പത്തനംതിട്ട: ആറന്മുളയിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ സിപിഎമ്മിന്റെ ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രമായി മന്ത്രി വീണാ ജോര്‍ജ് മാറുന്നു. മുതിര്‍ന്ന നേതാവ് എ. പത്മകുമാറിനെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് പുറത്താക്കിയതോടെ പത്തനംതിട്ട സിപിഎമ്മിലെ കരുത്തയായ വനിതാ നേതാവായി വീണ സ്വയം അടയാളപ്പെടുത്തുകയാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതിയെന്ന ലേബലുള്ള പത്മകുമാറിനെ വോട്ടെടുപ്പിന് മുമ്പ് തന്നെ പുറത്താക്കണമെന്ന് വീണ ഉറച്ച നിലപാടെടുത്തതോടെ പാര്‍ട്ടിക്ക് വഴങ്ങേണ്ടി വന്നു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് ഇത്തവണ മാറിനില്‍ക്കണമെന്ന് വീണയുടെ ഭര്‍ത്താവ് തന്നെ സിപിഎം നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും, മത്സരിക്കുമെന്ന കടുത്ത തീരുമാനത്തില്‍ വീണ ഉറച്ചുനില്‍ക്കുകയായിരുന്നു. മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ തന്റെ വിജയത്തിന് തടസ്സമാകുന്ന പത്മകുമാറിനെ വഴിയില്‍ നിന്ന് നീക്കാനുള്ള കരുനീക്കങ്ങള്‍ വീണ ആരംഭിച്ചു. കൊല്ലം പാര്‍ട്ടി സമ്മേളനത്തില്‍ വീണയെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയപ്പോള്‍ അതിനെ പരസ്യമായി എതിര്‍ത്ത് സമ്മേളനം ബഹിഷ്കരിച്ച പത്മകുമാറിനോടുള്ള രാഷ്ട്രീയമായ പകവീട്ടല്‍ കൂടിയായി ഈ നടപടി.
കൊല്ലത്ത് പത്മകുമാര്‍ ഉയര്‍ത്തിയ വെല്ലുവിളിയെ കാലം കരുതിവെച്ച കണക്കുതീര്ക്കലിലൂടെയാണ് വീണ ഇപ്പോള്‍ നേരിടുന്നത്. ‘ശബരിമല കൊള്ളക്കാരന്’ എന്ന പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിക്കാന്‍ പത്മകുമാറിനെ പുറത്താക്കുക തന്നെ വേണമെന്ന വീണയുടെ വാദത്തിന് മുന്നില്‍ പിണറായി വിജയനും സംസ്ഥാന നേതൃത്വവും പച്ചക്കൊടി കാട്ടി. ഇതോടെ ആറന്മുളയില് വീണയുടെ അധികാരം സര്‍വ്വാധിപത്യത്തിലേക്ക് നീങ്ങുകയാണ്.
എന്നാല്‍, ആറന്മുളയില് ആഴത്തില്‍ വേരുകളുള്ള പത്മകുമാറിനെ ഇത്തരത്തില്‍ വെട്ടിനിരത്തുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക ഒരു വിഭാഗം അണികള്‍ക്കുണ്ട്. പത്മകുമാറിനെ അനുകൂലിക്കുന്നവരുടെ പ്രതിഷേധം അടിയൊഴുക്കുകളായി മാറിയാല്‍ ആറന്മുളയില് വീണയ്ക്ക് ഹാട്രിക് വിജയം ബാലികേറാമലയാകും. കോണ്‍ഗ്രസിനായി അബിന്‍ വര്‍ക്കിയും ബിജെപി നിരയില്‍ കുമ്മനം രാജശേഖരന് അല്ലെങ്കില്‍ എം.ടി. രമേശ് എന്നിവരും എത്തുന്നതോടെ കടുത്ത ത്രികോണ മത്സരമാണ് മണ്ഡലത്തില്‍ നടക്കാന്‍ പോകുന്നത്.
സ്വന്തം ഭര്‍ത്താവിന്റെ താല്പര്യങ്ങളെയും പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാവിന്റെ പടയൊരുക്കത്തെയും ഒരേപോലെ മറികടന്ന് മുന്നേറുന്ന വീണ ജോര്‍ജ്, പത്തനംതിട്ടയിലെ സിപിഎമ്മില്‍ വരുംകാലം തന്റേതാണെന്ന വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. ഈ ‘ഉരുക്കുവനിത’യുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ആറന്മുളയില് വിജയക്കൊടി പാറിക്കുമോ അതോ പാളയത്തിലെ പടയില്‍ വീണ വീഴുമോ എന്നത് മെയ് നാലിന് അറിയാം. ആറന്മുളയില് അതിശക്തനാണ് പത്മകുമാര്‍ എന്ന സിപിഎമ്മുകാരന്. ഇത് അറിയാവുന്ന വീണയാണ് പത്മകുമാറിനെ പാര്‍ട്ടിക്ക് പുറത്താക്കുന്നത്.
സിപിഎമ്മിലെ പത്തനംതിട്ടയിലെ ഏറ്റവും ശക്തനായ നേതാവായിരുന്നു പത്മകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തി. ഈ നേതാവാണ് സിപിഎമ്മിന് പുറത്തേക്ക് പോകുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാർട്ടി വിരുദ്ധ പ്രവർത്തനം ; രണ്ട് എം.എൽ.എമാരെ പുറത്താക്കി തൃണമൂൽ





