വാഷിങ്ടണ്‍/ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയതും ഭയാനകവുമായ തലത്തിലേക്ക്. ഇറാന്റെ സാമ്പത്തിക വിനിമയത്തിന്റെ നട്ടെല്ലും എണ്ണക്കയറ്റുമതിയുടെ ആസ്ഥാനവുമായ ഖാര്‍ഗ് ദ്വീപിനുനേരെ അമേരിക്ക കനത്ത വ്യോമാക്രമണം നടത്തി. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ തന്ത്രപ്രധാന ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ബോംബാക്രമണമെന്നാണ് ഇതിനെ ട്രംപ് വിശേഷിപ്പിച്ചത്. ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുമെന്ന ആശങ്ക ശക്തമായി.
ഇറാന്‍ തീരമായ ബുഷെറില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ പേര്‍ഷ്യന്‍ ഗള്‍ഫിലാണ് ഖാര്‍ഗ് ദ്വീപ് സ്ഥിതിചെയ്യുന്നത്. വെറും എട്ട് കിലോമീറ്റര്‍ നീളമുള്ള ഈ പവിഴപ്പുറ്റ് ദ്വീപ് ഇറാന്റെ സാമ്പത്തിക ഭൂപടത്തില്‍ അതീവ പ്രാധാന്യമുള്ളതാണ്. പ്രതിദിനം 70 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓഫ്ഷോര്‍ ടെര്‍മിനലുകളില്‍ ഒന്നാണിത്. ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ ടാങ്കറുകള്‍ക്ക് അടുക്കാന്‍ സാധിക്കുന്ന പ്രകൃതിദത്തമായ ആഴക്കടല്‍ സൗകര്യം ഖാര്‍ഗ് ദ്വീപിന്റെ പ്രത്യേകതയാണ്. ദ്വീപിലെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെച്ചതെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും, ഇറാന്റെ എണ്ണക്കയറ്റുമതി സ്തംഭിപ്പിക്കുക എന്ന വ്യക്തമായ അജണ്ട ഈ നീക്കത്തിന് പിന്നിലുണ്ട്.
അമേരിക്കയുടെ നീക്കത്തിന് കനത്ത പ്രഹരത്തിലൂടെ മറുപടി നല്‍കുമെന്ന് ഇറാന്‍ സൈനിക വക്താവ് വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് പങ്കാളിത്തമുള്ളതോ സഖ്യകക്ഷികളുടെ നിയന്ത്രണത്തിലുള്ളതോ ആയ എല്ലാ എണ്ണനിലയങ്ങളും ചാരമാക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഹോര്‍മൂസ് കടലിടുക്ക് വഴി കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരം തടസ്സപ്പെട്ടാല്‍ ആക്രമണം റിഫൈനറികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ട്രംപും തിരിച്ചടിച്ചു. ഇതോടെ ലോകത്തെ പ്രധാന എണ്ണക്കപ്പല്‍ പാതയായ ഹോര്‍മൂസ് കടലിടുക്ക് യുദ്ധക്കളമായി മാറാനുള്ള സാധ്യതയേറി.
സൈനിക നീക്കങ്ങള്‍ക്കൊപ്പം ഇറാന്റെ രാഷ്ട്രീയ നേതൃത്വത്തെ തകര്‍ക്കാനുള്ള ചാരനീക്കങ്ങളും അമേരിക്ക സജീവമാക്കി. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 10 മില്യണ്‍ ഡോളര്‍ (ഏകദേശം 92.47 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചു. നേരത്തെയുണ്ടായ ആക്രമണത്തില്‍ മുജ്തബയ്ക്ക് പരിക്കേറ്റതായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വെളിപ്പെടുത്തിയിരുന്നു. ആഭ്യന്തര മന്ത്രിയുള്‍പ്പെടെയുള്ള ഇറാന്റെ മുന്‍നിര നേതാക്കളും അമേരിക്കയുടെ ലക്ഷ്യപ്പട്ടികയിലുണ്ട്.
സംഘര്‍ഷം കത്തുമ്പോഴും ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന നിലപാടാണ് ഇറാന്‍ സ്വീകരിച്ചിരിക്കുന്നത്. 40,000 മെട്രിക് ടണ്ണിലധികം എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍ ‘ശിവാലിക്’ നാവികസേനയുടെ അകമ്പടിയോടെ ഹോര്‍മൂസ് കടലിടുക്ക് കടന്നു. ഇന്ത്യ ഇറാന്റെ വിശ്വസ്ത പങ്കാളിയാണെന്നും ഇന്ത്യന്‍ കപ്പലുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി വ്യക്തമാക്കി. എങ്കിലും ആഗോള ഊര്‍ജ്ജ വിതരണ ശൃംഖലയെ ബാധിക്കുന്ന തരത്തിലേക്ക് യുദ്ധം വ്യാപിച്ചാല്‍ അത് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം രൂക്ഷം! പ്രതിഷേധക്കാര്‍ക്ക് ‘സഹായം ഉടനെത്തും’ എന്ന് ട്രംപ്; ലോകം യുദ്ധഭീതിയില്‍!





