കോട്ടയം: കേരള കോൺഗ്രസ് (എം) പാർട്ടിക്കുള്ളിൽ അധികാരത്തർക്കമുണ്ടെന്ന വാർത്തകളെ പൂർണ്ണമായും തള്ളിക്കൊണ്ട് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവനകളെ സദുദ്ദേശത്തോടെയാണ് കാണുന്നതെന്നും തങ്ങൾക്കിടയിൽ സഹോദരതുല്യമായ ബന്ധമാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലായിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി ഉയർന്ന വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാലായിൽ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചതും, ജോസിന്റെ കൈയിൽ നിന്ന് മൈക്ക് വാങ്ങി സംസാരിച്ചതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. ഇതിനോടാണ് ജോസ് കെ. മാണി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
റോഷി അഗസ്റ്റിൻ അച്ചടക്കലംഘനം നടത്തിയിട്ടില്ല. പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് എന്ന നിലയിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. താൻ മത്സരിക്കണമെന്ന ആഗ്രഹം പ്രവർത്തകർക്കുണ്ടാകുന്നത് സ്വാഭാവികമാണ്.റോഷി തന്റെ മൈക്ക് തട്ടിയെടുത്തിട്ടില്ല. വാർത്താസമ്മേളനത്തിലെ തന്റെ ശരീരഭാഷ ശ്രദ്ധിച്ചാൽ അത് വ്യക്തമാകും. വസ്തുതകൾ ഇതായിരിക്കെ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നത്. താൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ചെയർമാൻ എന്ന നിലയിൽ പാർട്ടി നയങ്ങൾക്കനുസരിച്ചേ മുന്നോട്ട് പോകൂ. പാലായിൽ മത്സരിച്ചാൽ ജയിക്കുമോ എന്നത് ജനങ്ങൾ തീരുമാനിക്കേണ്ട കാര്യമാണ്.
വിവാദങ്ങൾക്ക് പിന്നാലെ പോകാനല്ല, കേരളത്തിന്റെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് താൽപ്പര്യം. രാഷ്ട്രീയ സാഹചര്യങ്ങൾ പാർട്ടി കൃത്യമായി വിലയിരുത്തുന്നുണ്ട്.റോഷി അഗസ്റ്റിൻ പാർട്ടിയിലെ രണ്ടാമത്തെ അധികാരകേന്ദ്രമായി മാറുന്നു എന്ന നിരീക്ഷകരുടെ വിലയിരുത്തലുകളെ തള്ളിക്കളയുന്നതായിരുന്നു ജോസിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനുമായി റോഷിക്കുള്ള അടുപ്പവും മുന്നണി മാറ്റ ചർച്ചകളും പാർട്ടിയെ ബാധിക്കില്ലെന്ന സൂചനയാണ് ജോസ് കെ. മാണി ഇതിലൂടെ നൽകുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ദേശീയ ഗാനം വീണ്ടും തെറ്റിച്ച് കോണ്ഗ്രസ് നേതാക്കള്; കെ.പി.സി.സി ആസ്ഥാനത്ത് സ്ഥാപക ദിനാഘോഷത്തിനിടയിലാണ് നാണക്കേടുണ്ടാക്കുന്ന അബദ്ധമുണ്ടായത്





