ഐ.പി.എൽ. 2026: ധോനിക്ക് പരിക്ക് ആദ്യ മത്സരങ്ങളിൽ രണ്ടാഴ്ച പുറത്ത് പകരം സഞ്ജു സാംസൺ ഗ്ലൗസണിയും

ചെന്നൈ: ഐ.പി.എൽ. 2026 സീസണിന്റെ ആവേശകരമായ തുടക്കത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരെ നിരാശരാക്കുന്ന വാർത്ത. മുൻ ഇന്ത്യൻ നായകനും ടീമിന്റെ കരുത്തുമായ എം.എസ്. ധോനിക്ക് കാൽവണ്ണയ്‌ക്കേറ്റ പരിക്കിനെത്തുടർന്ന് സീസണിലെ ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും. മാർച്ച് 30-ന് ഗുവാഹട്ടിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ പോരാട്ടം.
പരിക്കിനെത്തുടർന്ന് വിശ്രമം അനുവദിച്ച ധോനി, ഏപ്രിൽ 11-ന് ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിലൂടെയോ ഏപ്രിൽ 14-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള പോരാട്ടത്തിലൂടെയോ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് മാനേജ്‌മെന്റ് നൽകുന്ന സൂചന. ധോനിയുടെ അഭാവത്തിൽ മലയാളി താരം സഞ്ജു സാംസണാകും വിക്കറ്റ് കീപ്പിങ് ചുമതല വഹിക്കുക.
കഴിഞ്ഞ ഡിസംബറിലെ ലേലത്തിന് മുന്നോടിയായി നടന്ന വമ്പൻ ട്രേഡിലൂടെയാണ് സഞ്ജു ചെന്നൈ ടീമിലെത്തിയത്. രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയൽസിന് നൽകി സഞ്ജുവിനെ സ്വന്തമാക്കിയ ചെന്നൈ മാനേജ്‌മെന്റ്, ധോനിയുടെ പിൻഗാമിയായാണ് സഞ്ജുവിനെ കാണുന്നത്. ധോനിയുടെ അഭാവത്തിൽ സഞ്ജുവിന്റെ പ്രകടനം ടീമിന് നിർണ്ണായകമാകും.
കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിലും കളിച്ച ധോനി, 135.17 സ്‌ട്രൈക്ക് റേറ്റിൽ 196 റൺസ് നേടിയിരുന്നു. നായകൻ ഋതുരാജ് ഗെയിക്വാദിന് പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ തവണ ഭൂരിഭാഗം മത്സരങ്ങളിലും ടീമിനെ നയിച്ചത് ധോനിയായിരുന്നു. എന്നാൽ 14 മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രം ജയിച്ച് പോയിന്റ് പട്ടികയിൽ അവസാനക്കാരായാണ് ചെന്നൈ കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. ആ ക്ഷീണം തീർക്കാൻ ഉറച്ചെത്തുന്ന ടീമിന് ധോനിയുടെ പരിക്ക് വലിയ വെല്ലുവിളിയാണ്.
44-ാം വയസ്സിലും കളിക്കളത്തിൽ സജീവമായ ധോനി, ഈ സീസണിൽ മൈതാനത്തിറങ്ങുന്നതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കും. മുൻ മുംബൈ ഇന്ത്യൻസ് താരം പ്രവീൺ താംബെയുടെ റെക്കോർഡാണ് ധോനി മറികടക്കുക. 2020-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ചെന്നൈ സൂപ്പർ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തിൽ ധോനി ഇന്നും ആരാധകരുടെ ആവേശമായി തുടരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.