ആലപ്പുഴ: കായംകുളം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി യു. പ്രതിഭയ്ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാനായിരുന്ന എ. ഇര്‍ഷാദിനെതിരെയാണ് പോലീസ് നടപടിയെടുത്തത്.
സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തെങ്കിലും, നിയമപരമായി സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളായതിനാല്‍ നടപടികള്‍ ‘പെറ്റി’ കേസിന്റെ സ്വഭാവത്തില്‍ ഒതുങ്ങാനാണ് സാധ്യത. അതുകൊണ്ട് തന്നെ പ്രതി ഒളിവിലൊന്നും പോയില്ല. കേസ് എടുത്ത സാഹചര്യത്തില്‍ പോലീസിന് മുന്നിലെത്തുകയായിരുന്നുവെന്നാണ് സൂചന.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടന്നതായി ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ നല്കിയ നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി സോഷ്യല്‍ മീഡിയ പോസ്റ്റുകളും ദൃശ്യങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കു പുറമെ, തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ കളക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
ചൊവ്വാഴ്ച കായംകുളത്ത് നടന്ന യു.ഡി.എഫ്. കണ്‍വെന്‍ഷനിടെയാണ് മുസ്ലിം ലീഗ് നേതാവ് കൂടിയായ ഇര്‍ഷാദ് വിവാദ പരാമര്‍ശം നടത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവം വിവാദമായതോടെ യു.ഡി.എഫ്. പ്രതിരോധത്തിലായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇര്‍ഷാദിനെ മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും യു.ഡി.എഫ്. ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്.
നിയമപരമായി വലിയ ശിക്ഷാനടപടികളിലേക്ക് കേസ് നീങ്ങാന്‍ സാധ്യതയില്ലെങ്കിലും, തിരഞ്ഞെടുപ്പ് കാലമായതിനാല്‍ വിഷയം സജീവമായി നിലനിര്‍ത്താനാണ് എല്‍.ഡി.എഫ്. നീക്കം. സ്ത്രീവിരുദ്ധത രാഷ്ട്രീയ ആയുധമാക്കുന്നതിലൂടെ മണ്ഡലത്തില്‍ അനുകൂല തരംഗമുണ്ടാക്കാമെന്നാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ.


ശബരിമല പുനഃപരിശോധനാ ഹർജികൾ: സുപ്രീംകോടതിയിൽ അഞ്ചാം ദിവസത്തെ വാദം ഇന്ന്
ടവര്‍ ലൊക്കേഷന്‍ കൊച്ചിയില്‍; പക്ഷേ കുംഭമേള സുന്ദരി ‘അദൃശ്യ’ സങ്കേതത്തില്‍; തോല്ക്കാന് മനസ്സില്ലാതെ മധ്യപ്രദേശ് പോലീസ്; സംരക്ഷിക്കുന്നവര്‍ക്ക് കടുത്ത താക്കീത്; കുംഭമേള വൈറല്‍ താരത്തിന്റെ ആവശ്യത്തില്‍ കേരള പോലീസ് നിയമോപദേശം തേടും; കൊച്ചിയില്‍ നാടകീയ നീക്കങ്ങള്‍





