വികാരനിർഭരമായ നിമിഷം; 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിൽ തിരിച്ചെത്തി!

കോഴിക്കോട്: നീണ്ട 20 വർഷത്തെ ജയിൽവാസത്തിന് ശേഷം സൗദി അറേബ്യയിൽ നിന്ന് മോചിതനായ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ഒടുവിൽ ജന്മനാട്ടിൽ തിരിച്ചെത്തി. റിയാദിൽ നിന്ന് ബുധനാഴ്ച രാത്രി 11.55-ഓടെ പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഇന്ന് രാവിലെ 7.35-നാണ് അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. റഹീമിനെ നേരിട്ട് കാണാനും സ്വീകരിക്കാനുമായി ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അടങ്ങുന്ന വൻ ജനവലി തന്നെ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. തന്നെ നാട്ടിലെത്തിക്കാൻ സഹായിച്ച ലോകമെമ്പാടുമുള്ള എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി വിമാനമിറങ്ങിയ ശേഷം റഹീം മാധ്യമങ്ങളോട് പ്രതികരിച്ചു. കോടമ്പുഴയിലെ തറവാട്ടു വീട്ടിൽ ഏറെ വികാരാധീനയായി ഉമ്മ ഫാത്തിമ മകനെ കാത്തിരിക്കുകയാണ്.

2006-ൽ സൗദി സ്വദേശിയായ ഭിന്നശേഷിക്കാരനായ ബാലൻ മരണപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. തുടർന്ന് കോടതി വധശിക്ഷയ്ക്ക് വിധിച്ച റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളി സമൂഹം കൈകോർക്കുകയും റെക്കോർഡ് വേഗതയിൽ 34 കോടി രൂപയുടെ ദിയാധനം അഥവാ രക്തപ്പണം സമാഹരിക്കുകയുമായിരുന്നു. ഈ തുക സൗദി കുടുംബത്തിന് കൈമാറിയതോടെയാണ് അദ്ദേഹത്തിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. ഇതിന്റെ തുടർച്ചയായി 2024 ജൂലൈയിൽ സൗദി കോടതി റഹീമിന്റെ വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കിയിരുന്നു.

ജയിൽ ഉദ്യോഗസ്ഥർ തന്നെയാണ് റഹീമിനെ റിയാദ് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പെടെയുള്ള യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിമാനത്തിൽ കയറ്റിവിട്ടത്. റഹീമിന്റെ മോചനത്തിനായി നിയമപോരാട്ടം നടത്തിയ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും അദ്ദേഹത്തിന്റെ കുടുംബവും റഹീമിനൊപ്പം റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്തിരുന്നുവെന്ന് സഹായ സമിതി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നിയമപരമായ എല്ലാ പ്രതിസന്ധികളും മറികടന്ന് റഹീം ഒടുവിൽ സ്വന്തം മണ്ണിൽ തിരിച്ചെത്തിയത് പ്രവാസി മലയാളി കൂട്ടായ്മയുടെ ചരിത്രപരമായ വിജയമായാണ് പൊതുസമൂഹം വിലയിരുത്തുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.