കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സിഎടി) ഉത്തരവ് എഡിജിപി എം.ആര്‍. അജിത് കുമാറിന് തുണയാകുന്നു. എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്നുള്ള അജിത് കുമാറിന്റെ മാറ്റം അനിവാര്യമാക്കുന്നതാണ് ട്രിബ്യൂണല്‍ വിധി. ഇതോടെ വിവാദങ്ങളെത്തുടര്‍ന്ന് പോലീസ് ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട അജിത് കുമാറിന് ക്രമസമാധാന ചുമതലയിലേക്കോ പോലീസ് ആസ്ഥാനത്തെ പ്രധാന തസ്തികയിലേക്കോ മടങ്ങിവരാന്‍ കളമൊരുങ്ങി.
എക്‌സൈസ് കമ്മീഷണര്‍ പദവി ഒരു ഐഎഎസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രിബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് കുമാറിനെ ഈ സ്ഥാനത്ത് നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന നിരീക്ഷണം വന്നതോടെ അദ്ദേഹത്തെ ഉടന്‍ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. നിലവില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ പലതിലും ക്ലിയറന്‍സ് ലഭിച്ച സാഹചര്യത്തില്‍ അജിത് കുമാറിനെ വീണ്ടും പോലീസ് സേനയുടെ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ സര്‍ക്കാരിന് മുന്നിലുള്ള തടസ്സങ്ങള്‍ നീങ്ങുകയാണ്.
തൃശൂര്‍ പൂരം കലക്കലും പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലുകളും സൃഷ്ടിച്ച രാഷ്ട്രീയ കൊടുങ്കാറ്റിനെത്തുടര്‍ന്നാണ് അജിത് കുമാറിനെ എഡിജിപി (ക്രമസമാധാനം) സ്ഥാനത്തുനിന്നും മാറ്റി എക്‌സൈസില്‍ നിയമിച്ചത്. എന്നാല്‍ സിഎടി ഉത്തരവ് വന്നതോടെ ഈ ‘ശിക്ഷാ നടപടി’ സാങ്കേതികമായി റദ്ദാക്കപ്പെടും. എക്‌സൈസില്‍ നിന്ന് മാറുന്ന അജിത് കുമാറിന് പോലീസില്‍ തന്നെ അര്‍ഹമായ നിയമനം നല്‍കേണ്ടി വരും. പോലീസ് ആസ്ഥാനത്തെ പ്രധാനപ്പെട്ട ഏതെങ്കിലും എഡിജിപി പദവിയിലേക്ക് അദ്ദേഹം മടങ്ങിയെത്താനാണ് സാധ്യത.
ഐഎഎസ് അസോസിയേഷന്റെ ഹര്‍ജിയില്‍ ബി. അശോകിന്റെ സ്ഥലംമാറ്റം റദ്ദാക്കിയ വിധി സര്‍ക്കാരിന് ഭരണപരമായി തിരിച്ചടിയാണെങ്കിലും, അജിത് കുമാറിനെ പോലീസിലേക്ക് തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന കേന്ദ്രങ്ങള്‍ക്ക് ഇത് ഒരു ‘സുവര്‍ണ്ണാവസര’മായി മാറും. ഐഎഎസ് കേഡര്‍ തസ്തികകളില്‍ കേഡര്‍ ഇതര ഉദ്യോഗസ്ഥരെ നിയമിക്കരുതെന്ന ഉത്തരവ് നടപ്പിലാക്കുമ്പോള്‍ എക്‌സൈസിന് പുറമെ കില, ഐഎംജി തുടങ്ങിയ സ്ഥാപനങ്ങളിലും മാറ്റങ്ങളുണ്ടാകും. അജിത് കുമാറിന് പുതിയ നിയമനം നല്‍കുന്നതിനൊപ്പം സംസ്ഥാനത്തെ ഉന്നത പോലീസ്-ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ വരുംദിവസങ്ങളില്‍ വലിയ അഴിച്ചുപണിക്ക് ഈ വിധി കാരണമാകും.
കേരളാ പോലീസ് സേനയില്‍ അടുത്തകാലത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥനുണ്ടാകില്ല. എഡിജിപി എം.ആര്‍. അജിത് കുമാര്‍ എന്ന 1995 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇന്ന് കേരള രാഷ്ട്രീയത്തിലെയും പോലീസ് ആസ്ഥാനത്തെയും കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഒടുവില്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി കൂടി വന്നതോടെ, വിവാദങ്ങളുടെ പത്മവ്യൂഹത്തില്‍ നിന്ന് അജിത് കുമാര്‍ വീണ്ടും പോലീസ് സേനയുടെ താക്കോല്‍ സ്ഥാനത്തേക്ക് മടങ്ങിവരുമോ എന്ന ചോദ്യമാണ് ഉയരുന്നത്. വിവാദങ്ങള്‍ അജിത് കുമാറിന് പുതിയതല്ലെങ്കിലും സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പിണറായി സര്‍ക്കാരിനെപ്പോലും പ്രതിരോധത്തിലാക്കിയിരുന്നു.
പി.വി. അന്‍വറിന്റെ ‘ബോംബ്’: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളാണ് അജിത് കുമാറിനെ പ്രതിക്കൂട്ടിലാക്കിയത്. സ്വര്‍ണ്ണക്കടത്ത് ബന്ധം മുതല്‍ ഫോണ്‍ ചോര്‍ത്തല്‍ വരെ നീളുന്ന ആരോപണങ്ങള്‍ അജിത് കുമാറിനെ എഡിജിപി (ക്രമസമാധാനം) സ്ഥാനത്തുനിന്നും തെറിപ്പിക്കുന്നതിലാണ് കലാശിച്ചത്. പൂരം കലക്കലും ആര്‍എസ്എസ് കൂടിക്കാഴ്ചയും: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ അജിത് കുമാറിന് പങ്കുണ്ടെന്ന ആരോപണവും, ആര്‍എസ്എസ് നേതാക്കളുമായി അദ്ദേഹം നടത്തിയ രഹസ്യ കൂടിക്കാഴ്ചയും വലിയ രാഷ്ട്രീയ വിവാദമായി. ഇടത് നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന നിലയില്‍ ഘടകകക്ഷിയായ സി.പി.ഐ പോലും അദ്ദേഹത്തിനെതിരെ രംഗത്തെത്തി.
വിവാദങ്ങളെത്തുടര്‍ന്ന് അജിത് കുമാറിനെ ‘ശിക്ഷാ നടപടി’ എന്ന നിലയിലാണ് എക്‌സൈസ് കമ്മീഷണറായി നിയമിച്ചത്. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇരിക്കേണ്ട ഈ കസേരയില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ ഇരുത്തിയത് ചട്ടവിരുദ്ധമാണെന്ന ട്രിബ്യൂണല്‍ വിധി ഇപ്പോള്‍ സര്‍ക്കാരിന് മുന്നില്‍ മറ്റൊരു വഴിയില്ലാതാക്കി. ഐഎഎസ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന ഉത്തരവ് നടപ്പിലാക്കുമ്പോള്‍ അജിത് കുമാറിനെ എക്‌സൈസില്‍ നിന്ന് മാറ്റേണ്ടി വരും. നിലവില്‍ ഉയര്‍ന്ന പല ആരോപണങ്ങളിലും വകുപ്പുതല ക്ലിയറന്‍സ് ലഭിച്ച സാഹചര്യത്തില്‍, അദ്ദേഹത്തെ വീണ്ടും പോലീസ് ആസ്ഥാനത്തെ പ്രധാന ചുമതലയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു എന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനായി അറിയപ്പെടുമ്പോഴും, ഭരണകക്ഷിക്കുള്ളില്‍ നിന്നുപോലും അജിത് കുമാറിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നിരുന്നാലും, ഭരണപരമായ കാര്യക്ഷമതയും പ്രതിസന്ധികള്‍ നേരിടാനുള്ള കഴിവും അദ്ദേഹത്തെ സര്‍ക്കാരിന്റെ പ്രിയങ്കരനാക്കി മാറ്റുന്നു. സിഎടി വിധി വരുന്നതോടെ കേരള പോലീസ് സേനയില്‍ മറ്റൊരു ‘അജിത് കുമാര്‍ യുഗം’ കൂടി തുടങ്ങുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


2025 ജൂലൈയില്‍ ഇയാള്‍ വൈറ്റ് ഹൗസിനുള്ളിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച അതേ വ്യക്തി; പിടികൂടി അയച്ചത് മാനസിക രോഗ കേന്ദ്രത്തില്‍; ഇത്തവണ വെടിയുതിര്‍ത്തത് 20 തവണ; തോക്ക് പുറത്തെടുത്തത് ബാഗില്‍ നിന്ന്; വൈറ്റ് ഹൗസിന് സമീപം സുരക്ഷാ സേന വെടിവച്ചു കൊന്നത് 21-കാരനായ നസീര്‍ ബെസ്റ്റിനെ; തോക്കുമായി വീണ്ടും എത്തിയത് നിരീക്ഷണത്തിലായിരുന്ന യുവാവ്; അക്രമണത്തിന് ഉപയോഗിച്ചത് റിവോള്‍വര്‍





