മന്ത്രി വീണാ ജോര്‍ജിനെതിരായ വധശ്രമക്കേസ് പൊളിയുന്നു? തെളിവില്ലാതെ കുഴങ്ങി പൊലീസ്; വധശ്രമ വകുപ്പ് ഒഴിവാക്കിയേക്കും

കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ കേസ് തെളിയിക്കാനാകാതെ പൊലീസ് പ്രതിസന്ധിയില്‍. മന്ത്രിക്കു നേരെ ആയുധം ഉപയോഗിച്ചതിനോ, പ്രതിഷേധക്കാര്‍ മന്ത്രിയുടെ അടുത്തെത്തിയതിനോ ഉള്ള കൃത്യമായ തെളിവുകള്‍ റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ലഭ്യമല്ലാത്തതാണ് അന്വേഷണ സംഘത്തിന് തിരിച്ചടിയാകുന്നത്. ഇതോടെ വധശ്രമം ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ ഒഴിവാക്കി കേസ് ലഘൂകരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
റെയില്‍വേ സ്റ്റേഷനിലെ 55 കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആര്‍.പി.എഫ് സഹായത്തോടെ റെയില്‍വേ പൊലീസ് സി.ഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചെങ്കിലും മന്ത്രിയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടെത്താനായിട്ടില്ല. പ്ലാറ്റ്ഫോമില്‍ മന്ത്രിക്ക് ചുറ്റും പൊലീസ് സുരക്ഷാ വലയം തീര്‍ക്കുന്നതും പ്രതിഷേധക്കാര്‍ അകലെ മാറി മുദ്രാവാക്യം വിളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധം കൊണ്ട് കഴുത്തില്‍ പരിക്കേല്‍പ്പിച്ചു എന്ന എഫ്.ഐ.ആറിലെ വാദങ്ങള്‍ കോടതിയില്‍ തെളിയിക്കുക പൊലീസിന് വെല്ലുവിളിയാകും.
ഗണ്‍മാന്‍ നല്‍കിയ പ്രാഥമിക പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പറഞ്ഞ് തത്കാലം വധശ്രമ വകുപ്പില്‍ നിന്ന് തലയൂരാനാണ് പൊലീസിന്റെ ശ്രമം. മന്ത്രിയുടെ ദേഹത്ത് ആയുധം കൊണ്ടുള്ള പരിക്കുകള്‍ ഇല്ലാത്തതും പൊലീസിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇതിനിടെ, വ്യാജ പരാതി നല്‍കി കെ.എസ്.യു പ്രവര്‍ത്തകരെ കുടുക്കിയെന്ന് ആരോപിച്ച് മന്ത്രിക്കും ഗണ്‍മാനുമെതിരെ കോണ്‍ഗ്രസ് നേതാവ് ടി.ഒ. മോഹനന്‍ കോടതിയെ സമീപിച്ചതും പൊലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.
താന്‍ ആക്രമിക്കപ്പെട്ടെന്നും ശരീരം നൊന്തിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് ആവര്‍ത്തിക്കുമ്പോഴും, ഏത് ആയുധമാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാന്‍ മന്ത്രിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ശാരീരിക അസ്വസ്ഥതകള്‍ കാരണം മൊഴി നീളുന്നതിനാല്‍ കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടും വൈകുകയാണ്. വധശ്രമക്കേസ് നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നതോടെ, തിങ്കളാഴ്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പൊലീസിന്റെ നിലപാട് നിര്‍ണ്ണായകമാകും.
പുറത്തുവന്ന ദൃശ്യങ്ങളിലൊന്നും മന്ത്രിയുടെ തൊട്ടടുത്തുപോലും കെഎസ്യു പ്രവര്‍ത്തകര്‍ എത്താത്തതും കിട്ടിയ ദൃശ്യങ്ങളെല്ലാം പോലീസ് മന്ത്രിക്ക് സുരക്ഷയൊരുക്കുന്നതുമായതോടെ കേസ് തങ്ങള്‍ക്കുതന്നെ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് അന്വേഷണ സംഘം. റെയില്‍വേ സ്റ്റേഷനിലെ 55 കാമറകളില്‍ ദൃശ്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള കാമറകളെല്ലാം ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഇതിലൊന്നും മന്ത്രിയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ല.
ഇതിനിടെ, കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരേ വ്യാജപരാതി നല്കി കള്ളക്കേസില്‍ കുടുക്കിയെന്നു കാണിച്ച് വീണാ ജോര്‍ജിനും ഗണ്‍മാനുമെതിരേ കണ്ണൂര്‍ കോര്‍പറേഷന്‍ മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടി.ഒ. മോഹനന്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയില്‍ പരാതി നല്‍കിയതും പോലീസിന് തിരിച്ചടിയായി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.