തേജസ്സും ഹരികൃഷ്ണനും; തകർന്നത് രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷകൾ – കൊല്ലത്തെ ഉത്സവ അക്രമങ്ങളുടെ നേർക്കാഴ്ച

കോല്ലം: ഉത്സവപ്പറമ്പുകളിലെ അക്രമസംഭവങ്ങൾ കേരളത്തെയാകെ നടുക്കുമ്പോൾ, കൊല്ലം ജില്ലയിൽ നിന്നുള്ള വാർത്തകൾ അത്യന്തം ഭീതിജനകമാണ്. മുഖത്തലയിലും മരുത്തടിയിലും അരങ്ങേറിയ ദാരുണമായ കൊലപാതകങ്ങൾ ആഘോഷങ്ങളുടെ നിറം കെടുത്തുക മാത്രമല്ല, നാടിന്റെ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുകയും ചെയ്യുന്നു. ലഹരി മാഫിയകളുടെയും ഗുണ്ടാസംഘങ്ങളുടെയും താവളങ്ങളായി ഉത്സവപ്പറമ്പുകൾ മാറുന്ന കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്. കുടുംബത്തിന്റെ തണലായി മാറേണ്ടിയിരുന്ന രണ്ട് കൗമാരക്കാരുടെ ജീവനാണ് ഈ അക്രമ രാഷ്ട്രീയത്തിലും ലഹരിയുടെ ലഹരിയിലും പൊലിഞ്ഞുപോയത്.

മുഖത്തലയിൽ കൊല്ലപ്പെട്ട പത്തൊൻപതുകാരൻ അമ്പാടി എന്ന തേജസ്സ് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. അച്ഛൻ മരിച്ച ശേഷം കഷ്ടപ്പാടുകൾക്കിടയിലും മകനെ പഠിപ്പിച്ചുയർത്തിയ അമ്മയുടെയും സഹോദരിയുടെയും ഏക പ്രതീക്ഷയായിരുന്നു അവൻ. ഉത്സവ ഫ്ലോട്ടിന് മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടിയതിനെ ചോദ്യം ചെയ്‌തതിൽ നിന്നും ഉണ്ടായ നിസ്സാര തർക്കമാണ് വലിയൊരു ക്രൂരതയിൽ കലാശിച്ചത്. തർക്കം ചോദ്യം ചെയ്ത തേജസ്സിനെ മാരകായുധങ്ങളുമായി എത്തിയ സംഘം കുത്തിക്കൊല്ലുകയായിരുന്നു. എന്തിനാണ് ആഘോഷങ്ങൾക്കിടയിലേക്ക് ഇത്തരം ആയുധങ്ങളുമായി ക്രിമിനലുകൾ എത്തുന്നത് എന്ന ചോദ്യം സമൂഹത്തിന് മുന്നിൽ അവശേഷിക്കുന്നു.

സമാനമായ രീതിയിൽ മരുത്തടിയിൽ ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ട പതിനെട്ടുകാരൻ ഹരികൃഷ്ണൻ ഒരു കഠിനാധ്വാനിയായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ അവൻ, ഭിന്നശേഷിക്കാരനായ അച്ഛനെയും തൊഴിലുറപ്പ് ജോലിക്ക് പോകുന്ന അമ്മയെയും സാമ്പത്തികമായി സഹായിക്കാൻ കെട്ടിടം പണിക്ക് വരെ പോകുമായിരുന്നു. പട്ടാളത്തിൽ ചേരണമെന്ന വലിയ സ്വപ്നവുമായി നടന്ന ഹരി, ഉത്സവത്തിനിടെയുണ്ടായ മർദ്ദനമേറ്റ് ദിവസങ്ങളോളം ആശുപത്രിയിൽ മരണത്തോട് മല്ലിട്ട ശേഷമാണ് വിടവാങ്ങിയത്.

കൊല്ലം നഗരം ഗുണ്ടാസംഘങ്ങളുടെ പിടിയിലാണോ എന്ന സംശയം ജനിപ്പിക്കുന്ന സംഭവങ്ങളാണ് അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കരുനാഗപ്പള്ളിയിൽ ഗുണ്ടാതലവനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നതും ഇതിന്റെ തെളിവാണ്. ലഹരിയുടെയും അന്ധമായ പകയുടെയും പേരിൽ നിസ്സാര തർക്കങ്ങളെ കൊലപാതകത്തിലേക്ക് നയിക്കുന്ന യുവതലമുറ വളർന്നുവരുന്നത് നിയമസംവിധാനങ്ങളുടെ വീഴ്ചയാണെന്ന ആക്ഷേപം ശക്തമാണ്. പോലീസ് കൂടുതൽ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കണം എന്നതിന്റെ ഉത്തമ ഉരഹരണങ്ങളാണ് മൂന്ന് കൊലപാതകങ്ങളും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.