സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പോര് മുറുകുന്നു: മട്ടന്നൂര്‍ കിട്ടിയില്ലെങ്കില്‍ രാഷ്ട്രീയ വിരമിക്കലിലേക്ക് ശൈലജ? സിപിഎം കേന്ദ്ര നേതൃത്വം പ്രതിസന്ധിയില്‍

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി സിപിഎമ്മില്‍ പുകയുന്ന അതൃപ്തി പുതിയ തലത്തിലേക്ക്. സിറ്റിങ് സീറ്റായ മട്ടന്നൂരില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന കടുത്ത നിലപാടിലാണ് മുന്‍ മന്ത്രി കെ.കെ. ശൈലജ എന്ന് സൂചന. മട്ടന്നൂര്‍ മണ്ഡലം വിട്ടുനല്‍കിയുള്ള ഒരു ഭാഗ്യപരീക്ഷണത്തിനില്ലെന്ന് അവര്‍ പാര്‍ട്ടിയെ കര്‍ശനമായി അറിയിച്ചു കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ഈ തര്‍ക്കം സിപിഎം കേന്ദ്ര നേതൃത്വത്തെപ്പോലും വെട്ടിലാക്കിയിരിക്കുകയാണ്.
രണ്ടു ടേം വ്യവസ്ഥയുടെ പേരില്‍ തന്നെയും സ്പീക്കര്‍ എ.എന്‍. ഷംസീറിനെയും വെട്ടിനിരത്തുന്നതില്‍ ശൈലജ ടീച്ചര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വീണ്ടും മത്സരിക്കാന്‍ ഇളവ് നല്‍കുന്നുണ്ടെന്നും എന്നിട്ടും തന്നെയും ഷംസീറിനെയും ഒഴിവാക്കുന്നത് എന്തിനാണെന്നുമാണ് ഉയരുന്ന പ്രധാന ചോദ്യം. മട്ടന്നൂരില്‍ അവസരം നിഷേധിച്ചാല്‍ യുഡിഎഫ് കേന്ദ്രമായ പേരാവൂരില്‍ മത്സരിക്കാനില്ലെന്ന് ശൈലജ വ്യക്തമാക്കിയിട്ടുണ്ട്. മട്ടന്നൂര്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാട് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയെ അവര്‍ നേരിട്ട് അറിയിച്ചു കഴിഞ്ഞു.
കെ.കെ. ശൈലജയെപ്പോലൊരു ജനകീയ നേതാവിനെ ഒഴിവാക്കുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു വിഭാഗം വിശ്വസിക്കുന്നു. അഞ്ച് വട്ടം മത്സരിച്ചതിനാല്‍ ശൈലജ മാറട്ടെ എന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോട് പ്രവര്‍ത്തകര്‍ക്കിടയിലും വിയോജിപ്പുണ്ട്. സ്പീക്കര്‍ എ.എന്‍. ഷംസീറും സമാനമായ അതൃപ്തിയിലാണെന്നത് കണ്ണൂരിലെ രാഷ്ട്രീയ സമവാക്യങ്ങളെ ബാധിക്കാനിടയുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ ശൈലജയെ മാറ്റിനിര്‍ത്തുന്നതില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ വേണമെന്ന ആവശ്യവും ശക്തമാണ്.
രണ്ടു ടേം പിന്നിട്ട മുഖ്യമന്ത്രി പിണറായി വിജയന് ധര്‍മ്മടത്ത് ഇളവ് നല്‍കാന്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ തടസ്സങ്ങളില്ലാതെ ധാരണയായിരുന്നു. എന്നാല്‍ ശൈലജയുടെയും ഷംസീറിന്റെയും കാര്യത്തില്‍ ഇതേ ഇളവ് പരിഗണിക്കുന്നില്ലെന്നതാണ് വിവാദങ്ങള്‍ക്ക് ആധാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാല്‍ മാത്രമേ ശൈലജയ്ക്ക് മട്ടന്നൂരില്‍ മത്സരിക്കാന്‍ വഴിയൊരുങ്ങൂ. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ശൈലജയെയും ഷംസീറിനെയും പരിഗണിക്കണമെന്ന സമ്മര്‍ദ്ദം കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.