ജീവനക്കാരുടെ നമ്പറുകള്‍ എവിടെ നിന്ന് കിട്ടി? ഡാറ്റാചോര്‍ച്ചയില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ രൂക്ഷ വിമര്‍ശനം; സന്ദേശങ്ങള്‍ അയക്കുന്നത് ഉടന്‍ നിര്‍ത്തണം

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ‘സ്പാര്‍ക്ക്’  സോഫ്റ്റ്വെയറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി മുഖ്യമന്ത്രിയുടെ പേരില്‍ സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. ജീവനക്കാരുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭിച്ചുവെന്ന് കോടതി ആരാഞ്ഞു.
 പ്രഥമദൃഷ്ട്യാ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് മനസ്സിലാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. അങ്ങനെയല്ലെങ്കില്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലേ എന്നും, എല്ലാവര്‍ക്കും ഈ വിവരങ്ങള്‍ എവിടെ നിന്ന് കിട്ടുന്നു എന്നും കോടതി ചോദിച്ചു.ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്നും ഇത് ഇവിടെവെച്ച് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്നും ഇതിനായി ബിസിനസ് വാട്‌സാപ്പ് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.സര്‍ക്കാരിന്റെ പ്രൊജക്റ്റുകള്‍ക്കായി നല്‍കുന്ന വിവരങ്ങള്‍ പ്രചാരണത്തിനായി മാറ്റുന്നത് സ്വകാര്യതയുടെ ലംഘനവും സുപ്രീം കോടതി വിധിക്ക് വിരുദ്ധവുമാണെന്ന് സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം വാദിച്ചു.ഡി.എ വര്‍ദ്ധന, ശമ്പള പരിഷ്‌കരണം തുടങ്ങിയ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് ലക്ഷക്കണക്കിന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സന്ദേശം പോയിരുന്നു. ഇതിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് കോടതിയെ സമീപിച്ചത്. സന്ദേശങ്ങള്‍ ഇനി അയക്കില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ തുടര്‍നടപടികള്‍ അടുത്ത ആഴ്ചത്തേക്ക് മാറ്റാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.