ഡാറ്റ ചോർച്ചയിൽ മുഖ്യമന്ത്രിക്ക് എതിരെ പുതിയ തെളിവുകളുമായി രമേശ് ചെന്നിത്തല; സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേരുചേർത്തിട്ടുള്ളവരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്തെന്ന് ആരോപണം

തിരുവനന്തപുരം: കേരളത്തിൽ അതീവ രഹസ്യസ്വഭാവമുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരങ്ങൾക്ക് പുറമെ, സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേരുചേർത്തിട്ടുള്ള ലക്ഷക്കണക്കിന് സ്ത്രീകളുടെ സ്വകാര്യ വിവരങ്ങളും സർക്കാർ ചോർത്തിയെടുത്തതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് തെളിവായി മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി സാംബശിവ റാവു എഴുതിയ കത്തും അദ്ദേഹം പുറത്തുവിട്ടു.
മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിർദ്ദേശപ്രകാരമാണ് സാംബശിവ റാവു ഈ വിവരങ്ങൾ സിപിഎമ്മിന് എത്തിച്ചുനൽകുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ഐടി വകുപ്പിന് ഇത്രയധികം സന്ദേശങ്ങൾ അയക്കാൻ കഴിയില്ലെന്നും, അതിനാൽ യാതൊരു മുൻകരുതലും ഇല്ലാതെ ഈ വിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഐടി വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പത്തോളം സ്വകാര്യ ഏജൻസികളെ എംപാനൽ ചെയ്തത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“സാംബശിവ റാവു ഇപ്പോൾ ശിവശങ്കരന്റെ റോളിലാണ് പ്രവർത്തിക്കുന്നത്. ശിവശങ്കരന്റെ അനുഭവം അദ്ദേഹം ഓർക്കണം,” എന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി. 35 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ വിവരങ്ങൾ സൈബർ തട്ടിപ്പുകാരുടെ കയ്യിൽ കിട്ടിയാൽ ഉണ്ടാകാൻ പോകുന്ന ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ മുഖ്യമന്ത്രി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.