പാണക്കാട് തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം: പിന്നില്‍ ലഹരി മാഫിയ; പ്രതി വിദേശത്തേക്ക് കടന്നതായി സൂചന

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് റോഷന്‍ വിദേശത്തേക്ക് കടന്നതായി സൂചന. പ്രതിയെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസ് അയയ്ക്കും.

ലഹരി മാഫിയാ തലവനായ ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്ത് മുന്‍പ് കാപ്പ ചുമത്തപ്പെട്ട റോഷന്‍, ആസൂത്രിതമായ നീക്കത്തിലൂടെയാണ് പാണക്കാട് കുടുംബത്തെ ലക്ഷ്യം വെച്ചതെന്ന് പോലീസ് കരുതുന്നു.

പാണക്കാട് കുടുംബാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ റോഷന്‍ മുന്‍പും ശ്രമിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സമാനമായ രീതിയില്‍ പാണക്കാട് സയ്യിദ് ബഷീറലി തങ്ങള്‍ക്കെതിരെയും ഇയാള്‍ സൈബറാക്രമണം നടത്തിയിരുന്നു. വ്യാജ ഐഡികളുണ്ടാക്കി പാണക്കാട് കുടുംബത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത് ഇയാളുടെ രീതിയാണെന്ന് പോലീസ് പറയുന്നു. ഇത്തവണ 15 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും അത് ലഭിക്കാതെ വന്നതോടെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയുമായിരുന്നു.

കൊച്ചി എളമക്കരയില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എ. പിടികൂടിയ കേസിലെ പ്രധാന പ്രതിയാണ് മുഹമ്മദ് റോഷന്‍. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയാ സംഘത്തിന്റെ തലവനായ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെയും പ്രമുഖ വ്യക്തികളെയും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് റോഷന്‍.

പെരിന്തല്‍മണ്ണ നിയോജകമണ്ഡലം മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച കേസിലും പ്രതിയായ റോഷനെ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഇയാള്‍ രാജ്യം വിട്ടതായുള്ള വിവരത്തെത്തുടര്‍ന്ന് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ജനുവരി 31-ന് നടന്ന പണം തട്ടല്‍ ശ്രമത്തിന് പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ‘ഷാനു ഷാനു’ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഇയാള്‍ തങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.