ചെന്നൈ: ട്രെയിന്‍ യാത്രയ്ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെടുന്ന യാത്രികർക്ക് ആശ്വാസവുമായി ദക്ഷിണ റെയിൽവേ. ഇനി മുതൽ ഫോൺ നഷ്ടപ്പെട്ടാൽ റെയിൽവേ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുന്നതിന് കാത്തുനിൽക്കാതെ, വണ്ടിയിൽ വെച്ച് തന്നെ പരാതി രജിസ്റ്റർ ചെയ്യാനും ഫോൺ ബ്ലോക്ക് ചെയ്യാനുമുള്ള അത്യാധുനിക സംവിധാനം റെയിൽവേ ഏർപ്പെടുത്തി. റെയിൽവേ സംരക്ഷണ സേനയും കേന്ദ്ര ടെലികോം വകുപ്പും സംയുക്തമായാണ് ഈ ഡിജിറ്റൽ സേവനം ലഭ്യമാക്കുന്നത്.
യാത്രയ്ക്കിടെ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ റെയിൽ മദദ് (Rail Madad) ആപ്പ് വഴിയോ അല്ലെങ്കിൽ 139 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചോ വിവരം റിപ്പോർട്ട് ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ‘സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ’ (CEIR) പോർട്ടൽ വഴി ഡിജിറ്റൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം. പരാതി ലഭിക്കുന്ന മുറയ്ക്ക് ആർ.പി.എഫും മേഖലാ സൈബർ സെല്ലും ചേർന്ന് ഫോൺ ഉടനടി ബ്ലോക്ക് ചെയ്യുകയും കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും.
ഫോണിന്റെ ദുരുപയോഗം തടയുന്നതിനായി രാജ്യത്തെ എല്ലാ ടെലികോം നെറ്റ്വർക്കുകളിലും ഹാൻഡ്സെറ്റിനെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇതിനായി പോലീസ് സ്റ്റേഷനിൽ പോയി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്നതാണ് പ്രധാന പ്രത്യേകത. സഹയാത്രികരുടെ ഫോൺ ഉപയോഗിച്ചോ ട്രെയിനിലുള്ള ടി.ടി.ഇ., ആർ.പി.എഫ്. ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെയോ പരാതി നൽകാവുന്നതാണ്.
ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കുന്നതിന് യാത്രക്കാർ സ്വന്തം ഫോണിന്റെ 15 അക്ക ഐ.എം.ഇ.ഐ. (IMEI) നമ്പർ പ്രത്യേകം കുറിച്ചുവെക്കണമെന്ന് റെയിൽവേ നിർദ്ദേശിച്ചു. ഡയറിയിലോ ക്ലൗഡ് സ്റ്റോറേജിലോ ഈ നമ്പർ സൂക്ഷിക്കുന്നത് ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ ബ്ലോക്ക് ചെയ്യാൻ സഹായിക്കും.


പാന്‍കാര്‍ഡും ആധാറും ലിങ്ക് ചെയ്യേണ്ട സമയപരിധി അവസാനിക്കുന്നു; ഡിസംബര്‍ 31-നകം ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും
പാൻ കാർഡ് നിയമങ്ങള്‍ മാറുന്നു! 20 ലക്ഷത്തിന്റെ വസ്തു വാങ്ങാനും 5 ലക്ഷത്തിന്റെ കാർ വാങ്ങാനും ഇനി പാൻ വേണ്ട; ബാങ്ക് നിക്ഷേപത്തിലും വൻ മാറ്റം; ഏപ്രിൽ 1 മുതൽ ആദായനികുതിയിൽ പുതിയ വിപ്ലവം!





