ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ ദ്രവിഡ പാര്‍ട്ടികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പ് നടത്തി. ആദ്യ അങ്കത്തില്‍ തന്നെ 108 സീറ്റുകള്‍ നേടി വലിയ ഒറ്റകക്ഷിയായതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ വിജയ് ആരംഭിച്ചു. ഭൂരിപക്ഷത്തിന് 10 സീറ്റുകള്‍ കൂടി വേണമെന്നിരിക്കെ, ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കാനാണ് വിജയ്യുടെ നീക്കം.
വലിയ ഒറ്റകക്ഷി എന്ന നിലയില്‍ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് കത്തയച്ചു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ചത്തെ സമയം അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. 234 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. വിജയ്യുടെ പാര്‍ട്ടിക്ക് 108 സീറ്റുകളാണുള്ളത്. ഡിഎംകെ 59 സീറ്റുകളിലും എഐഎഡിഎംകെ 47 സീറ്റുകളിലുമായി ഒതുങ്ങി.
വിജയ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ പല സാധ്യതകളും പങ്കുവെക്കുന്നുണ്ട്. ടിവികെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സഭയില്‍ വിശ്വാസവോട്ട് തേടേണ്ടി വരും. ആ സമയത്ത് ഡിഎംകെ അല്ലെങ്കില്‍ എഐഎഡിഎംകെ അംഗങ്ങള്‍ വിട്ടുനിന്നാല്‍ വിജയ്ക്ക് സുഗമമായി ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കും. ജനവികാരം വിജയ്ക്ക് അനുകൂലമായതിനാല്‍ അദ്ദേഹത്തെ താഴെയിറക്കി മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ ദ്രവിഡ പാര്‍ട്ടികള്‍ തയ്യാറായേക്കില്ലെന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണമായി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ദശാബ്ദങ്ങളായി തമിഴ്നാട് ഭരിച്ച ഡിഎംകെ-എഐഎഡിഎംകെ ദ്വന്ദ്വത്തെയാണ് വിജയ് തകര്‍ത്തത്. ആദ്യമായി വോട്ട് ചെയ്യുന്നവരും യുവജനങ്ങളും സ്ത്രീകളുമാണ് ടിവികെയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. തമിഴ് രാഷ്ട്രീയത്തില്‍ ഇതൊരു വലിയ വിള്ളലാണെന്നും പരമ്പരാഗത പാര്‍ട്ടികള്‍ക്ക് തങ്ങളുടെ ഭാവി ഇനി ഉറപ്പില്ലെന്ന സന്ദേശമാണ് ഈ ഫലം നല്‍കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
വിജയത്തിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ വിജയ് താന്‍ പിന്തുടരുന്ന ആദര്‍ശ നേതാക്കളായ പെരിയാര്‍ ഇ.വി. രാമസാമി, ബി.ആര്‍. അംബേദ്കര്‍, കെ. കാമരാജ്, വേലു നാച്ചിയാര്‍, അഞ്ജലമ്മ തുടങ്ങിയവരുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന എംഎല്‍എമാരുടെ യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതും സഭയിലെ പെരുമാറ്റച്ചട്ടങ്ങളും ചര്‍ച്ചയായി.
ബിജെപി ബംഗാളില്‍ വന്‍ വിജയം നേടുകയും തമിഴ്നാട്ടില്‍ വിജയ് പുതിയ ചരിത്രം കുറിക്കുകയും ചെയ്തതോടെ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടം വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. വിജയ് എങ്ങനെ ഭൂരിപക്ഷം ഒപ്പിക്കുമെന്നത് സംബന്ധിച്ച് ‘ശുഭവാര്‍ത്ത ഉടന്‍ ഉണ്ടാകുമെന്ന്’ ടിവികെ നേതാവ് നഞ്ചില്‍ സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അമേരിക്കന്‍ ഉപരോധക്കോട്ട തകര്‍ത്ത് ഇറാന്റെ ‘ഭീമന്’ കുതിപ്പ്; ഏഷ്യന്‍ വിപണിയിലേക്ക് എണ്ണക്കപ്പല്‍ എത്തി





