കൊച്ചി: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾക്കെതിരെ കർശന നടപടിയുമായി ഹൈക്കോടതി. ആറ്റുകാലമ്മയുടെ പേരിൽ എന്തിനാണ് ഇത്രയധികം ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതെന്ന് ചോദിച്ച കോടതി, ഭക്തിയുടെ മറവിൽ സ്പോൺസർമാരുടെ മുഖം പ്രദർശിപ്പിക്കാനാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് രൂക്ഷമായി വിമർശിച്ചു. പൊതുസ്ഥലങ്ങളിൽ അനധികൃതമായി ബോർഡുകൾ സ്ഥാപിക്കുന്നത് നേരത്തെ തന്നെ തടഞ്ഞിട്ടുള്ളതാണെന്നും നിയമം ലംഘിച്ച് സ്ഥാപിച്ചവ എത്രയും വേഗം നീക്കം ചെയ്യണമെന്നും കോടതി ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി.
അമിക്കസ് ക്യുറി സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. ആറ്റുകാൽ പൊങ്കാലയുടെ പേരിൽ നഗരത്തിലുടനീളം വ്യാപകമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. അനധികൃത ഫ്ലക്സ് ബോർഡുകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ, “ആറ്റുകാലമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ” എന്ന പരിഹാസരൂപേണയുള്ള ചോദ്യവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ദൈവത്തിന്റെ പേരിൽ വ്യക്തികളുടെ പരസ്യം നൽകുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
തിരുവനന്തപുരം നഗരസഭയും പോലീസും ചേർന്ന് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ബോർഡുകളും അടിയന്തരമായി നീക്കം ചെയ്യണം. പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നതും കാഴ്ച മറയ്ക്കുന്നതുമായ ബോർഡുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും മറവിൽ നിയമം ലംഘിക്കുന്നത് തടയാൻ കർശനമായ മേൽനോട്ടം വഹിക്കണമെന്ന് അമിക്കസ് ക്യുറിയോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നഗര സൗന്ദര്യവും സുരക്ഷയും മുൻനിർത്തി കോടതി നടത്തിയ ഈ ഇടപെടൽ വരും ദിവസങ്ങളിൽ പൊങ്കാല ഒരുക്കങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് ഭക്തർ ഉറ്റുനോക്കുന്നത്.
എസ്എൻഡിപി-എൻഎസ്എസ് ഐക്യം പൊളിഞ്ഞത് എന്തുകൊണ്ട്? വെള്ളാപ്പള്ളിയുടെ ‘രാജ്യസഭാ’ മോഹം സുകുമാരൻ നായർ തിരിച്ചറിഞ്ഞു!


സുധാകരനെ പൂട്ടിയത് അടൂര്‍ പ്രകാശ്! എംപിമാര്‍ നിയമസഭയിലേക്ക് വരേണ്ട; കോണ്‍ഗ്രസ് കോട്ടകളില്‍ ബിജെപി കണ്ണുവെച്ചോ? ഹൈക്കമാന്‍ഡ് വാതിലടച്ചു സാക്ഷയിട്ടു; അട്ടിമറി ഭയന്ന് കൈവിട്ട കളിക്ക് നില്‍ക്കാതെ തീരുമാനം





