്‍ കുറയ്ക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്, അത് ആളിക്കത്തിക്കാനല്ല’ എന്ന സ്റ്റാര്‍മറുടെ വാക്കുകള്‍ വാഷിംഗ്ടണിനെ ചൊടിപ്പിച്ചു കഴിഞ്ഞു.
ബ്രിട്ടനിലുള്ള 13 സൈനിക താവളങ്ങളും പതിനായിരത്തോളം വ്യോമസേന ഉദ്യോഗസ്ഥരെയും പിന്‍വലിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇത് ബ്രിട്ടന്റെ സുരക്ഷയെ മാത്രമല്ല, സാമ്പത്തിക വ്യവസ്ഥയെയും ദോഷകരമായി ബാധിക്കും. ഏകദേശം 1.3 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക വിനിമയമാണ് ഈ സൈനിക സാന്നിധ്യം വഴി യുകെയില്‍ നടക്കുന്നത്. യൂറോപ്പില്‍ നിന്ന് ആകെ 80,000 സൈനികരെ പിന്‍വലിക്കാന്‍ ട്രംപ് തുനിഞ്ഞാല്‍ അത് റഷ്യന്‍ അധിനിവേശത്തിന് യൂറോപ്പിനെ എറിഞ്ഞുകൊടുക്കുന്നതിന് തുല്യമാകുമെന്ന് നാറ്റോ കേന്ദ്രങ്ങള്‍ ഭയപ്പെടുന്നു.
ഇറാനും അമേരിക്കയും തമ്മില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇതിനോടകം തന്നെ പാളിത്തുടങ്ങി. ലോകത്തെ എണ്ണക്കപ്പല്‍ പാതയായ ഹെര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇറാന് വന്‍ തുക ‘ടോള്‍’ ചോദിക്കുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇറാന് കരാര്‍ ലംഘിച്ചുവെന്നും ഇത് തങ്ങള്‍ അംഗീകരിച്ച വ്യവസ്ഥയല്ലെന്നും ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. അതേസമയം, കൊല്ലപ്പെട്ടവര്‍ക്ക് ‘രക്തപ്പണം’ നല്‍കാതെ പിന്മാറില്ലെന്ന നിലപാടിലാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി.
അമേരിക്ക നാറ്റോയില്‍ നിന്ന് പിന്മാറാന് വരെ ആലോചിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത ആശങ്കയിലാണ്. അമേരിക്കയുടെ സുരക്ഷാ വാഗ്ദാനങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന തോന്നല്‍ ജര്‍മ്മനി, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ സ്വന്തം നിലയ്ക്ക് പ്രതിരോധം ശക്തിപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നു. ഇത് പുതിയൊരു ആഗോള ശാക്തിക ചേരിയുടെ രൂപീകരണത്തിനാണ് വഴിതെളിക്കുന്നത്. അമേരിക്കന്‍ മേധാവിത്വമുള്ള പഴയ ലോകക്രമം അസ്തമിക്കുകയും പുതിയൊരു ചേരിതിരിവ് ഉടലെടുക്കുകയും ചെയ്യുന്ന നിര്‍ണ്ണായക നിമിഷത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ബഹ്റൈനില്‍ മിസൈല്‍ വര്‍ഷം തുടരുന്നു; കൂറ്റന്‍ ഫ്ലാറ്റില്‍ മിസൈല്‍ പതിച്ചു; ജനവാസ കേന്ദ്രങ്ങള്‍ വിറങ്ങലിച്ചു; ഇറാന് രണ്ടും കല്‍പ്പിച്ചോ?





