ദില്ലി: രാജ്യത്ത് പാചകവാതക വിതരണത്തിൽ കടുത്ത പ്രതിസന്ധി ഉടലെടുക്കുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തീരുമാനിച്ചു. ക്രൂഡ് ഓയിൽ വില വർദ്ധനയും രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുത്ത് വില ഉയർത്താതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഐഒസി കൺട്രി ഹെഡ് ബി.ബി. പാത്ര വിതരണക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. ഏത് നിമിഷവും വില വർദ്ധന പ്രാബല്യത്തിൽ വന്നേക്കും.
പ്രതിസന്ധി രൂക്ഷമായതോടെ വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഐഒസി നിർത്തിവെച്ചു. ബെംഗളൂരുവിലെ ഹോട്ടലുകളിലും വ്യവസായ സ്ഥാപനങ്ങളിലും വിതരണം തടസ്സപ്പെട്ടതായാണ് റിപ്പോർട്ട്. ഉപഭോക്താക്കൾ മറ്റ് മാർഗങ്ങൾ തേടണമെന്ന് ഐഒസി ചെന്നൈ ഡിവിഷൻ നിർദ്ദേശം നൽകി. നഗരത്തിലെ 35,000-ത്തോളം ഹോട്ടലുകളെയാണ് ഈ തീരുമാനം ബാധിക്കുക. പ്രതിദിനം 22,000 സിലിണ്ടറുകൾ ആവശ്യമുള്ളിടത്ത് പകുതി മാത്രമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. പ്രതിസന്ധി പരിഹരിക്കാൻ കർണാടക ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിയെ കാണും.
കേരളത്തിലും വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതയിൽ കടുത്ത കുറവുണ്ടാകുമെന്ന് എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 19 കിലോഗ്രാം, 47.5 കിലോഗ്രാം സിലിണ്ടറുകൾക്കാണ് പ്രധാനമായും ക്ഷാമം നേരിടുന്നത് ഭാരത് പെട്രോളിയം , എച്ച്പി എന്നീ കമ്പനികളും വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഹോട്ടൽ വ്യവസായത്തെയും അനുബന്ധ മേഖലകളെയും ഈ നീക്കം സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.


അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ മുട്ടുമടക്കില്ല: സമാധാനത്തിന് മൂന്ന് ഉപാധികളുമായി ഇറാൻ; യുദ്ധത്തിന് പിന്നിൽ ഇന്ത്യ ലോകാശക്തിയായി മാറുന്നത് തടയാനുള്ള യുഎസ് നീക്കമെന്നും ആരോപണം
‘എകെ മനസ്സ്’ മാറി; ചെന്നിത്തലയ്ക്ക് ഭാഗ്യം തെളിയുന്നു? വി.ഡി സതീശനും കെ.സി വേണുഗോപാലിനും ആന്റണിയുടെ ‘സീനിയോറിറ്റി’ പൂട്ട്; വി.എം സുധീരനും കൈകോര്‍ത്തു; കോണ്‍ഗ്രസില്‍ അപ്രതീക്ഷിത പൊളിച്ചെഴുത്ത്.



