സ്ത്രീ സുരക്ഷയ്ക്ക് പുതിയ കരുത്ത്: കേരള പോലീസിന്റെ ‘നിർഭയ നിശ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും. സുരക്ഷയ്ക്കായി സ്മാർട്ട് പോളുകളും എ.ഐ ക്യാമറകളും!

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘നിർഭയ നിശ’ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. തൈക്കാട് പോലീസ് ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ വൈകിട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിക്കും. സ്ത്രീ സുരക്ഷാ സംവിധാനങ്ങളെ ഒരു കുടക്കീഴിൽ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തര സഹായം ലഭ്യമാക്കുക എന്നതാണ് ഈ നൂതന പദ്ധതിയുടെ ലക്ഷ്യം.

എസ്.ഒ.എസ് ബട്ടൺ, 112 ഹെൽപ്പ് ലൈൻ, ജില്ലാ കൺട്രോൾ റൂമുകൾ, ഹൈവേ-പിങ്ക് പട്രോൾ വാഹനങ്ങൾ എന്നിവയെ സംയോജിപ്പിച്ചാണ് നിർഭയ നിശ പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീകൾ പ്രധാനമായും എത്തുന്ന സ്ഥലങ്ങളിൽ ‘നിർഭയ നിശ സേഫ്റ്റി പോളുകൾ’ സ്ഥാപിക്കും. എ.ഐ ക്യാമറകൾ, അലാറം, പാനിക് ബട്ടൺ, കുറ്റവാളികളെ തിരിച്ചറിയുന്നതിനുള്ള ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം എന്നിവ ഈ സ്മാർട്ട് പോളുകളുടെ പ്രത്യേകതയാണ്. ആപത്ഘട്ടങ്ങളിൽ സ്ത്രീകൾ പാനിക് ബട്ടൺ അമർത്തുന്നതോടെ കൺട്രോൾ റൂമിൽ വിവരമെത്തുകയും മിനിറ്റുകൾക്കുള്ളിൽ പോലീസ് സഹായം ലഭ്യമാവുകയും ചെയ്യും.

അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് സംസ്ഥാനത്തെ 14 ജില്ലകളിലും പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. നഗരങ്ങളിലെ ഇരുളടഞ്ഞ ഇടങ്ങളും വിജനമായ പാതകളും കേന്ദ്രീകരിച്ച് സുരക്ഷാ ഓഡിറ്റിംഗ് നടത്തിയാണ് ഇത്തരം സേഫ്റ്റി പോളുകൾ സ്ഥാപിക്കുന്നത്. സ്ത്രീകളുടെ സ്വതന്ത്രമായ സഞ്ചാരത്തിന് കരുത്തേകുന്ന ഈ പദ്ധതി ആഭ്യന്തര വകുപ്പിന്റെ സുപ്രധാന ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.