ഇറാനെ കൈവിടാതെ ഇന്ത്യ; അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്ന കപ്പലിനായി സര്‍വസന്നാഹങ്ങളുമായി നാവികസേന

ന്യൂഡല്‍ഹി: കടലിലെ ചതി ഇന്ത്യയുടെ രീതിയല്ല. ലോകശക്തിയായ അമേരിക്കയുടെ അന്തര്‍വാഹിനി ആക്രമണത്തില്‍ തകര്‍ന്ന് ലങ്കന്‍ തീരത്ത് മുങ്ങിക്കൊണ്ടിരുന്ന ഇറാന്റെ യുദ്ധക്കപ്പല്‍ ‘ഐറിസ് ദേന’യ്ക്ക് (IRIS Dena) രക്ഷകരായി ഇന്ത്യയുടെ കരുത്തുറ്റ നാവികപ്പട പാഞ്ഞെത്തി. ഇന്ത്യയുടെ കിഴക്കന്‍ തീരമായ വിശാഖപട്ടണത്ത് നിന്ന് യാത്ര തിരിച്ച് അധികം വൈകാതെയാണ് ഇറാന്‍ കപ്പല്‍ ആക്രമിക്കപ്പെട്ടത്. തങ്ങളുടെ തീരം വിട്ടുപോയ അതിഥിയെ ആപത്ഘട്ടത്തില്‍ തനിച്ചാക്കില്ലെന്ന ഉറച്ച നിലപാടോടെയാണ് ഇന്ത്യ രക്ഷാദൗത്യം ഏറ്റെടുത്തത്. അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ, മാനുഷിക മൂല്യങ്ങള്‍ക്കും അയല്‍പക്ക ബന്ധങ്ങള്‍ക്കും വിലകല്പിച്ച ഇന്ത്യയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടുകയാണ്.
മാര്‍ച്ച് നാലിന് പുലര്‍ച്ചെ അമേരിക്കന്‍ അന്തര്‍വാഹിനിയില്‍ നിന്നുള്ള ടോര്‍പ്പിഡോ ആക്രമണത്തിലാണ് ഐറിസ് ദേന തകരുന്നത്. കൊളംബോയിലെ മാരിടൈം റെസ്‌ക്യു കോര്‍ഡിനേഷന്‍ സെന്ററില്‍ നിന്ന് അപായസൂചന ലഭിച്ച നിമിഷം തന്നെ ഇന്ത്യന്‍ നാവികസേന ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ശ്രീലങ്കന്‍ നാവികസേനയുടെ തിരച്ചിലിന് വേഗം കൂട്ടാന്‍ ഇന്ത്യയുടെ ദീര്‍ഘദൂര മാരിടൈം പട്രോളിങ് വിമാനം ഉടന്‍ തന്നെ വിന്യസിച്ചു. കടലില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ വിമാനത്തില്‍ നിന്ന് താഴേക്കിടാവുന്ന ലൈഫ് റാഫ്റ്റുകള്‍ ഘടിപ്പിച്ച രണ്ടാമതൊരു വിമാനവും സജ്ജമാക്കി നിര്‍ത്തിയിരുന്നു.
കടലിലെ തിരച്ചിലിനായി പരിശീലന കപ്പലായ ഐഎന്‍എസ് തരംഗിണി ഇതിനോടകം അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് അത്യാധുനിക സജ്ജീകരണങ്ങളുള്ള ഐഎന്‍എസ് ഇക്ഷക് എന്ന സര്‍വേ കപ്പലും രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടു കഴിഞ്ഞു. തകര്‍ന്ന കപ്പലിലെ കാണാതായ ജീവനക്കാര്‍ക്കായി ലങ്കന്‍ അധികൃതരുമായി ചേര്‍ന്ന് ഇന്ത്യന്‍ നാവികസേന തിരച്ചില്‍ തുടരുകയാണ്. വന്‍ശക്തിയായ അമേരിക്കയുടെ പടക്കപ്പലുകള്‍ പരിസരത്തുണ്ടായിട്ടും അതൊന്നും വകവെക്കാതെയാണ് ഇന്ത്യ ഇറാന്‍ കപ്പലിന് സംരക്ഷണ കവചമൊരുക്കിയത്. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയെ വിശ്വസിക്കാമെന്ന വലിയ സന്ദേശമാണ് ഈ ദൗത്യത്തിലൂടെ നാവികസേന ലോകത്തിന് നല്‍കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.