പെരുമ്പാവൂരില്‍ ‘എല്‍ദോസ്’ ബോംബ്; സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രന്‍; കൈവിടുമെന്ന് ഉറപ്പായതോടെ കടുപ്പിച്ച് എല്‍ദോസ് കുന്നപ്പള്ളി; 

കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കോണ്‍ഗ്രസ് പാളയത്തില്‍ വീണ്ടും കലാപം. സീറ്റ് നിഷേധിച്ചാല്‍ പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി രംഗത്തെത്തി. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ഉടനെയാണ് പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ട് എല്‍ദോസ് തന്റെ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി തന്നോട് നീതികേട് കാണിക്കില്ലെന്നാണ് കരുതുന്നതെന്നും അല്ലാത്തപക്ഷം വോട്ടര്‍മാരെ നേരിട്ട് കാണുമെന്നുമാണ് എല്‍ദോസിന്റെ മുന്നറിയിപ്പ്.
തിങ്കളാഴ്ച വൈകുന്നേരം വരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍തൂക്കം ഉണ്ടായിരുന്ന എല്‍ദോസിന് പെട്ടെന്ന് തിരിച്ചടിയായത് അദ്ദേഹം പ്രതിയായ ലൈംഗികാതിക്രമക്കേസാണ്. മാര്‍ച്ച് 26-ന് ഈ കേസ് കോടതി പരിഗണിക്കാനിരിക്കെ, ഒരു പ്രതിയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. സ്‌ക്രീനിംഗ് കമ്മിറ്റിയിലെ മുതിര്‍ന്ന ദേശീയ നേതാക്കള്‍ എല്‍ദോസിന് ഇളവ് നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തതോടെയാണ് എല്‍ദോസിന്റെ ‘താമരശ്ശേരി വിധി’ എഴുതപ്പെട്ടത്.
എല്‍ദോസിനെ വെട്ടി പകരം മറ്റൊരു നേതാവിനെ പെരുമ്പാവൂരില്‍ ഇറക്കാനാണ് ഐ ഗ്രൂപ്പിലെയും സതീശന്‍ പക്ഷത്തെയും നീക്കം. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പേരുകളും സ്‌ക്രീനിംഗ് കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. എന്നാല്‍, താന്‍ വിട്ടുകൊടുക്കില്ലെന്ന എല്‍ദോസിന്റെ പ്രഖ്യാപനം കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. പെരുമ്പാവൂരിലോ പറവൂരിലോ താന്‍ മത്സരിക്കുമെന്നാണ് എല്‍ദോസ് പറയുന്നത്.
കണ്ണൂരില്‍ സുധാകരനെ അനുനയിപ്പിച്ചത് പോലെ എ.കെ. ആന്റണിയും ചെന്നിത്തലയും പെരുമ്പാവൂരിലും മാജിക് കാണിക്കുമോ എന്നാണ് അണികള്‍ ഉറ്റുനോക്കുന്നത്. അല്ലാത്തപക്ഷം, പെരുമ്പാവൂരില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കാനും അത് ഇടത് മുന്നണിക്ക് ഗുണകരമാകാനും സാധ്യതയുണ്ട്. ലൈംഗികാതിക്രമക്കേസിന്റെ കറ പുരണ്ട എംഎല്‍എയെ മാറ്റണമെന്ന വിഭാഗവും, വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് ആത്മഹത്യാപരമാണെന്ന് പറയുന്ന എല്‍ദോസ് പക്ഷവും തമ്മിലുള്ള പോരാട്ടം പെരുമ്പാവൂരില്‍ കനക്കുകയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.