ഒരു പ്രമുഖ നടന്റെ മകനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ ഉന്നതതല ഇടപെടല്‍ നടന്നു; നീതിക്കായി എട്ടു വര്‍ഷത്തെ കണ്ണീര്‍; മിഷേല്‍ ഷാജിയുടെ മാതാപിതാക്കള്‍ പ്രതിപക്ഷ നേതാവിനെ കണ്ടു; മിഷേല്‍ ഷാജിയെ കൊലപ്പെടുത്തിയത് പവര്‍ ഗ്രൂപ്പോ?

തിരുവനന്തപുരം: എട്ടു വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മകള്‍ മിഷേല്‍ ഷാജിക്ക് നീതി തേടി മാതാപിതാക്കള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ സമീപിച്ചു. കൊലപാതകമെന്ന് തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്ന കേസ് അട്ടിമറിക്കാന്‍ ഉന്നത പവര്‍ ഗ്രൂപ്പുകളും പോലീസും ഒത്തുകളിച്ചതായി മാതാപിതാക്കളായ ഷാജി വര്‍ഗീസും സൈലമ്മ ഷാജിയും പരാതിയില്‍ ആരോപിക്കുന്നു.
ഒരു പ്രമുഖ നടന്റെ മകനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ ഉന്നതതല ഇടപെടല്‍ നടന്നതായും പോലീസ് അന്വേഷണം അട്ടിമറിച്ചതായും മാതാപിതാക്കള്‍ പറയുന്നു. അന്വേഷണത്തില്‍ തുടക്കം മുതല്‍ വീഴ്ച പറ്റി. മകളുടെ മൊബൈല്‍ ഫോണ്‍, വാച്ച്, ബാഗ് തുടങ്ങിയവ കണ്ടെത്താന്‍ കഴിഞ്ഞില്ല. കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റാന്‍ ഗോശ്രീ പാലത്തില്‍ നിന്ന് ചാടിയെന്ന കള്ളക്കഥ ഉണ്ടാക്കിയതായും പോലീസ് സ്ഥിരം കുറ്റവാളിയായ ഒരാളെ കള്ളസാക്ഷിയാക്കിയതായും ഇവര്‍ ആരോപിക്കുന്നു. നിലവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം തുടരന്വേഷണം നടക്കുകയാണ്. ഇനിയെങ്കിലും സത്യസന്ധമായ അന്വേഷണം ഉറപ്പാക്കാന്‍ പ്രതിപക്ഷ നേതാവ് ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മിഷേലിന്റെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 8 വര്‍ഷവും ചരമ വാര്‍ഷിക ദിനത്തില്‍ പ്രതിഷേധ യോഗം 8ന് നടക്കുന്നുണ്ട്.
2017 മാര്‍ച്ച് 5 ന് വൈകുന്നേരം കലൂര്‍ പള്ളിയില്‍ നിന്നും കാണാതായ മിഷേലിനെ പിറ്റേന്ന് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ ലോക്കല്‍ പൊലീസ് വീഴ്ച വരുത്തിയതു മൂലം നിയമസഭയില്‍ അനൂപ് ജേക്കബ് എംഎല്‍എ ആവശ്യപ്പെട്ട പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. എന്നാല്‍ 8 വര്‍ഷമായിട്ടും കേസില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വരണമെന്നുമാണ് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസും കുടുംബവും ആവശ്യപ്പെടുന്നത്. മിഷേലിന്റെ ദുരൂഹ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തിയെങ്കില്‍ മാത്രമേ യഥാര്‍ത്ഥ വസ്തുത പുറത്തു വരികയുള്ളൂവെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് സഭയും.
പ്രതിപക്ഷ നേതാവിന് നല്‍കിയ കത്തിലെ ആരോപണങ്ങള്‍ ചുവടെ
മിഷേലിന്റെ കൊലപാതകത്തിന് ഉത്തരവാദി നടന്റെ രണ്ടാമത്തെ മകനാണെന്ന് പിറവത്തെ ജനങ്ങള്‍ വിശ്വസിക്കുന്നുവെന്നും തങ്ങളുടെ അന്വേഷണത്തിലും അക്കാര്യം ബോധ്യപ്പെട്ടതായും മാതാപിതാക്കള്‍ പറയുന്നു. മകനെ രക്ഷിക്കാന്‍ ഉന്നത പവര്‍ ഗ്രൂപ്പുകളെ സമീപിച്ചതായും ഇവര്‍ ആരോപിക്കുന്നു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി.ഐ അനന്തലാല്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി, ഫോറന്‍സിക് സര്‍ജന്‍ ഡോ. മീന കെ.എസ്. എന്നിവര്‍ ചേര്‍ന്ന് കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
പിറവം മുന്‍ നഗരസഭാ അദ്ധ്യക്ഷനും നടന്റെ സുഹൃത്തുമായ സാബു കെ. ജേക്കബ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി സംശയിക്കുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെയും നടന്റേയും മകന്റെയും രാഷ്ട്രീയ നേതാവായ സാബു കെ. ജേക്കബ്ബിന്റെയും 2017 മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്ന് മാതാപിതാക്കള്‍ അവകാശപ്പെടുന്നു.
കലൂര്‍ പള്ളിയില്‍ നിന്ന് മിഷേല്‍ പുറത്തിറങ്ങുമ്പോള്‍ രണ്ട് യുവാക്കള്‍ പിന്തുടരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെങ്കിലും അവരെ പിടികൂടാന്‍ പോലീസ് തയ്യാറായില്ല. മിഷേലിന്റെ മൊബൈല്‍ ഫോണ്‍, വാച്ച്, മോതിരം, ബാഗ്, ഷോള്‍, ഷൂസ് എന്നിവ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോ. മീന ബോധപൂര്‍വ്വം മരണസമയം രേഖപ്പെടുത്തിയില്ലെന്നും പരാതിയില്‍ പറയുന്നു.
അമല്‍ എന്ന സ്ഥിരം കുറ്റവാളിയെ കള്ളസാക്ഷിയാക്കി ഗോശ്രീ പാലത്തില്‍ നിന്നും ചാടിയെന്ന കള്ളക്കഥ പോലീസ് ഉണ്ടാക്കിയതാണെന്നും ഇവര്‍ ആരോപിക്കുന്നു. മൂന്ന് തവണ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കാണുകയും നവകേരള സദസ്സ് വഴി പരാതി നല്‍കുകയും ചെയ്തിട്ടും ഫലമുണ്ടായില്ലെന്ന് മാതാപിതാക്കള്‍ പരിഭവിച്ചു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതല്ലാതെ പ്രതികളെ പിടികൂടാന്‍ ശ്രമമുണ്ടായില്ല.
2017-ല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ശേഷം നടന്റെ മകനെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് നടപടികളുണ്ടായില്ലെന്നും ഇവര്‍ കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.നിലവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം തുടരന്വേഷണം നടക്കുകയാണ്. ഈ അന്വേഷണത്തിലെങ്കിലും വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ പ്രതിപക്ഷ നേതാവ് ഇടപെടണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.