വാണിജ്യ സിലിണ്ടർ വിലയിൽ വൻ വർധന; 195.50 രൂപ കൂടി, കൊച്ചിയിൽ വില 2000 കടന്നു; ഹോട്ടൽ മേഖല പ്രതിസന്ധിയിൽ

കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും കുത്തനെ കൂട്ടി. ഇന്ന് പ്രാബല്യത്തിൽ വന്ന പുതുക്കിയ നിരക്ക് പ്രകാരം 195.50 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 2092 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് 2113 രൂപയും കോഴിക്കോട്ട് 2214.5 രൂപയുമാണ് ഇന്നത്തെ നിരക്ക്.

കഴിഞ്ഞ മാസം ഏഴിന് 115 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും വൻ വിലവർധനവ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് ബജറ്റ് ദിനത്തിൽ 49 രൂപയും ജനുവരിയിൽ 111 രൂപയും വർധിപ്പിച്ചിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിലവിലെ സംഘർഷാവസ്ഥയാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അതേസമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകളുടെ  വിലയിൽ ഇത്തവണ മാറ്റമില്ല എന്നത് സാധാരണക്കാർക്ക് നേരിയ ആശ്വാസമേകുന്നു. എങ്കിലും മാർച്ച് ഏഴിന് ഗാർഹിക സിലിണ്ടറുകൾക്കും 60 രൂപ വർധിപ്പിച്ചിരുന്നു.

വാണിജ്യ സിലിണ്ടറുകളുടെ വിലക്കയറ്റത്തേക്കാൾ വിതരണത്തിലെ തടസ്സമാണ് തങ്ങളെ തളർത്തുന്നതെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. സിലിണ്ടർ ക്ഷാമം മൂലം കേരളത്തിലെ 50 ശതമാനത്തോളം ഹോട്ടലുകൾ നിലവിൽ അടഞ്ഞുകിടക്കുകയാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ വ്യക്തമാക്കി. “നിലവിലെ സാഹചര്യത്തിൽ വില വർധനവ് അംഗീകരിക്കാം, എന്നാൽ ഹോട്ടലുകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ സിലിണ്ടറുകൾ കൃത്യമായി ലഭ്യമാക്കാൻ സർക്കാർ ഇടപെടണം” – അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ സിലിണ്ടർ വിഹിതം കേന്ദ്രം 20 ശതമാനം കൂടി വർധിപ്പിച്ചിട്ടുണ്ടെങ്കിലും വിതരണ ശൃംഖല പൂർണ്ണതോതിൽ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.