സർക്കാർ ബ്രാൻഡിക്ക് ‘മലബാർ മിസ്റ്ററി’ എന്ന് പേരിട്ടു; പാലക്കാട് ഡിസ്റ്റിലറി ഉദ്ഘാടനം ഫെബ്രുവരി 21-ന്.

തിരുവനന്തപുരം: ജവാൻ റമ്മിന് ശേഷം കേരള സർക്കാർ നേരിട്ട് വിപണിയിലിറക്കുന്ന പുതിയ ബ്രാൻഡി മദ്യത്തിന് ‘മലബാർ മിസ്റ്ററി’ എന്ന് പേരിട്ടു. പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാൻ്റിൻ്റെ ഉദ്ഘാടനം നടക്കുന്ന ഫെബ്രുവരി 21-ന് തന്നെ ബ്രാൻഡി നാമത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും നടക്കും. തുടക്കത്തിൽ അര ലിറ്റർ ബോട്ടിലുകളിലാകും മലബാർ മിസ്റ്ററി വിപണിയിലെത്തുക. ജവാൻ റമ്മിനെപ്പോലെ തന്നെ സാധാരണക്കാർക്ക് താങ്ങാനാവുന്ന കുറഞ്ഞ നിരക്കിലാകും ഈ പുതിയ മദ്യവും ലഭ്യമാക്കുകയെന്നാണ് ലഭിക്കുന്ന വിവരം. പ്രതിദിനം 1,08,000 ലിറ്റർ മദ്യം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് പാലക്കാട്ടെ പുതിയ പ്ലാൻ്റ്.

മദ്യത്തിന് പേരിടാൻ പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള ബെവ്കോയുടെ നീക്കം നേരത്തെ വലിയ നിയമവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഹൈക്കോടതിയിൽ ഈ വിഷയത്തിൽ കേസ് നിലനിൽക്കുന്നതിനാലാണ് പൊതുജനങ്ങൾ നൽകിയ നാൽപ്പതിനായിരത്തോളം പേരുകൾ പരിഗണിക്കാതെ വകുപ്പ് തന്നെ നേരിട്ട് ‘മലബാർ മിസ്റ്ററി’ എന്ന പേര് തിരഞ്ഞെടുത്തത്. മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച നടപടിയെ ന്യായീകരിച്ച് എക്സൈസ് കമ്മിഷണർ എം.ആർ. അജിത്കുമാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പരസ്യം നൽകുന്ന സമയത്ത് ബ്രാൻഡിക്ക് ലൈസൻസ് നൽകിയിട്ടില്ലാത്തതിനാൽ ഇത് അബ്കാരി നിയമങ്ങളുടെ ലംഘനമല്ലെന്നാണ് കമ്മിഷണറുടെ വാദം.

പുതിയ മദ്യത്തിൻ്റെ പേരോ ലേബലോ പ്രദർശിപ്പിക്കാത്തതിനാൽ പരസ്യം ചട്ടവിരുദ്ധമല്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. നേരത്തെ പേരിടൽ മത്സരവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പേര് നിർദ്ദേശിക്കുന്നവർക്ക് സമ്മാനം വാഗ്ദാനം ചെയ്തത് വിവാദമായതോടെ, അത്തരമൊരു വിജ്ഞാപനം ഇറങ്ങിയിട്ടില്ലെന്ന നിലപാടിലായിരുന്നു ബിവറേജസ് കോർപറേഷൻ. എന്നാൽ ഉദ്ഘാടന തീയതി നിശ്ചയിച്ചതോടെ എല്ലാ അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് ‘മലബാർ മിസ്റ്ററി’ വിപണിയിലേക്ക് എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.