മന്ത്രി വീണാ ജോർജിനെതിരായ വധശ്രമക്കേസ്: എഫ്ഐആറിൽ ഗുരുതര പിഴവുകൾ? കാലതാമസവും വൈരുദ്ധ്യങ്ങളും ചർച്ചയാകുന്നു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് രാത്രി 10.17 മണിക്ക്. ഉച്ചയ്ക്ക് 3.15 മണിക്ക് നടന്ന സംഭവത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ അക്ഷന്തവ്യമായ കാലതാമസം ഉണ്ടായിരിക്കുന്നത്.
കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ ക്രൈം 67 /2026 നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആറിൽ ഭാരതീയ നായ സംഹിത(ബി എൻ എസ് )189 (2 ), 191 (2),126( 2), 115( 2),118(1), 121(1)109(1),190,1191( 3),1989 ലെ ഇന്ത്യൻ റെയിൽവേ ആക്ട് 147,145 എന്നീ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. വിശദമായ കൂടിയാലോചനകൾക്ക് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നതിന് തെളിവാണ് ഈ കാലതാമസം.
റെയിൽവേ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ പി കെ സന്തോഷ് കുമാറാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സബ് ഇൻസ്‌പെക്ടർ കെ സുനിൽകുമാറിനാണ് അന്വേഷണ ചുമതല. ആരോഗ്യമന്ത്രിയുടെ ഗൺമാൻ കൊട്ടാരക്കര താമരക്കാടി അനീഷ് ഭവനിൽ എം എസ് അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ. പരാതിക്കാരുടെ പേരിൽ മന്ത്രി വീണ ജോർജും ഉണ്ട്.
സംഭവം നടന്ന സമയം എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വലിയ പിഴവ് സംഭവിച്ചിട്ടുണ്ട്. കുറ്റകൃത്യം സംഭവിച്ച സമയമായി എഫ്ഐആറിൽ പറയുന്നത് 3.15 മുതൽ 3.16 വരെയുള്ള സമയമാണ്. അതായത്, ഒരു മിനിറ്റ് സമയം മാത്രം. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം ഫ്ലാറ്റ്ഫോമിലെ പ്രധാന കവാടമാണ് സംഭവസ്ഥലമായി കാണിച്ചിട്ടുള്ളത്.
പ്രതിസ്ഥാനത്ത് ആരുടെയും പേര് കാണിച്ചിട്ടില്ലാത്ത എഫ്ഐആറിൽ കെ എസ് യു പ്രവർത്തകരായ അഞ്ച് പേരാണ് പ്രതികളെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചു കയറി കരിങ്കൊടി കാണിച്ച് മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചും കൊല്ലടാ എന്ന് ആക്രോശിച്ചു കൊണ്ടും എന്തോ ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടിവീണു കഴുത്തിന് ആക്രമിക്കുകയും തടയാൻ ശ്രമിച്ച പരാതിക്കാരനെ കൈകൊണ്ട് അടിക്കുകയും തടഞ്ഞു വെക്കുകയും പരാതിക്കാരനേയും മന്ത്രിയുടെയും ഔദ്യോഗിക കൃത്യനിർവഹണം  തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് എഫ്ഐആർ ഉദ്ഘാടനം ഉള്ളടക്കത്തിൽ പറയുന്നത്.
ഗൺമാന്റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത് രാത്രി 9 മണിക്ക് മാത്രമാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഗൺമാൻ ആശുപത്രിയിൽ ചികിത്സയിലാണോ എന്ന കാര്യം മൊഴിയിൽ വ്യക്തമാക്കിയിട്ടില്ല.
ഇത്രയും പ്രമാദമായ ഒരു കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനുണ്ടായ കാലതാമസവും കുറ്റകൃത്യത്തിന്റെ സമയവും നിയമപരമായി ചോദ്യം ചെയ്യപ്പെടും എന്നകാര്യത്തിൽ സംശയമില്ല. റെയിൽവേ സ്റ്റേഷനിലെ സംഭവസമയത്തെ മുഴുവൻ ദൃശ്യങ്ങളും ശബ്ദമുൾപ്പെടെ ലഭ്യമാണെന്നിരിക്കെ കൊല്ലടാ എന്ന് ആക്രോശിച്ചു എന്ന കാര്യം തെളിയിക്കാൻ പോലീസ് നന്നേ പാടുപെടേണ്ടി വരും. സമരക്കാർ ആയുധം ഉപയോഗിച്ചു എന്ന ആരോപണം തെളിയിക്കുന്നതിലും ഇതേ പ്രശ്നമുണ്ട്.
189( 2)- ന്യായവിരുദ്ധ സംഘംചരൽ,191(2)-കലാപം,126 (2)-നിയമവിരുദ്ധമായുള്ള തടഞ്ഞുവയ്ക്കൽ,115(2)- മനപ്പൂർവ്വമുള്ള ദേഹോപദ്രവം, 118( 2)- അപകടകരമായ ആയുധം ഉപയോഗിക്കൽ,121(1)- ഔദ്യോഗിക കൃത്യനിർവഹണം തടയൽ.109 (1)-വധശ്രമം, 119(1)-സുരക്ഷ തടസ്സപ്പെടുത്തി നാശനഷ്ടങ്ങൾ ഉണ്ടാക്കൽ, 190- ഒരു കുറ്റകൃത്യം ചെയ്യുന്നതിനായി ന്യായവിരുദ്ധമായ സംഘം ചേരൽ, 191(3 )-അപകടകരമായ ആയുധം ഉപയോഗിച്ചുള്ള കലാപം,147-റെയിൽവേ പ്രോപ്പർട്ടിയിൽ അനുവാദം ഇല്ലാതെ കടന്നുകയറൽ, 145 -ശല്യമുണ്ടാക്കൽ എന്നിവയാണ് എഫ്ഐആറിൽ ചുമത്തിയിട്ടുള്ള വകുപ്പുകൾ.
എഫ്ഐആറിൽ ബി എൻ എസ് 118( 2) ആണ് ഇട്ടിട്ടുള്ളത്. ഈ സെക്ഷൻ പ്രകാരം കത്തി, തീ, വിഷം, സ്ഫോടക വസ്തു,എന്നിവ ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടാകേണ്ടത്. എന്നാൽ എഫ് ഐ ആർ ഉള്ളടക്കത്തിൽ ഏതോ ആയുധം ഉപയോഗിച്ച് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതും വൈരുദ്ധ്യമാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.