തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രതികാര ബുദ്ധിയോടെ ഒഴിവാക്കിയ ഡോ. സിസാ തോമസ് സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റത് ദിവസങ്ങള്‍ക്ക് മുമ്പാണ്. മുഖ്യമന്ത്രിയും ഗവര്‍ണറും നടത്തിയ ചര്‍ച്ചയിലാണ് സിസാ തോമസിന്റെ നിയമനത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. ചുമതലയേറ്റതില്‍ വലിയ സന്തോഷം തോന്നുന്നുവെന്നും പാഴായതിനെ കുറിച്ച് ഓര്‍ക്കേണ്ടതില്ല എന്ന ചിന്താ ഗതിയാണ് ഉള്ളതെന്നും സിസാ തോമസ് പ്രതികരിക്കുകയും ചെയ്തു. സ്വീകരണത്തില്‍ സന്തോഷം. സര്‍ക്കാരുമായി സഹകരിച്ച് മുമ്പോട്ട് പോകും. ആരോപണങ്ങളില്‍ വിഷമം തോന്നുന്നു. മിനുട്‌സ് മോഷ്ടിച്ചു എന്ന് വരെ ആരോപണം വന്നു. മിനുട്ട്‌സ് താന്‍ എടുത്തോണ്ട് പോയിട്ടില്ല. അത്തരം പ്രസ്താവനകളില്‍ വിഷമം ഉണ്ട്. എന്തിനാണ് മോഷ്ട്ടാവായി ചിത്രീകരിക്കുന്നത് എന്നും സിസ തോമസ്‌ചോദിച്ചിരുന്നു.
ഒരു ഭരണസ്തംഭനവും ഉണ്ടായിട്ടില്ലെന്നും പഴയ കാര്യം എല്ലാം കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു. മുന്നോട്ട് പോയാല്‍ മതിയെന്നും അപാകതകള്‍ എല്ലാം പരിഹരിച്ച് പോവുമെന്നുമായിരുന്നു പ്രതികരണം. സിസ തോമസ് എന്ന വ്യക്തിയല്ല വലുതെന്നും കെടിയു എന്ന സ്ഥാപനമാണ് വലുതെന്നും അവര്‍ പറഞ്ഞു. ആരിഫ് മുഹമ്മദ്ഖാന്‍ ഗവര്‍ണറായിരിക്കേ സിസാ തോമസിനെ താത്ക്കാലിക വിസിയായി നിയമിച്ചിരുന്നു. ഇത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് എത്തി. സിസാ തോമസിനെ ശത്രുവായി ഇടതുപക്ഷം പ്രഖ്യാപിച്ചു. ആര്‍ എസ് എസുകാരിയാണ് എന്നു പോലും സൈബര്‍ സഖാക്കള്‍ സിസാ തോമസിനെ വിളിച്ചു. പക്ഷേ അവര്‍ രാഷ്ട്രീയമുള്ള വ്യക്തിയല്ല. സ്ഥാനമാനങ്ങള്‍ക്ക് പിറകേയും പോയിട്ടില്ല. ഇതാണ് മുന്‍ മന്ത്രി കൂടിയായ ഷിബു ബേബിജോണ്‍ പറഞ്ഞു വയ്ക്കുന്നത്. ഷിബുവിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് വിവാദങ്ങളുണ്ടാക്കിയവര്‍ക്കുള്ള മറുപടി കൂടിയാണ്.
ഷിബു ബേബി ജോണിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് ചുവടെ
ഇത് എന്റെ സുഹൃത്ത് ജോണ്‍ തരകനും ഭാര്യ സിസ തോമസും. എന്റെ സഹപാഠിയും ചവറ തേവലക്കര സ്വദേശിയുമായ ജോണ്‍ തരകന്‍ ഐഎസ്ആര്‍ഒയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്. സിസ തോമസ് ഏറെ വിവാദങ്ങള്‍ക്ക് ഒടുവില്‍ കെടിയു വൈസ് ചാന്‍സിലര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
ഇവര്‍ക്ക് പ്രത്യക്ഷ രാഷ്ട്രീയമൊന്നും ഇല്ലായെങ്കിലും പരമ്പരാഗതമായി കോണ്‍ഗ്രസ് കുടുംബം എന്നു വേണമെങ്കില്‍ പറയാം. തിരുവനന്തപുരത്തെ സിസയുടെ കുടുംബവും സിഎം സ്റ്റീഫനുമായും പിസി അലക്‌സാണ്ടറുമായും ബന്ധമുള്ള കോണ്‍ഗ്രസ് അനുഭാവി കുടുംബം. ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് നടത്തിയ നാടകത്തിന്റെ ഇരയായി മാറിയത് ഈ കുടുംബമാണ്.
വിസിയുടെ താല്‍ക്കാലിക ചുമതല ഏറ്റെടുക്കാന്‍ സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന നിലയിലും സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ എന്ന നിലയിലും ഗവര്‍ണര്‍ ആവശ്യപ്പെട്ടപ്പോള്‍ അനുസരിച്ചു എന്നതിന്റെ പേരില്‍ സിപിഎം അനുഭാവ സര്‍വീസ് സംഘടനകളും എസ്എഫ്‌ഐയും ചേര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് വേട്ടയാടി, ബിജെപികാരെന്ന് ചാപ്പ കുത്തി. ഈ നാടകത്തിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രി എസ്എഫ്‌ഐക്കാരെ മാത്രമല്ല സംസ്ഥാനത്തെ ആകെ കബളിപ്പിക്കുകയും ഒരു കുടുംബത്തെ മാനസികമായി ഇല്ലായ്മ ചെയ്യുകയും ചെയ്തു.
ഒരിക്കലും ലൈംലൈറ്റില്‍ വരാന്‍ നില്‍ക്കാതെ സ്വന്തം തൊഴില്‍ നിശബ്ദവും ആത്മാര്‍ത്ഥവുമായി ചെയ്തു പോകുന്നവരായിരുന്നു ഇവര്‍. കോളേജ് ഗ്രൂപ്പില്‍ പോലും മുഖ്യധാരയില്‍ വരാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെയുള്ള സിസയെയാണ് ഗവര്‍ണര്‍ പറഞ്ഞത് കേള്‍ക്കേണ്ടി വന്നു എന്നതിന്റെ പേരില്‍ തെരുവിലേക്ക് വലിച്ചിഴച്ചത്. റിട്ടയേഡ് ആയപ്പോള്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും മുന്‍വൈരാഗ്യത്തിന്റെ പേരില്‍ തടഞ്ഞുവച്ചു. അക്കാലത്ത് ആ കുടുംബം അനുഭവിച്ച മനോവ്യഥ നേരിട്ടറിയുന്നയാളാണ് ഞാന്‍. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരുമായുള്ള നാടകത്തിന്റെ പേരില്‍ ഒരു സ്ത്രീയെ വ്യക്തിപരമായി അപമാനിക്കുകയും ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ബിജെപിക്കാരിയെന്ന് സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തിട്ട് ഒടുവില്‍ എന്തുകിട്ടി?
പണ്ട് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളര്‍ന്നതു പോലെ ഇന്ന് തങ്ങള്‍ക്ക് അനഭിമതരായവരെ എല്ലാം ഗവര്‍ണറുമായി ചേര്‍ന്ന് നാടകം കളിച്ച് ‘ബിജെപിക്കാര്‍ ആക്കി ‘ തീര്‍ക്കുകയാണ് സിപിഎം. കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ചേര്‍ത്ത് പിടിക്കേണ്ട മുഖ്യമന്ത്രി പിണറായി വിജയനാണ്
ഒരു സാധാരണ കുടുംബത്തെ ഇത്രയേറെ വേട്ടയാടിയതിന്റെ ഏക ഉത്തരവാദി.
ആരാണ് സിസാ തോമസ്?
ഡോ. സിസ തോമസ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശസ്തയായ വ്യക്തിത്വവും നിലവില്‍ എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വിസിയുമാണ്. സാങ്കേതിക വിദ്യാഭ്യാസ കാര്യാലയത്തില്‍ ഉന്നത ഉദ്യോഗസ്ഥയായി അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീയറിംഗ് കോളേജില്‍ പ്രധാനാധ്യാപികയായും സി.ഇ.ടിയില്‍ അധ്യാപികയായും അവര്‍ പ്രവര്‍ത്തിച്ചു. തലസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയത്.
ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് ഉന്നത ഗവേഷണ ബിരുദം സ്വന്തമാക്കി. വിവരസാങ്കേതിക വിദ്യയിലെ സുരക്ഷാ സംവിധാനങ്ങളിലും കൃത്രിമബുദ്ധിയിലും അവര്‍ക്ക് ആഴത്തിലുള്ള അറിവുണ്ട്. നേരത്തെ ഗവര്‍ണര്‍ ഇവരെ സര്‍വകലാശാലയുടെ താല്‍ക്കാലിക ചുമതല ഏല്‍പ്പിച്ചത് ഭരണതലത്തിലും നിയമരംഗത്തും വലിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഭരണകൂടത്തിന്റെ വിയോജിപ്പ് കാരണം അക്കാലയളവില്‍ അവര്‍ക്ക് കടുത്ത വെല്ലുവിളികള്‍ അതിജീവിക്കേണ്ടി വന്നു.
നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം ഭരണത്തലവനും ഗവര്‍ണറും തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം അവസാനത്തോടെ അവര്‍ സര്‍വകലാശാലയുടെ സ്ഥിരം മേധാവിയായി നിയമിതയായത്. താല്‍ക്കാലിക ചുമതല വഹിച്ചതുമായി ബന്ധപ്പെട്ട് മുടങ്ങിപ്പോയ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനായി അവര്‍ക്ക് രാജ്യത്തെ പരമോന്നത നീതിപീഠത്തെ വരെ സമീപിക്കേണ്ടി വന്നിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കഴക്കൂട്ടത്ത് ഡ്യൂട്ടി സമയത്ത് കാറിലിരുന്ന മദ്യപിച്ച ആറ് പോലീസുകാര്‍ക്ക് സസ്പെന്ഷന്; നല്ല നടപ്പ് പരിശീലനത്തിനായി തൃശ്ശൂരിലെ പൊലീസ് അക്കാദമിയിലേക്ക് അയക്കും
ഡി മണിയെ കുറ്റവിമുക്തനാക്കിയിട്ടില്ല; ശബരിമല സ്വര്‍ണക്കൊള്ള: പ്രവാസി വ്യവസായിയെ വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്; തന്ത്രിക്ക് പിന്നാലെ ആരും അഴിക്കുള്ളിലാകാം





