ആലപ്പുഴ: ആറാട്ടുവഴിയിലെ ‘കാര്‍ത്തിക’ വീട്ടില്‍ അടുപ്പ് പുകയുന്നത് മുറ്റത്തെ കുഴല്‍ക്കിണറില്‍ നിന്നുള്ള പ്രകൃതിവാതകത്തില്‍. ആറാട്ടുവഴി സിഖ് ജംഗ്ഷന് സമീപം രമേശന്-രത്നമ്മ ദമ്പതികളുടെ വീട്ടില്‍ കഴിഞ്ഞ 15 വര്‍ഷമായി ഗ്യാസ് സിലിണ്ടറുകള്‍ക്ക് വിശ്രമമാണ്. ഒരു രൂപ പോലും ചെലവില്ലാതെ പ്രകൃതി കനിഞ്ഞുനല്കുന്ന ഇന്ധനമുപയോഗിച്ചാണ് ഇവിടെ പാചകം നടക്കുന്നത്.
ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷവും പാചകവാതക ക്ഷാമവും ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുമ്പോഴും ഈ വീട് ഗ്യാസില്‍ യഥേഷ്ടം പാചകം ചെയ്യുകായണ്. 2011 നവംബര്‍ ഏഴിനാണ് രത്നമ്മയുടെ കുടുംബത്തിന് ഈ അപ്രതീക്ഷിത സൗഭാഗ്യം ലഭിച്ചത്. പുതിയ വീട് പണിത ശേഷം കുടിവെള്ളത്തിനായി 20 മീറ്റര്‍ ആഴത്തില്‍ കുഴല്‍ക്കിണര്‍ കുഴിച്ചതായിരുന്നു ഇവര്‍. എന്നാല്‍ വെള്ളത്തിന് പകരം പൈപ്പിലൂടെ പുറത്തെത്തിയത് വാതകമായിരുന്നു. കിണര്‍ കുഴിച്ച ശേഷം പൈപ്പ് വെല്‍ഡ് ചെയ്യാന്‍ തീ കൊളുത്തിയപ്പോള്‍ ആളിപ്പടരുകയായിരുന്നു. ഒരാഴ്ചയോളം ഈ തീ അണയാതെ നിന്നതോടെയാണ് വീട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചത്.
ഭൂജല വകുപ്പിലെയും വിവിധ എണ്ണക്കമ്പനികളിലെയും വിദഗ്ധരെത്തി നടത്തിയ പരിശോധനയില്‍ ഇത് പാചകത്തിന് ഉപയോഗിക്കാവുന്ന പ്രകൃതിവാതകമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കുഴല്‍ക്കിണറിന് മുകളില്‍ പ്രത്യേക കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മ്മിച്ച് പൈപ്പ് വഴി വാതകം അടുക്കളയിലെത്തിച്ചു. വാതകത്തിന്റെ വരവ് നിയന്ത്രിക്കാന്‍ പൈപ്പില്‍ റെഗുലേറ്ററും സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ഭൂഗര്‍ഭത്തില്‍ പ്രകൃതിവാതകത്തിന്റെ സാന്നിധ്യമുണ്ടെന്നും കിണര്‍ കുഴിച്ചപ്പോള്‍ അത് പുറത്തേക്ക് വന്നതാകാമെന്നുമാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
ശക്തമായ മഴയുള്ള സമയങ്ങളില്‍ വാതകത്തിന്റെ അളവില്‍ നേരിയ കുറവ് അനുഭവപ്പെടാറുണ്ടെങ്കിലും മഴ കുറയുന്നതോടെ പഴയപടി ഗ്യാസ് ലഭിക്കുമെന്ന് രത്നമ്മ പറയുന്നു. എങ്കിലും മുന്‍കരുതലെന്ന നിലയില്‍ ഒരു എല്‍.പി.ജി സിലിണ്ടര്‍ വീട്ടില്‍ വാങ്ങി വെച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് വാങ്ങിയ ആ സിലിണ്ടര്‍ ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്ന് രത്നമ്മ പറയുന്നു. ഇന്ധനവില വര്‍ദ്ധനവും സിലിണ്ടര്‍ ലഭ്യതയിലെ കുറവും സാധാരണക്കാരെ വലയ്ക്കുമ്പോള്‍ പ്രകൃതി നല്കിയ ഈ കനിവില്‍ സ്വയംപര്യാപ്തതയുടെ പാതയിലാണ് ഈ കുടുംബം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


“കയ്യാമം വെച്ച് കോടതിയിൽ എത്തിച്ചിട്ട് ഒരൊറ്റ വർഷം”; ശ്രീകണ്ഠൻ നായരുടെ പരാതിയിൽ അറസ്റ്റിലായ റഷീദ് ചെമ്പന്റെ പോസ്റ്റ് വൈറൽ!





