മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഐപിഎസ് ‘ക്വട്ടേഷന്‍’, ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിടും-ആഞ്ഞടിച്ച് വി.ഡി. സതീശന്‍; അന്താരാഷ്ട്ര മാഫിയയ്ക്ക് 500 കോടിയുടെ കച്ചവടം, വന്‍സ്രാവുകളെ സംരക്ഷിച്ച് ഗോവിന്ദനും സിപിഎമ്മും- ചെന്നിത്തലയും വെളിപ്പെടുത്തലമായി; ശബരിമലയില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (SIT) മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരാണ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടത്തുന്നത്. ഈ ഉദ്യോഗസ്ഥര്‍ പിന്മാറുന്നില്ലെങ്കില്‍ അവരുടെ പേരുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്വര്‍ണ്ണക്കടത്ത് കേസ് ഹൈക്കോടതി ഗൗരവമായി എടുത്തതുകൊണ്ടാണ് അന്വേഷണം ഇത്രയെങ്കിലും മുന്നോട്ടുപോയതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

‘എസ്‌ഐടിയെ സ്വാധീനിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഈ സ്വര്‍ണ്ണക്കൊള്ള ഇപ്പോഴും തടസമില്ലാതെ തുടരുമായിരുന്നു. അന്വേഷണം മന്ദഗതിയിലാണെന്ന ഞങ്ങളുടെ ആരോപണം ഹൈക്കോടതി ശരിവെച്ചതാണ്. എസ്‌ഐടിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്, പക്ഷേ അന്വേഷണം അട്ടിമറിക്കപ്പെട്ടാല്‍ സിബിഐ ആവശ്യപ്പെടാന്‍ മടിക്കില്ല. അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവന്നില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി പോരാടും,’ സതീശന്‍ വ്യക്തമാക്കി.

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. സിപിഎമ്മിനും ബിജെപിക്കും ഇടയിലെ ‘പാമ്പന്‍ പാലമാണ്’ ബ്രിട്ടാസെന്ന് അദ്ദേഹം പരിഹസിച്ചു. ഡല്‍ഹിയില്‍ മുഖ്യമന്ത്രിക്ക് വിധേയത്വം കാണിക്കാനും മോദിയും അമിത് ഷായും പറയുന്നിടത്തൊക്കെ ഒപ്പിടുവിക്കാനും പാലമായി പ്രവര്‍ത്തിക്കുന്നത് ബ്രിട്ടാസാണ്. പ്രധാനമന്ത്രിയും സ്പീക്കറും വിളിക്കുന്ന ചടങ്ങുകളില്‍ മര്യാദയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പങ്കെടുക്കുന്നത്. ആര്‍എസ്എസ് പശ്ചാത്തലമുള്ള ഗവര്‍ണറുടെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

കൂടാതെ, കാമരാജ് കോണ്‍ഗ്രസിനും വിഷ്ണുപുരം ചന്ദ്രശേഖരനും മുന്നില്‍ യുഡിഎഫ് വാതിലുകള്‍ എന്നെന്നേക്കുമായി അടഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. വിഷ്ണുപുരം ചന്ദ്രശേഖരന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെങ്കിലും അത് ഇനി ചര്‍ച്ച ചെയ്യേണ്ടതില്ലാത്ത ഒരു അടഞ്ഞ അധ്യായമാണ്. സീറ്റ് വിഭജനത്തെക്കുറിച്ച് യുഡിഎഫില്‍ നിലവില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്താരാഷ്ട്ര മാഫിയയ്ക്ക് 500 കോടിയുടെ കച്ചവടം; വന്‍സ്രാവുകളെ സംരക്ഷിച്ച് ഗോവിന്ദനും സിപിഎമ്മും; ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍

ആലപ്പുഴ: ശബരിമലയില്‍ നിന്ന് കാണാതായ 30.8 കിലോ സ്വര്‍ണ്ണം അന്താരാഷ്ട്ര ആന്റിക്‌സ് മാര്‍ക്കറ്റില്‍ 500 കോടിയിലധികം രൂപയ്ക്ക് മറിച്ചുവിറ്റതായി രമേശ് ചെന്നിത്തല. വിപണി വിലയില്‍ അന്‍പത് കോടി രൂപ മാത്രം വിലമതിക്കുന്ന സ്വര്‍ണ്ണത്തിന് പുരാവസ്തു മൂല്യം കണക്കിലെടുത്താണ് ഇത്രയും വലിയ തുക ലഭിച്ചതെന്നും ഇതിന് പിന്നില്‍ സുഭാഷ് കപൂറിനെപ്പോലുള്ള കുപ്രസിദ്ധ അന്താരാഷ്ട്ര സ്മഗ്ലര്‍മാര്‍ക്ക് പങ്കുണ്ടാകാമെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

ഹൈക്കോടതി നിരീക്ഷണത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കാലാവധി അവസാനിക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെ, വന്‍സ്രാവുകള്‍ ഇപ്പോഴും പുറത്താണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ‘തൊണ്ടിമുതല്‍ എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചില ജ്വല്ലറികളില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണ്ണം ശബരിമലയിലേത് തന്നെയാണോ എന്നതില്‍ ദുരൂഹതയുണ്ട്. യഥാര്‍ത്ഥ വിവരങ്ങള്‍ നല്‍കിയ സാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയിട്ടും അന്വേഷണം മന്ദഗതിയിലാണ്. അന്വേഷണ സംഘത്തിന് മരവിപ്പ് സംഭവിച്ചുവെന്ന കോടതിയുടെ പരാമര്‍ശം ഗൗരവതരമാണ്,’ അദ്ദേഹം പറഞ്ഞു.

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ കേസില്‍ അറസ്റ്റിലായിട്ടും സിപിഎം അവര്‍ക്കെതിരെ നടപടിയെടുക്കാത്തത് ദുരൂഹമാണെന്ന് ചെന്നിത്തല ആരോപിച്ചു. ‘പ്രതികള്‍ വായ തുറന്നാല്‍ പാര്‍ട്ടിയിലെ പല ഉന്നതരും കുടുങ്ങും. ആ ഭയം കൊണ്ടാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇവര്‍ക്ക് സംരക്ഷണം ഒരുക്കുന്നത്. ഭരണതലത്തിലുള്ള സ്വാധീനം ഉപയോഗിച്ച് കുറ്റവാളികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. എന്തുകൊണ്ടാണ് മുന്‍ ബോര്‍ഡ് അംഗങ്ങളെ അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി തന്നെ ചോദിച്ചിരിക്കുന്നു,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പുരാതന പാത്രങ്ങളും വിളക്കുകളും തൂക്കി വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ തടഞ്ഞ കാര്യം ചെന്നിത്തല അനുസ്മരിച്ചു. അന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ലേലത്തെ ന്യായീകരിച്ചെങ്കിലും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് ആ നീക്കം ഉപേക്ഷിച്ചത്. കാലങ്ങളായി നടക്കുന്ന ഇത്തരം കൊള്ളകളുടെ തുടര്‍ച്ചയാണ് ശബരിമലയിലെ സ്വര്‍ണ്ണ തിരിമറിയെന്നും ഇതിന്റെ പിന്നിലെ അന്താരാഷ്ട്ര ബന്ധങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.