തിരുവനന്തപുരം: കേരളത്തിലെ മെമു യാത്രക്കാരുടെ നീണ്ടനാളത്തെ ദുരിതത്തിന് അറുതിയായി. സംസ്ഥാനത്ത് സർവീസ് നടത്തുന്ന പ്രധാന മെമു ട്രെയിനുകൾ ഇന്ന് മുതൽ 12 കോച്ചുകളുമായി ഓടിത്തുടങ്ങും. പാലക്കാട് – എറണാകുളം, കൊല്ലം – എറണാകുളം, കൊല്ലം – കോട്ടയം എന്നീ റൂട്ടുകളിലെ മെമു ട്രെയിനുകളിലാണ് കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് റെയിൽവേ നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു.
610 സീറ്റുകൾ മാത്രമുള്ള പാലക്കാട് – എറണാകുളം മെമുവിൽ മൂവായിരത്തിലധികം യാത്രക്കാരാണ് ദിവസേന തിങ്ങിനിറഞ്ഞ് യാത്ര ചെയ്തിരുന്നത്. ഇത് പലപ്പോഴും വലിയ സുരക്ഷാ ഭീഷണിക്കും യാത്രക്കാരുടെ പ്രതിഷേധത്തിനും കാരണമായിരുന്നു. എംപിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പലതവണ ഡിആർഎമ്മിന് നിവേദനം നൽകിയിരുന്നെങ്കിലും, കോച്ചുകളുടെ ദൗർലഭ്യം ചൂണ്ടിക്കാട്ടി റെയിൽവേ നടപടി വൈകിപ്പിക്കുകയായിരുന്നു. എന്നാൽ യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇപ്പോൾ കോച്ചുകൾ വർദ്ധിപ്പിക്കാൻ റെയിൽവേ തയ്യാറായത്.
കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് പന്ത്രണ്ടായി വർദ്ധിക്കുന്നതോടെ തിരക്കിന് വലിയ തോതിൽ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നത് ഓഫീസ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമാകും. വരും ദിവസങ്ങളിൽ മറ്റ് റൂട്ടുകളിലെ മെമു ട്രെയിനുകളിലും സമാനമായ മാറ്റം കൊണ്ടുവരണമെന്ന ആവശ്യം ഉയരുന്നുണ്ട്.


എസ്എൻഡിപി-എൻഎസ്എസ് ഐക്യം പൊളിഞ്ഞത് എന്തുകൊണ്ട്? വെള്ളാപ്പള്ളിയുടെ ‘രാജ്യസഭാ’ മോഹം സുകുമാരൻ നായർ തിരിച്ചറിഞ്ഞു!
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക പീഡനം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ





