ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ്; എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണ മുന്നറിയിപ്പ്, ആഗോള വിപണിയിൽ ആശങ്ക.

ടെഹ്‌റാൻ: ആഗോള എണ്ണ വിപണിയെ മുൾമുനയിൽ നിർത്തി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടച്ചതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) പ്രഖ്യാപിച്ചു. കടലിടുക്ക് വഴി കടന്നുപോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനെയും ആക്രമിക്കുമെന്നും ഇറാനിൽ നിന്നുള്ള ഒരു തുള്ളി എണ്ണ പോലും പുറംലോകത്തേക്ക് അനുവദിക്കില്ലെന്നും ഐആർജിസി കമാൻഡറുടെ ഉപദേഷ്ടാവ് ഇബ്രാഹിം ജബാരി മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്ക് വഴിയുള്ള നാവിക ഗതാഗതം പൂർണ്ണമായും തടയുമെന്നും നിയമം ലംഘിക്കുന്നവരെ തകർക്കുമെന്നും ഇറാൻ സൈന്യം വ്യക്തമാക്കി. എണ്ണ പൈപ്പ് ലൈനുകൾക്ക് നേരെയും ആക്രമണമുണ്ടാകുമെന്ന് ജബാരി അറിയിച്ചു.നിലവിലെ സംഘർഷ സാഹചര്യത്തിൽ എണ്ണവില വരും ദിവസങ്ങളിൽ ബാരലിന് 200 ഡോളർ വരെ ഉയർന്നേക്കാമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ. തിങ്കളാഴ്ച മാത്രം ക്രൂഡ് ഓയിൽ വിലയിൽ 7 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി.

മേഖലയിലെ എണ്ണയെ ആശ്രയിച്ചു കഴിയുന്ന അമേരിക്കയിലേക്ക് ഇനി ഇന്ധനം എത്തില്ലെന്നും ഇത് അവരെ സാമ്പത്തികമായി തകർക്കുമെന്നും ഇറാൻ അവകാശപ്പെട്ടു. പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽചാലാണ്. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകൾ കടന്നുപോകുന്ന ഈ പാത അടയ്ക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും.

നേരത്തെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കപ്പൽ ഗതാഗതം തടസ്സപ്പെടുത്തില്ലെന്ന് പറഞ്ഞിരുന്നെങ്കിലും, ഇസ്രായേൽ-അമേരിക്കൻ ആക്രമണം കടുത്തതോടെ ഐആർജിസി നേരിട്ട് നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇതിനോടകം തന്നെ ഹോർമുസിന് സമീപം ചില കപ്പലുകൾ ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.