തമിഴ്‌നാട്ടിൽ സഖ്യനീക്കങ്ങൾ സജീവം;സർക്കാർ രൂപികരണത്തിന് കോൺഗ്രസ് പിന്തുണ വേണം; കെ.സി വേണുഗോപാലിന് കത്തയച്ച് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണം ഉറപ്പിക്കാനായി കരുനീക്കങ്ങൾ ശക്തമാക്കി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തിൽ, പിന്തുണ തേടി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് വിജയ് കത്തയച്ചു. ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തിന്റെ കണ്ണ് ഇപ്പോൾ ഡൽഹിയിലെ കോൺഗ്രസ് ഹൈക്കമാൻഡിലേക്കാണ്.
നിലവിൽ 107 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. സർക്കാർ രൂപീകരിക്കാൻ വേണ്ടത് 118 സീറ്റുകൾ. തിരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയാണ് വിജയ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഡിഎംകെ സഖ്യത്തിലുള്ള സിപിഎം (2), സിപിഐ (2), വിസികെ (2) എന്നീ പാർട്ടികളുടെ കൂടി പിന്തുണ ലഭിച്ചാൽ വിജയിക്ക് അനായാസം 118 എന്ന മാന്ത്രിക സംഖ്യയിൽ എത്താം.
 ഡിഎംകെ സഖ്യത്തിൽ മത്സരിച്ച പാർട്ടികൾ വിജയിയെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ വഞ്ചനയായി കാണപ്പെടുമെന്ന ഭയമുണ്ടെങ്കിലും, മറ്റൊരു തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ ഈ പാർട്ടികൾ തയ്യാറായേക്കും.
വിജയിയുടെ കത്ത് ലഭിച്ച വിവരം കെ.സി. വേണുഗോപാലുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇന്ന് നടക്കുന്ന യോഗത്തിൽ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി അദ്ദേഹം ചർച്ച നടത്തും. ഹൈക്കമാൻഡിന്റെ തീരുമാനം ഉടൻ വിജയിയെ അറിയിക്കും. ബിജെപി സഖ്യകക്ഷികളായ പിഎംകെ (4 സീറ്റ്), എഎംഎംകെ (1 സീറ്റ്) എന്നിവരെ ഒപ്പം കൂട്ടുന്നതിനേക്കാൾ മതേതര കക്ഷികളെ കൂടെ നിർത്താനാണ് വിജയ് താല്പര്യപ്പെടുന്നത്.
തമിഴ്‌നാട്ടിൽ വീണ്ടും ഒരു തിരഞ്ഞെടുപ്പ് വന്നാൽ ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ മാതൃകയിൽ വിജയ് വൻ ഭൂരിപക്ഷം നേടുമെന്ന ഭയം ഡിഎംകെ-എഐഡിഎംകെ ക്യാമ്പുകൾക്കുണ്ട്. അതിനാൽ, സഖ്യകക്ഷികൾ പുറത്തുനിന്ന് വിജയിയെ പിന്തുണയ്ക്കുന്നതിൽ സ്റ്റാലിൻ എതിർപ്പ് പ്രകടിപ്പിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.സർക്കാർ രൂപീകരണത്തിനുള്ള അനുമതി തേടി വിജയ് ഇതിനോടകം ഗവർണർക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. കോൺഗ്രസ് നിലപാട് അനുകൂലമായാൽ വ്യാഴാഴ്ച തന്നെ ചെന്നൈയിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നേക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.