കോഴിക്കോട്: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ എം.കെ. മുനീറിന്റെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുത്ത് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി. കോഴിക്കോട് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിലുണ്ടായിരുന്ന 49 ലക്ഷം രൂപയുടെ കുടിശ്ശികയാണ് പാര്‍ട്ടി നേരിട്ട് അടച്ചുതീര്‍ത്തത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് ഈ തുക കൈമാറിയത്.
മുനീറിന്റെ പിതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ താമസിച്ചിരുന്ന നടക്കാവിലെ ‘ക്രസന്റ് ഹൗസ്’ ജപ്തി ഭീഷണിയിലാണെന്ന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായിരുന്നു. മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം വെറുമൊരു വീടല്ല ക്രസന്റ് ഹൗസ്. പതിറ്റാണ്ടുകളോളം ലീഗിന്റെ ആസ്ഥാനമായി പ്രവര്‍ത്തിച്ച, സി.എച്ചിന്റെ ഓര്‍മ്മകള്‍ ഇരമ്പുന്ന ഈ വീട് ജപ്തി ചെയ്യുന്നത് പാര്‍ട്ടിക്ക് വലിയ രാഷ്ട്രീയ ആഘാതമുണ്ടാക്കുമെന്ന് നേതൃത്വം വിലയിരുത്തി.
ജപ്തി നടപടികള്‍ ബാങ്ക് ആരംഭിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറിനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരായുകയായിരുന്നു. സി.എച്ചിന്റെ കുടുംബത്തെയും വീടിനെയും സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്ന നിലപാടാണ് തങ്ങള്‍ സ്വീകരിച്ചത്.
നേരത്തെ ജാഫര്‍ഖാന്‍ കോളനിയില്‍ മുനീറിന് സ്വന്തമായി വീടുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബാധ്യതകള്‍ കാരണം അത് വില്‍ക്കേണ്ടി വന്നിരുന്നു. അതിനുശേഷമാണ് അദ്ദേഹം കുടുംബവീടായ നടക്കാവിലെ ക്രസന്റ് ഹൗസിലേക്ക് താമസം മാറിയത്. എന്നാല്‍ ബിസിനസ് സംബന്ധമായ തിരിച്ചടികളും മറ്റും കാരണം ഇവിടെയും ബാധ്യതകള്‍ കുമിഞ്ഞുകൂടുകയായിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് സഹകരണ ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങിയത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന ഒരു നേതാവിന്റെ വീട് ജപ്തി ചെയ്യുന്നത് രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കുമെന്ന് ലീഗ് ഭയപ്പെട്ടിരുന്നു. സി.എച്ചിന്റെ മകന് ഇത്തരമൊരു ഗതികേട് വന്നത് പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഫണ്ട് കൈമാറി ബാധ്യതകള്‍ തീര്‍ക്കാന്‍ നേതൃത്വം തീരുമാനിച്ചത്. ഇന്ത്യാവിഷന് ചാനല്‍ ഉടമയായിരുന്നു മുമ്പ് മുനീര്‍.
കേരളത്തെ പിടിച്ചുലച്ച പല വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യാവിഷനായിരുന്നു. പിന്നീട് ആ ചാനല്‍ പൂട്ടിപ്പോയി. ആ ബാധ്യതകളാണ് മുനീറിനെ സാമ്പത്തികമായി തളര്‍ത്തിയത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ് ക്രീം പാര്‍ലര്‍ പെണ്‍വാണിഭം അടക്കം പുറത്തു കൊണ്ടുവന്നത് ചാനലായിരുന്നു. പക്ഷേ വിവാദങ്ങളിലൂടെ പോയ ഇന്ത്യാവിഷന് പ്രതിസന്ധിയാണ് കാലം നല്‍കിയത്. ഇന്ത്യാവിഷനെ നയിച്ച എംവി നികേഷ് കുമാര്‍ പുതിയ ചാനല്‍ തുടങ്ങി. അതായിരുന്നു റിപ്പോര്‍ട്ടര്‍ ടിവി. നികേഷ് മാറിയതോടെയാണ് ഇന്ത്യാവിഷന് തകര്‍ന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഒടുവില്‍ പിണറായി വാദത്തെ തിരുത്തി സഖാക്കള്‍; സിപിഎം തെറ്റ് തിരിച്ചറിഞ്ഞു: ശബരിമല സ്വര്‍ണ്ണക്കൊള്ളയും പിഎം ശ്രീയും തിരിച്ചടിയായെന്ന് സംസ്ഥാന കമ്മിറ്റി; ഇരട്ടത്താപ്പ് വ്യക്തമാക്കി ഭരണ വിരുദ്ധതയിലെ നിഗമനം; പോറ്റിയേ കേറ്റിയേ സ്വര്‍ണ്ണം ചെമ്പായി മാറിയേ…..





