കണ്ണൂര്‍: ‘രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് എന്റെ ആഗ്രഹം’ എന്ന് സുധാകരന്‍ പറയുമ്പോള്‍, അത് ഒരു ആഗ്രഹം മാത്രമല്ല, സതീശനും വേണുഗോപാലിനും നേരെ തൊടുത്തുവിട്ട രാഷ്ട്രീയ മിസൈല്‍ കൂടിയാണ്. കെ.പി.സി.സി അധ്യക്ഷ പദവിയില്‍ നിന്ന് പടിയിറങ്ങിയെങ്കിലും തന്റെ നാവിലെ മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കെ. സുധാകരന്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന് തുറന്നടിച്ച സുധാകരന്‍, കോണ്‍ഗ്രസിലെ പ്രബലരായ വി.ഡി. സതീശനും കെ.സി. വേണുഗോപാലിനും നല്‍കിയത് ഒന്നൊന്നര പണിയാണ്. വെറുമൊരു അഭിപ്രായ പ്രകടനത്തിനപ്പുറം, തന്നെ ഒതുക്കാന്‍ നോക്കിയവര്‍ക്കുള്ള കൃത്യമായ ‘പ്രതികാരക്കഥ’ കൂടിയാണ് ഈ പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യമായി ശുപാര്‍ശ ചെയ്ത സുധാകരന്റെ നീക്കം ഗ്രൂപ്പ് സമവാക്യങ്ങളെ പാടെ തെറ്റിച്ചിരിക്കുകയാണ്. ചെന്നിത്തലയെപ്പോലെ പക്വതയുള്ള, അനുഭവസമ്പന്നനായ ഒരു നേതാവാണ് കേരളം ഭരിക്കേണ്ടതെന്നാണ് സുധാകരന്റെ പക്ഷം. സതീശന്റെയും വേണുഗോപാലിന്റെയും പേരുകള്‍ ചര്‍ച്ചകളില്‍ നിറയുമ്പോഴാണ് ബോംബ് പൊട്ടിച്ചതുപോലെ സുധാകരന്‍ ചെന്നിത്തലയുടെ പേര് വലിച്ചെറിഞ്ഞത്. ഇത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും സംസ്ഥാന നേതൃത്വത്തെയും ഒരേപോലെ വെട്ടിലാക്കി.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മുഖ്യമന്ത്രി കസേരയിലേക്ക് സ്വയം തയ്യാറെടുക്കുന്ന വി.ഡി. സതീശന്റെ മോഹങ്ങള്‍ക്കേറ്റ വലിയ പ്രഹരമാണ് സുധാകരന്റെ ഈ വെളിപ്പെടുത്തല്‍. പാര്‍ട്ടിക്കുള്ളില്‍ സതീശനും സുധാകരനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നേരത്തെ തന്നെ പരസ്യമായ രഹസ്യമാണ്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സുധാകരന് താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും അതിന് തുരങ്കം വെച്ചത് സതീശന്‍-വേണുഗോപാല്‍ സഖ്യമാണെന്ന വിശ്വാസം സുധാകരന്‍ ക്യാമ്പിനുണ്ട്. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടി സുധാകരന്‍ നല്‍കിയിരിക്കുന്നത്.
കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി മുഖ്യമന്ത്രി പദവിയില്‍ കണ്ണ് വെച്ചിരിക്കുന്ന എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും സുധാകരന്റെ നീക്കം വലിയ തിരിച്ചടിയാണ്. ഹൈക്കമാന്‍ഡ് കരുക്കള്‍ നീക്കി മുഖ്യമന്ത്രിയാകാന്‍ വേണുഗോപാല്‍ ശ്രമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ്, കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമുള്ള സുധാകരന്‍ ചെന്നിത്തലയുടെ പേര് ഉറപ്പിച്ചു പറഞ്ഞത്. വേണുഗോപാലിന്റെ ‘ഡല്‍ഹി തന്ത്രങ്ങളെ’ കേരളത്തിന്റെ മണ്ണില്‍ വെച്ച് തന്നെ തടയിടുകയാണ് സുധാകരന്‍ ലക്ഷ്യമിടുന്നത്.
തന്നെ ഒതുക്കാന്‍ നോക്കിയവര്‍ക്കുള്ള സുധാകരന്റെ മധുരപ്രതികാരമാണിതെന്ന് രാഷ്ട്രീയ അണിയറകളില്‍ സംസാരമുണ്ട്. അധ്യക്ഷ പദവി പോയതിന് പിന്നാലെ സുധാകരനെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചിരുന്നു. ഈ നീക്കങ്ങളെ കടപുഴക്കാനാണ് താന്‍ ഇപ്പോഴും കിംഗ് മേക്കറാണെന്ന് സുധാകരന്‍ തെളിയിക്കുന്നത്. ചെന്നിത്തലയെ പിന്തുണയ്ക്കുന്നതിലൂടെ ഒരു വലിയ വിഭാഗം പ്രവര്‍ത്തകരെ തന്റെ കൂടെ നിര്‍ത്താനും സതീശന്‍ വിരുദ്ധ ചേരിയെ ശക്തിപ്പെടുത്താനും സുധാകരന് സാധിക്കും.
മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും താന്‍ സ്ഥാനങ്ങള്‍ക്കായി വഴക്കുണ്ടാക്കില്ലെന്നുമാണ് സതീശന്റെ പ്രതികരണം. കപ്പിനും ചുണ്ടിനും ഇടയില്‍ സ്ഥാനങ്ങള്‍ പോയപ്പോഴും കലഹിച്ചിട്ടില്ലെന്ന് സതീശന്‍ പറയുമ്പോള്‍, അത് സുധാകരനെപ്പോലെയുള്ള ‘കലഹപ്രിയര്‍ക്ക്’ നല്‍കിയ മറുപടിയായും വ്യാഖ്യാനിക്കപ്പെടുന്നു.
തനിക്ക് അനുകൂലമായ കാറ്റ് വീശുന്നത് കണ്ടിട്ടും രമേശ് ചെന്നിത്തല തല്‍ക്കാലം മൗനം പാലിക്കുകയാണ്. ഐ ഗ്രൂപ്പിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ സുധാകരന്റെ ഈ പിന്തുണ വലിയ കരുത്താകും. സതീശനും വേണുഗോപാലും കൈകോര്‍ത്ത് തന്നെ തഴഞ്ഞപ്പോള്‍, സുധാകരന്‍ നീട്ടിയ ഈ കൈ ചെന്നിത്തലയ്ക്ക് രാഷ്ട്രീയ പുനര്‍ജന്മത്തിനുള്ള അവസരമാണ്. സുധാകരന്‍-ചെന്നിത്തല സഖ്യം രൂപപ്പെട്ടാല്‍ അത് കോണ്‍ഗ്രസിലെ പുതിയ പവര്‍ സെന്ററായി മാറും.
മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്ന ഹൈക്കമാന്‍ഡ് നിലപാടിനെ വെല്ലുവിളിക്കുന്നതാണ് സുധാകരന്റെ പ്രസ്താവന. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് എന്ന് പറയുമ്പോഴും, ഗ്രൂപ്പ് പോര് അതിന്റെ അത്യുന്നതങ്ങളില്‍ എത്തിയിരിക്കുകയാണ്. സണ്ണി ജോസഫും സതീശനും ഹൈക്കമാന്‍ഡിന്റെ പേര് പറഞ്ഞ് തടിയൂരുമ്പോള്‍, സുധാകരന്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് വരാനിരിക്കുന്ന വലിയൊരു പൊട്ടിത്തെറിയുടെ സൂചനയാണ്.
തനിക്ക് അര്‍ഹമായ പരിഗണന നല്‍കാത്തവരോടുള്ള അടങ്ങാത്ത കലിപ്പാണ് സുധാകരന്റെ വാക്കുകളില്‍ നിഴലിക്കുന്നത്. പാര്‍ട്ടിക്കായി അടി കൊണ്ടവനും ജയിലില്‍ പോയവനും ചെന്നിത്തലയാണെന്ന് പറയുന്നതിലൂടെ, സതീശനും വേണുഗോപാലിനും അത്രത്തോളം പാരമ്പര്യം അവകാശപ്പെടാനില്ലെന്ന് സുധാകരന്‍ പരോക്ഷമായി കുത്തുന്നു. ഇത് വെറുമൊരു ശുപാര്‍ശയല്ല, മറിച്ച് തന്റെ ശത്രുക്കളുടെ വഴിയില്‍ സുധാകരന്‍ വിതറുന്ന മുള്ളുകളാണ്.
യു.ഡി.എഫ് വരും, സതീശന്‍ വരും എന്ന് കരുതിയിരുന്നവര്‍ക്ക് മുന്നിലേക്കാണ് ചെന്നിത്തലയുടെ പേര് സുധാകരന്‍ വലിച്ചെറിഞ്ഞത്. ഇത് ഔദ്യോഗിക പ്രഖ്യാപനമല്ലെങ്കിലും, പാര്‍ട്ടിയില്‍ വലിയൊരു ചര്‍ച്ചയ്ക്ക് ഇത് വഴിമരുന്നിട്ടു കഴിഞ്ഞു. വോട്ടര്‍മാര്‍ക്ക് മുന്നില്‍ ആരെ ഉയര്‍ത്തിക്കാട്ടണം എന്ന കാര്യത്തില്‍ യു.ഡി.എഫില്‍ ഭിന്നത രൂക്ഷമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഈ പ്രസ്താവന ഇടയാക്കി.
കോണ്‍ഗ്രസിനുള്ളിലെ ഈ കസേരകളി ഇടതുപക്ഷത്തിന് വലിയ ആയുധമായി മാറിയിരിക്കുകയാണ്. അധികാരത്തില്‍ എത്തുന്നതിന് മുന്‍പേ മുഖ്യമന്ത്രിയാകാന്‍ തല്ലുകൂടുന്നവരുടെ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ ചിത്രീകരിക്കാന്‍ സി.പി.എമ്മിന് ഇതിലൂടെ സാധിക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി പരസ്യമായി തമ്മിലടിക്കുന്ന നേതാക്കള്‍ ജനങ്ങളെ എങ്ങനെ സേവിക്കുമെന്ന ചോദ്യം എല്‍.ഡി.എഫ് ഉയര്‍ത്തിക്കഴിഞ്ഞു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഹെല്‍മറ്റ് പരിശോധനയില്‍ ഒരാഴ്ച കൊണ്ട് പോലീസ് പിഴയിട്ടത് 2.5 കോടി; 50,000 പേര് കുടുങ്ങി; പരിശോധന തുടരുമെന്ന് ഡിജിപി റവാഡ ആസാദ് ചന്ദ്രശേഖര്‍!





