‘നമ്മുക്ക് നിലയും വിലയുമൊന്നുമില്ല’; ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് കെ. സുധാകരന്‍; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെ അതൃപ്തി പരസ്യമാക്കി സുധാകരന്‍; ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡിനെ മുള്‍മുനയില്‍ നിര്‍ത്തി സുധാകരന്റെ പടയൊരുക്കം; എംപിമാര്‍ക്ക് മത്സര ഇളവ് നല്‍കുമോ?രാഹുലിന്റെ നിലപാട് നിര്‍ണ്ണായകം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമഘട്ടത്തിലേക്ക് കടക്കവെ ഹൈക്കമാന്‍ഡിനെയും സംസ്ഥാന നേതൃത്വത്തെയും ഞെട്ടിച്ച് കെ. സുധാകരന്‍ എം.പി. ഡല്‍ഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സുധാകരന്‍ തന്റെ കടുത്ത അതൃപ്തി പരസ്യമാക്കിയത്. ‘നമ്മുക്ക് നിലയും വിലയുമൊന്നുമില്ല, ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല’ എന്ന സുധാകരന്റെ പരിഹാസം കലര്‍ന്ന വാക്കുകള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയൊരു അഗ്‌നിപര്‍വ്വതം പുകയുന്നതിന്റെ സൂചനയാണ്.
ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സുധാകരനെ കാത്ത് വലിയൊരു മാധ്യമപ്പടയുണ്ടായിരുന്നു. എന്നാല്‍ സാധാരണ എം.പിമാര്‍ ഉപയോഗിക്കുന്ന വിഐപി ഗേറ്റ് ഒഴിവാക്കി മറ്റൊരു ഗേറ്റിലൂടെ വരുമെന്ന് അറിയിച്ച് മാധ്യമങ്ങളെ വഴിതിരിച്ചു വിട്ടു. ഒടുവില്‍ എല്ലാവരെയും വെട്ടിച്ച് വിഐപി ഗേറ്റിലൂടെ തന്നെ പുറത്തുവന്ന അദ്ദേഹം കുടുംബത്തോടൊപ്പം സ്വകാര്യ വാഹനത്തില്‍ വേഗത്തില്‍ മടങ്ങി. അതൃപ്തിയുടെ പുകമറയ്ക്കിടയിലും അദ്ദേഹം ഇന്ന് പാര്‍ലമെന്റിലെത്തുന്നുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായോ മറ്റ് നേതാക്കളുമായോ കൂടിക്കാഴ്ച നടത്തുമോ എന്നതില്‍ സസ്‌പെന്‍സ് തുടരുകയാണ്. കേരളത്തില്‍ എംപിമാര്‍ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഇനിയും ്അനുമതി നല്‍കിയിട്ടില്ല.
തിങ്കളാഴ്ച തന്നെ രാഹുല്‍ ഗാന്ധി സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും ‘ഉറപ്പ് ലഭിക്കാതെ വരില്ല’ എന്ന കടുത്ത നിലപാടിലായിരുന്നു അദ്ദേഹം. ഹൈക്കമാന്‍ഡ് വീണ്ടും നിര്‍ബന്ധിച്ചതോടെയാണ് ചൊവ്വാഴ്ച അദ്ദേഹം തലസ്ഥാനത്തെത്തിയത്. എന്നിട്ടും തന്നെ ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നത് നേതൃത്വത്തോടുള്ള തുറന്ന പോര്‍വിളിയായാണ് രാഷ്ട്രീയ കേരളം കാണുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തന്റെ താല്പര്യങ്ങള്‍ അവഗണിക്കുന്നതിലുള്ള രോഷമാണ് ഈ വാക്കുകള്‍ക്ക് പിന്നിലെന്നാണ് സൂചന. രാഹുല്‍ ഗാന്ധി എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുമെന്നത് പ്രഹേളികയാണ്. തന്നെ ആരും മൈന്‍ഡ് ചെയ്യുന്നില്ലെന്ന് പരിഹസിക്കുന്നതിലൂടെ വലിയൊരു സമ്മര്‍ദ്ദ തന്ത്രമാണ് അദ്ദേഹം പ്രയോഗിക്കുന്നത്. സുധാകരന്റെ ഈ കടുത്ത നിലപാട് അനുനയ ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് കെ.പി.സി.സി നേതൃത്വം. കണ്ണൂരില്‍ ഇപ്പോഴും സുധാകരന് വേണ്ടി ഫ്‌ളക്‌സുകള്‍ ഉയരുന്നുണ്ട്. അടൂര്‍ പ്രകാശ് എംപിയും കോന്നയില്‍ മത്സരിക്കാന്‍ തയ്യാറാണ്. യുഡിഎഫ് കണ്‍വീനറായ അടൂര്‍ പ്രകാശും അതൃപ്തിയിലാണ്. രണ്ടു പേര്‍ക്കും മത്സരിക്കാന്‍ അനുമതി നല്‍കുമെന്നാണ് സൂചന.
ഡല്‍ഹിയില്‍ സുധാകരന്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുമ്പോഴും കണ്ണൂരില്‍ അണികള്‍ ആവേശത്തിലാണ്. സുധാകരന്‍ നിയമസഭയിലേക്ക് മത്സരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ‘കണ്ണൂരിന്റെ കരുത്ത് നിയമസഭയിലേക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അണികളുടെ പ്രചാരണം. നമ്മുക്ക് നിലയും വിലയുമില്ലെന്ന സുധാകരന്റെ പരിഹാസത്തിന് പിന്നാലെ അണികള്‍ തെരുവിലിറങ്ങുന്നത് നേതൃത്വത്തിന് വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നത്. സുധാകരന് പിന്നാലെ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും തന്റെ തട്ടകമായ കോന്നിയില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന പൊതുനിര്‍ദ്ദേശത്തില്‍ അടൂര്‍ പ്രകാശും അസ്വസ്ഥനായിരുന്നു.
എന്നാല്‍ കോന്നി തിരിച്ചുപിടിക്കാന്‍ അടൂര്‍ പ്രകാശിനെപ്പോലൊരു കരുത്തന്‍ തന്നെ വേണമെന്ന പ്രാദേശിക വികാരം ഹൈക്കമാന്‍ഡിനെ പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിക്കുന്നു. രണ്ടു പ്രമുഖ നേതാക്കള്‍ക്കും ഇളവ് നല്‍കുന്നതോടെ മറ്റ് എം.പിമാരും ഇതേ ആവശ്യം ഉന്നയിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സുധാകരന്റെ ‘നിലയും വിലയും’ പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായതോടെ അനുനയ നീക്കങ്ങള്‍ വേഗത്തിലാക്കി. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ സുധാകരന്റെയും അടൂര്‍ പ്രകാശിന്റെയും കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.