തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഭരണത്തുടര്‍ച്ചയെന്ന എല്‍ഡിഎഫ് സ്വപ്നങ്ങള്‍ക്ക് തടയിടാന്‍ യുഡിഎഫ് നേരത്തെ കച്ചമുറുക്കുന്നു. പഴയ രീതി ഉപേക്ഷിച്ച കോണ്‍ഗ്രസ് നേതൃത്വം ഇത്തവണ മാസങ്ങള്‍ക്ക് മുന്‍പേ സ്ഥാനാര്‍ത്ഥികളെയും സഖ്യങ്ങളെയും പ്രഖ്യാപിച്ച് കളം പിടിക്കാനാണ് ലക്ഷ്യമിടുന്നത്. പി.വി. അന്‍വറിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ ഏകദേശ ധാരണയായതോടെ, ഇടതുമുന്നണിയിലെയും എന്‍ഡിഎയിലെയും അതൃപ്തരെ ഒപ്പം കൂട്ടി പിണറായി സര്‍ക്കാരിനെ ഞെട്ടിക്കാനാണ് നീക്കം.
പി.വി. അന്‍വറിന്റെ ഡിഎംകെയെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അസോഷ്യേറ്റ് ഘടകകക്ഷിയായി യുഡിഎഫ് അംഗീകരിച്ചതോടെ അന്‍വര്‍ എവിടെ മത്സരിക്കും എന്ന ചര്‍ച്ചകള്‍ സജീവമായി. നിലമ്പൂര്‍ സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്ത സാഹചര്യത്തില്‍, മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സിറ്റിംഗ് സീറ്റായ ബേപ്പൂരില്‍ അന്‍വര്‍ അങ്കത്തിനിറങ്ങാനാണ് സാധ്യത. ഇതിനു പുറമെ കെ.ടി. ജലീലിന്റെ തവനൂരോ, ലിന്റോ ജോസഫിന്റെ തിരുവമ്പാടിയോ അന്‍വറിനായി പരിഗണനയിലുണ്ട്. റിയാസിനെ നേരിട്ട് വെല്ലുവിളിക്കുന്നതിലൂടെ സംസ്ഥാന ഭരണത്തിനെതിരെയുള്ള പോരാട്ടത്തിന് പുതിയ മുഖം നല്‍കാനാണ് അന്‍വര്‍ ലക്ഷ്യമിടുന്നത്.
കേരള രാഷ്ട്രീയത്തില്‍ ‘മമത സ്റ്റൈല്‍’ പോരാട്ടം തുടരാനാണ് അന്‍വറിന്റെ പ്ലാന്‍. ദേശീയതലത്തില്‍ ‘ഇന്ത്യ’ സഖ്യത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിലൂടെ കോണ്‍ഗ്രസിന് അന്‍വറിനെ സ്വീകരിക്കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കാം എന്നാണ് വിലയിരുത്തല്‍. മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും നേരിട്ട് ഇടപെടാന്‍ കഴിയാത്ത മേഖലകളില്‍ ഇടതുപക്ഷ വോട്ടുകള്‍ ചോര്‍ത്താന്‍ അന്‍വറിനും തൃണമൂലിനും കഴിയുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശീയതലത്തില്‍ തന്നെ വലിയ കാമ്പയിന് നടത്താന്‍ ഈ സഖ്യം വഴിയൊരുക്കും.
കൊടുങ്ങല്ലൂരമ്മയുടെ തിരുമുറ്റത്ത് ചുവടുവെച്ച് സ്പാനിഷ് സുന്ദരി; ഭക്തിലഹരിയില്‍ ആറാടി നിത്യാശ്രീ; വൈറലായി വിദേശി വ്ളോഗറുടെ ഭരണിപ്പകര്‍ച്ചകള്‍
അന്‍വറില്‍ മാത്രം ഒതുങ്ങുന്നതല്ല യുഡിഎഫിന്റെ ഈ വിപുലീകരണ തന്ത്രം. എന്‍ഡിഎ സഖ്യത്തില്‍ അതൃപ്തരായ ബിഡിജെഎസിനെ പാളയത്തിലെത്തിക്കാന്‍ അണിയറയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. തുഷാര്‍ വെള്ളാപ്പള്ളിയുമായി പല തലങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇതിനുപുറമെ, ഇടതുമുന്നണിയില്‍ അവഗണിക്കപ്പെടുന്ന ആര്‍ജെഡിയെയും ഒപ്പം കൂട്ടി അടിത്തറ വിപുലീകരിക്കാനാണ് നീക്കം. ഇതോടെ എന്‍ഡിഎയുടെ വോട്ട് ബാങ്കിലും എല്‍ഡിഎഫിന്റെ പിന്നാക്ക വോട്ട് ബാങ്കിലും ഒരേസമയം വിള്ളലുണ്ടാക്കാന്‍ കഴിയുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു.
പഴയകാലത്തെ സീറ്റ് വിഭജന രീതികള്‍ ഇനി നടക്കില്ലെന്ന കര്‍ശന നിലപാടിലാണ് കെപിസിസി. വിജയസാധ്യത മാത്രമാകും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ഏക മാനദണ്ഡം. ഘടകകക്ഷികള്‍ക്ക് വിജയസാധ്യതയില്ലാത്ത സീറ്റുകള്‍ തിരികെ പിടിച്ചെടുക്കാനും അവിടെ ജനസമ്മതിയുള്ള സ്വതന്ത്രരെയോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയോ നിര്‍ത്താനാണ് ആലോചന. ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ കാഴ്ചവെച്ച വീര്യം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കണമെന്ന് താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
യുഡിഎഫിന്റെ പ്രവര്‍ത്തന ശൈലിയില്‍ തൃപ്തിയില്ലെങ്കില്‍ ആര്‍ക്കും മുന്നണി വിട്ടുപോകാമെന്നും ആരെയും നിര്‍ബന്ധിച്ച് പിടിച്ചുനിര്ത്തില്ലെന്നുമാണ് സതീശന്റെ നിലപാട്. വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ വിമര്‍ശനങ്ങള്‍ക്ക് ‘താല്‍പ്പര്യമില്ലാത്തവര്‍ക്ക് സലാം പറഞ്ഞ് പോകാം’ എന്ന പച്ചയായ മറുപടി നല്‍കിയതിലൂടെ സതീശന് തന്റെ നയം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി ശുദ്ധീകരിക്കുക എന്ന ലക്ഷ്യമാണ് സതീശന് നടപ്പിലാക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നേരത്തെ നിശ്ചയിച്ചത് ഗുണകരമായി എന്ന വിലയിരുത്തലില്‍, നിയമസഭയിലേക്കും നേരത്തെ തന്നെ താഴെത്തട്ടില്‍ ഒരുക്കങ്ങള്‍ തുടങ്ങാനാണ് തീരുമാനം. ഭരണവിരുദ്ധ വികാരം വോട്ടാക്കാന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ ബൂത്ത് തലത്തിലുള്ള പുനഃസംഘടന ഡിസംബറോടെ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പോലീസ് സ്റ്റേഷനു മുന്നിൽ ‘മദ്യപാന സദസ്സ്’; എഎസ്ഐയും 5 സിപിഒമാരും പുറത്ത്! തിരുവനന്തപുരത്ത് പോലീസിന് നാണക്കേട്





