എറണാകുളം: ആരോഗ്യവകുപ്പിന്റെ പരാജയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെച്ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ. മുരളീധരനും ഭിന്നാഭിപ്രായം. മന്ത്രിമാരുടെ വീടുകളിലേക്ക് അതിക്രമിച്ചു കയറിയുള്ള സമരത്തോട് തനിക്ക് യോജിപ്പില്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. തന്റെ വീട്ടിലേക്ക് മുൻപ് നടന്ന പ്രതിഷേധങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കേരളത്തിലെ ആരോഗ്യരംഗം പൂർണ്ണമായും തകർന്നിരിക്കുകയാണെന്നും ഓരോ ദിവസവും സിസ്റ്റത്തിന്റെ പരാജയങ്ങൾ പുറത്തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വണ്ടാനം മെഡിക്കൽ കോളേജ് സംഭവമുൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
എന്നാൽ, മന്ത്രി വീണാ ജോർജിന്റെ വീട്ടിൽ റീത്ത് വെച്ചുകൊണ്ടുള്ള പ്രതിഷേധത്തെ കെ. മുരളീധരൻ പൂർണ്ണമായും ന്യായീകരിച്ചു. മന്ത്രി ഒരു മഹാറാണിയൊന്നുമല്ലെന്നും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പിനെ മോർച്ചറിയിലാക്കുന്ന അവസ്ഥയുണ്ടായപ്പോൾ മിണ്ടാതിരിക്കാനാവില്ലെന്നായിരുന്നു മുരളീധരന്റെ നിലപാട്. വീണാ ജോർജ് ഒരു പരാജയമാണെന്നും ആരോഗ്യമന്ത്രിയെന്ന നിലയിൽ അവർ ‘വട്ടപ്പൂജ്യം’ ആണെന്നും അദ്ദേഹം പരിഹസിച്ചു. സർക്കാർ ആശുപത്രികളെ കൊലക്കളമാക്കിയതിന്റെ ഉത്തരവാദിത്തം മന്ത്രിയുടെ പിടിപ്പുകേടാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തെക്കുറിച്ചുള്ള ഡോക്ടർമാരുടെ പ്രതികരണങ്ങളെയും മുരളീധരൻ രൂക്ഷമായി വിമർശിച്ചു. 50 വർഷം കത്രിക വയറ്റിൽ കിടന്നാലും കുഴപ്പമില്ലെന്ന് പറയുന്നത് ശുദ്ധ ധിക്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ മന്ത്രി തയ്യാറാകാത്തത് പാവപ്പെട്ട രോഗികളെ ദുരിതത്തിലാക്കുകയാണ്. തുടർച്ചയായി ഉണ്ടാകുന്ന വീഴ്ചകളെ ‘ഒറ്റപ്പെട്ട സംഭവം’ എന്ന് വിശേഷിപ്പിച്ചു തള്ളുന്ന മുഖ്യമന്ത്രിയുടെ നിലപാടും അംഗീകരിക്കാനാവില്ലെന്ന് മുരളീധരൻ വ്യക്തമാക്കി. ഭരണപക്ഷത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനമെങ്കിലും സമരമുറയെച്ചൊല്ലിയുള്ള നേതാക്കളുടെ അഭിപ്രായവ്യത്യാസം ശ്രദ്ധേയമായിരിക്കുകയാണ്.


സിപിഎം സംസ്ഥാന സമിതി അംഗം ഇ എൻ മോഹൻദാസ് അന്തരിച്ചു
വിമാനത്തിലെ മുഖ്യമന്ത്രിവിരുദ്ധ പ്രതിഷേധം: പ്രതികള്‍ക്കെതിരായ വ്യോമയാന വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍; ഭരണമാറ്റത്തിന് പിന്നാലെ നിര്‍ണ്ണായക നീക്കം; ആ കേസും കള്ളക്കേസാകും



