കേരള ഹൈക്കോടതിക്ക് ആദ്യ അഡീഷണൽ സോളിസിറ്റർ ജനറൽ; അഡ്വ. പി. ശ്രീകുമാർ നിയമിതനായി

additional solicitor general of kerala

കൊച്ചി: കേരള ഹൈക്കോടതിയിലെ ആദ്യത്തെ അഡീഷണൽ സോളിസിറ്റർ ജനറൽ (എ എസ് ജി )യായി മുതിർന്ന അഭിഭാഷകൻ പി ശ്രീകുമാറിനെ നിയമിച്ച് ഉത്തരവായി. ഇന്നലെയാണ് ഇതു സംബന്ധിച്ച വിഞ്ജാപനം രാഷ്ട്രപതി ഭവൻ പുറത്തിറക്കിയത്.ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയാണ് ശ്രീകുമാർ.

കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പ് ചുമതലയായിരിക്കും അഡീഷണൽ സോളിസിറ്റർ ജനറലിന്. ഇദ്ദേഹത്തിന്റെ കീഴിൽ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ(ഡി എസ് ജി )ഉണ്ടായിരിക്കും. ഒ എം ശാലീന ആണ് ഇപ്പോഴത്തെ ഡെപ്യൂട്ടി സോളി സിറ്റർ ജനറൽ.

കേരള ഹൈക്കോടതിയിൽ ഇതുവരെ ഡെപ്യുട്ടി സോളിസിറ്റര്‍ ജനറലാണ് ഉണ്ടായിരുന്നത്. കേരളത്തിൽ ആവശ്യം വരുമ്പോൾ ചെന്നൈയിൽ നിന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ കേസുകൾ നടത്താൻ എത്തിയിരുന്നത്. കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ പി ശ്രീകുമാർ സിവിൽ കേസുകളിലും ക്രിമിനൽ കേസുകളിലും ഒരുപോലെ പ്രാഗൽഭ്യം തെളിയിച്ച ആളാണ്. കേരള ലോക്ഭവന്റെ കേരള ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസിൽ ചുമതല വഹിച്ചിരുന്ന അദ്ദേഹം കേരള ഗവർണറുടെ നിയമോപദേഷ്ടാവ് കൂടിയാണ്.

അഡിഷണൽ സോളിസിറ്റർ ജനറൽ എത്തുന്നതോടെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിന് കൂടുതൽ വേഗത ഉണ്ടാകുമെന്നാണ് കരുതുന്നത്. നേരത്തെ ചെന്നൈയിൽ നിന്നും വരേണ്ടി വരുന്നതിനാൽ പല കേസുകളും മാറ്റിവെക്കപ്പെടുകയായിരുന്നു. അനാവശ്യകാലതാമസമാണ് ഇത് ഉണ്ടാക്കിയിരുന്നത്.

ഹൈക്കോടതി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തന്നെയായിരിക്കും അഡീഷണൽ സോളിസിറ്റർ ജനറലിന്റെ ഓഫീസ്. ഡെപ്യൂട്ടി സോളിസിറ്റർ ജനറലിന്റെ ഓഫീസ് പ്രവർത്തിക്കുന്നതും ഇവിടെ തന്നെയാണ്.

ഹൈക്കോടതിയിലെ കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസിലുകളുടെ നിയന്ത്രണം അഡീഷണൽ സോളിസിറ്റർ ജനറലിനാ യിരിക്കും. ഇന്ത്യയുടെ സോളിസിറ്റർ ജനറലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയിരിക്കും അഡീഷണൽ സോളിസിറ്റർ ജനറൽ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.