പാലക്കാട്: പി.കെ. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ.കെ. നാരായണൻകുട്ടി നടത്തിയ സ്ത്രീവിരുദ്ധ പരാമർശം സിപിഎമ്മിനെ വെട്ടിലാക്കുന്നു. “തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് ഇനി ഏരിയ കമ്മിറ്റി ഓഫീസിൽ കയറാം” എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. പി.കെ. ശശി ഓഫീസിൽ ഉണ്ടായിരുന്ന കാലത്ത് സ്ത്രീകൾക്ക് അവിടേക്ക് വരാൻ ഭയമായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിച്ച ഏരിയ സെക്രട്ടറി, അറിഞ്ഞോ അറിയാതെയോ സ്ത്രീകളെ അപമാനിച്ചുവെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
നാരായണൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ തന്നെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും കാലം പാർട്ടി ഓഫീസിൽ വരികയും പ്രവർത്തിക്കുകയും ചെയ്ത വനിതാ സഖാക്കളെ മുഴുവൻ ആക്ഷേപിക്കുന്നതിന് തുല്യമാണ് ഈ വാക്കുകളെന്ന് അവർ ആരോപിക്കുന്നു. ശശിയുടെ കാലത്ത് ഓഫീസിൽ വന്നിരുന്ന സ്ത്രീകൾ ആരും ‘തറവാട്ടിൽ പിറന്നവരല്ലേ’ എന്ന ചോദ്യമാണ് അവർ ഉയർത്തുന്നത്. നേതാക്കളുടെ ഇത്തരം പ്രതികരണങ്ങൾ പാർട്ടിയുടെ അന്തസ്സിന് നിരക്കാത്തതാണെന്നും അവർ കുറ്റപ്പെടുത്തി.
പി.കെ. ശശിയുടെ സാന്നിധ്യം മൂലം സ്ത്രീകൾക്ക് പാർട്ടി ഓഫീസിൽ വരാൻ ഭയമായിരുന്നു എന്ന വെളിപ്പെടുത്തൽ സിപിഎമ്മിനുള്ളിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. ഇത്രയും സ്ത്രീവിരുദ്ധമായ പെരുമാറ്റമുണ്ടായിട്ടും എങ്ങനെയാണ് പതിറ്റാണ്ടുകളോളം അദ്ദേഹത്തെ സംസ്ഥാന നേതാവായും കെ.ടി.ഡി.സി ചെയർമാനായും പാർട്ടി സംരക്ഷിച്ചതെന്ന വിമർശനവും ശക്തമാണ്. ഏരിയ സെക്രട്ടറിയുടെ പരാമർശത്തിൽ പാർട്ടി ജില്ലാ നേതൃത്വം വിശദീകരണം തേടിയേക്കുമെന്നാണ് സൂചന.
കരമന-കളിയിക്കാവിള റോഡിലെ ബ്ലാക്ക് സ്പോട്ടുകളിൽ ഉടൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മിഷൻ


മലപ്പുറം ചോദ്യങ്ങളില്‍ പൊട്ടിത്തെറിച്ച് വെള്ളാപ്പളളി; റിപ്പോര്‍ട്ടര്‍ ടിവിയുടെ മൈക്ക് തളളിമാറ്റി, മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി





