പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിവാദ കരുക്കില്‍ നിന്നും രക്ഷിക്കാന്‍ ഗവര്‍ണര്‍ രംഗത്ത്. കേരളത്തില്‍ സര്‍ക്കാരും ഗവര്‍ണറും രണ്ടു വഴിയിലാണ്. തദ്ദേശത്തിലെ തോല്‍വിയോടെ കേരളത്തില്‍ നിലപാട് പിണറായി സര്‍ക്കാര്‍ മയപ്പെടുത്തി. അപ്പോഴും ഏപ്പോള്‍ വേണമെങ്കിലും ഒരു പൊട്ടിത്തെറിയ്ക്ക് സാധ്യതയുണ്ട്. ഇതിനിടെയാണ് ബീഹാറിലെ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഗവര്‍ണര്‍ നേരിട്ടെത്തുന്നത് ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നത്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഖാബ് (മുഖാവരണം) വലിച്ചു താഴ്ത്തിയ മുസ്ലിം വനിതാ ഡോക്ടര്‍ നുസ്രത് പര്‍വീണ്‍ ജോലി ഉപേക്ഷിക്കുന്നുവെന്ന ചര്‍ച്ചയാണ് വിവാദങ്ങള്‍ക്ക് കാരണം. നിയമനക്കത്ത് കൈപ്പറ്റിയെങ്കിലും അപമാനഭാരം കാരണം ജോലിക്കു ചേരുന്നില്ലെന്ന നിലപാടിലാണ് അവര്‍. ഈ മാസം 20 നു ജോലിയില്‍ ചേരാനാണു നിയമനക്കത്ത് കിട്ടിയത്. നുസ്രതിനെ ആശ്വസിപ്പിച്ചു ജോലിയില്‍ ചേരാന്‍ പ്രേരിപ്പിക്കുകയാണു കുടുംബാംഗങ്ങള്‍ ഇപ്പോള്‍. ഈ വിഷയത്തില്‍ ബീഹാറിലെ ഗവര്‍ണ്ണര്‍ പ്രതികരണവുമായി എത്തുകയാണ്. കേരളത്തില്‍ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലുമായി ദേശീയ ശ്രദ്ധയില്‍ നിറഞ്ഞ ആരീഫ് മുഹമ്മദ് ഖാനാണ് ബീഹാറിലെ ഗവര്‍ണര്‍. കേരളത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് റോഡരികില്‍ കുത്തിയിരുന്ന ആരീഫ് പക്ഷേ ബീഹാറില്‍ പൂര്‍ണ്ണ തൃപ്തനാണ്. ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത സുഹൃത്താണ് നിതീഷ്. ഇതു തന്നെയാണ് നിതീഷിനെ വിവാദത്തില്‍ നിന്നും രക്ഷിക്കാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലിന് കാരണവും.
ഒരു വനിതാ ഡോക്ടറുടെ നഖാബ് (മുഖാവരണം) നീക്കം ചെയ്തതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിയെ പിന്തുണയ്ക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ‘തര്‍ക്കം’ എന്ന വാക്ക് കേള്‍ക്കുന്നത് തന്നെ തന്നെ വേദനിപ്പിക്കുന്നുവെന്നും അച്ഛനും മകളും തമ്മില്‍ എന്ത് തര്ക്കമാണുള്ളതെന്നും ആരിഫ് മുഹമ്മദ് ഖാന് ചോദിക്കുന്നു. പട്നയിലെ ആര്യഭട്ട നോളജ് യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിങ്ങള്‍ ഇതിനെ എന്തിനാണ് ഇങ്ങനെ വലുതാക്കുന്നത്? ആ മനുഷ്യന് (നിതീഷ് കുമാര്‍) വിദ്യാര്‍ത്ഥിനികളെ സ്വന്തം മക്കളായാണ് കാണുന്നത്,’ ഗവര്‍ണര്‍ പറഞ്ഞു. നഖാബ് വിവാദം പോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു ഭരണഘടനാ തലവന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയെ പരസ്യമായി പ്രതിരോധിക്കാന്‍ ഗവര്‍ണര്‍ തയ്യാറായത് ഇവര്‍ തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസമാണ് കാണിക്കുന്നത്. നിതീഷ് കുമാറിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ‘സ്ത്രീവിരുദ്ധ’ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ ഗവര്‍ണറുടെ വാക്കുകള്‍ സഹായിച്ചു.
മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പൊട്ടിത്തെറി; വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് രാജിവെച്ചു
ആരിഫ് മുഹമ്മദ് ഖാനും നിതീഷ് കുമാറും തമ്മിലുള്ള ബന്ധം രാഷ്ട്രീയത്തിനപ്പുറം നീളുന്ന വ്യക്തിപരമായ ബഹുമാനത്തിലും സമാനമായ പ്രത്യയശാസ്ത്ര നിലപാടുകളിലും അധിഷ്ഠിതമാണ്. കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാരുമായി നിരന്തരം പോരടിച്ചിരുന്ന ഗവര്‍ണര്‍, ബിഹാറില്‍ നിതീഷ് കുമാറിന്റെ ഏറ്റവും വലിയ പിന്തുണക്കാരനായി മാറിയത് രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ് കാണുന്നത്. സോഷ്യലിസ്റ്റ് പശ്ചാത്തലത്തില്‍ നിന്ന് വന്ന നിതീഷ് കുമാറും, യുവപ്രായത്തില്‍ തന്നെ കേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാനും ഡല്‍ഹിയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ ദീര്‍ഘകാലമായി സൗഹൃദം പുലര്‍ത്തുന്നവരാണ്. ആരിഫ് മുഹമ്മദ് ഖാന് എന്നും അറിയപ്പെടുന്നത് മുസ്ലീം സമുദായത്തിനുള്ളിലെ പരിഷ്കരണവാദിയായാണ് (പ്രത്യേകിച്ച് ഷാ ബാനു കേസ് മുതല്‍). നിതീഷ് കുമാറാകട്ടെ, ബിഹാറിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും വലിയ പ്രാധാന്യം നല്കുന്ന നേതാവാണ്. നഖാബ് വിവാദത്തില്‍ നിതീഷിനെ പിന്തുണച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞത്, ‘അദ്ദേഹം പെണ്‍കുട്ടികളെ സ്വന്തം മക്കളായാണ് കാണുന്നത്’ എന്നാണ്. നിതീഷിന്റെ സ്ത്രീപക്ഷ നിലപാടുകളോടുള്ള ബഹുമാനമാണ് ഇവിടെ പ്രകടമായത്.
മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റില്‍ ആയുഷ് ഡോക്ടര്‍മാര്‍ക്ക് നിയമന ഉത്തരവ് നല്കുന്ന ചടങ്ങിനിടെയാണ് സംഭവം നടന്നത്. നിയമന ഉത്തരവ് വാങ്ങാന്‍ എത്തിയ ഡോക്ടറുടെ മുഖത്തെ നഖാബ് കണ്ട മുഖ്യമന്ത്രി, ‘ഇതെന്താണ്?’ എന്ന് ചോദിക്കുകയും മുഖപടം നീക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സംഭവത്തില്‍ ഡോക്ടറുടെ കുടുംബത്തിന് നിതീഷ് കുമാറിനോടോ സര്‍ക്കാരിനോടോ പരാതിയില്ലെന്ന് ഗവണ്മെന്റ് തിബ്ബി കോളേജ് പ്രിന്‍സിപ്പല്‍ മഹ്ഫൂസൂര് റഹ്മാന് അറിയിച്ചു. മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും അനാവശ്യമായ വാര്‍ത്താ കവറേജുകളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാനാണ് കുടുംബം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഡോക്ടര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനിടെ അവരുടെ നിഖാബ് ഊരിമാറ്റാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയായിരുന്നു മുഖ്യമന്ത്രി നിതീഷ്. കണ്ണുകള്‍ മാത്രം പുറത്തുകാണുന്ന രീതിയില്‍ മുഖവും ശരീരവും മൂടുന്ന, മതപരമായ വസ്ത്രമാണ് നിഖാബ് എന്ന് അറിയപ്പെടുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷ് കുമാറിനെ തടയാന്‍ ശ്രമിക്കുന്നുതും ദൃശ്യങ്ങളില്‍ വ്യക്തം. മനോനില തകരാറിലായ നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. നിതീഷ് കുമാര്‍ നിഖാബ് ഊരാന്‍ ശ്രമിച്ചത് ജെഡിയു – ബിജെപി സഖ്യത്തിന്റെ സ്ത്രീകളോടുള്ള മനോഭാവമാണെന്ന് ആര്‍ജെഡി വക്താവ് ഇജാസ് അഹമ്മദ് പ്രതികരിക്കുകയും ചെയ്തു. ഈ വിവാദത്തെ തണുപ്പിക്കാനാണ് ആരിഫ് മുഹമ്മദ് ഖാന് ശ്രമിക്കുന്നത്. അതില്‍ ഗവര്‍ണര്‍ വിജയിച്ചുവെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ആരിഫ് മുഹമ്മദ് ഖാനും പിണറായി സര്‍ക്കാരും പോയത് ഏറ്റുമുട്ടല്‍ വഴിയില്‍
ആരിഫ് മുഹമ്മദ് ഖാന് കേരള ഗവര്‍ണറായിരുന്ന കാലയളവില്‍ (2019-2024) പിണറായി വിജയന് സര്‍ക്കാരുമായി നിരന്തരമായ ഏറ്റുമുട്ടലുകളിലും വിവാദങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ഏറ്റവും പ്രധാനപ്പെട്ട തര്‍ക്കം സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ (VC) നിയമനങ്ങളിലായിരുന്നു. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടെന്നും ചാന്‍സലര്‍ എന്ന നിലയിലുള്ള തന്റെ അധികാരം സര്‍ക്കാര്‍ കവരാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഗവര്‍ണര്‍ ഏകപക്ഷീയമായി സിസ തോമസിനെ സാങ്കേതിക സര്‍വകലാശാലാ (KTU) വി.സിയായി നിയമിച്ചത് സര്‍ക്കാരുമായുള്ള പരസ്യപോരിന് കാരണമായി. നിയമസഭ പാസാക്കിയ സര്‍വകലാശാലാ നിയമ ഭേദഗതി ബില്‍, ലോകായുക്ത ബില്‍ എന്നിവയില്‍ ഒപ്പിടാന്‍ അദ്ദേഹം തയ്യാറായില്ല. ‘താനൊരു റബ്ബര്‍ സ്റ്റാമ്പല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഗവര്‍ണര്‍ ബോധപൂര്‍വം ബില്ലുകള്‍ വൈകിപ്പിക്കുന്നു എന്ന് കാണിച്ച് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. ഇപ്പോഴും ഈ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
കരിങ്കൊടി പ്രതിഷേധം: ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. ഇതില്‍ ക്ഷുഭിതനായ അദ്ദേഹം കാറില്‍ നിന്നിറങ്ങി പ്രവര്‍ത്തകരെ ക്രിമിനലുകള്‍ എന്ന് വിളിച്ചത് വാര്‍ത്തയായിരുന്നു. റോഡിലെ കുത്തിയിരിപ്പ്: കൊല്ലം ജില്ലയിലെ നിലമേലില്‍ വെച്ച് നടന്ന എസ്.എഫ്.ഐ പ്രതിഷേധത്തിനിടയില്‍ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി റോഡരികിലെ ചായക്കടയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാതെ അവിടെനിന്ന് മാറില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി പ്രസംഗത്തിലെ അവസാന ഖണ്ഡിക മാത്രം വായിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം സഭ വിട്ടത് വലിയ ഭരണഘടനാ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. 2024 ഡിസംബര്‍ 24-ന് അദ്ദേഹത്തെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു. സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് ഔദ്യോഗികമായ യാത്രയയപ്പ് നല്‍കിയിരുന്നില്ല.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇനി അറസ്റ്റിലാകാനുള്ളത് അഞ്ചു പേര്! ശബരിമല സ്വര്‍ണ്ണവാതില്‍ നിര്‍മ്മാണം: നടന് ജയറാമിനെതിരെ ക്രൈംബ്രാഞ്ച്; മൊഴികളില്‍ വൈരുദ്ധ്യം; അന്വേഷണം ഊര്‍ജിതം; നടനെ വീണ്ടും ചോദ്യം ചെയ്യും





