വട്ടിയൂര്‍ക്കാവില്‍ സഹോദരപ്പോരില്ല! മുരളീധരനെതിരെ പത്മജ മത്സരിക്കില്ല; ബിജെപിയില്‍ അമിത് ഷായുടെ ‘സര്‍പ്രൈസ്’ പട്ടിക വരുന്നു

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം ദേശീയ ശ്രദ്ധയാകര്‍ഷിക്കാനൊരുങ്ങുമ്പോഴും, സഹോദരങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന് സാധ്യത മങ്ങുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ എത്തുമെന്ന് ഏകദേശം ഉറപ്പായതോടെ, സഹോദരനെതിരെ മത്സരിക്കാനില്ലെന്ന് പത്മജ വേണുഗോപാല്‍ ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
കുടുംബാംഗങ്ങള്‍ തമ്മില്‍ രാഷ്ട്രീയമായി ഏറ്റുമുട്ടുന്നത് ഒഴിവാക്കാനാണ് പത്മജയുടെ തീരുമാനം. പകരം കെ. കരുണാകരന്റെ തട്ടകമായ തൃശൂരില്‍ മത്സരിക്കാനാണ് പത്മജ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പത്മജ പിന്മാറുന്നതോടെ വട്ടിയൂര്‍ക്കാവില്‍ ശോഭാ സുരേന്ദ്രനോ അതോ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയോ എത്തുമെന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകളാണ് ബിജെപിയില്‍ നടക്കുന്നത്. ഇതിനിടെയാണ് മത്സരിക്കാനില്ലെന്ന നിലപാട് പത്മജ എടുക്കുന്നത്. തൃശൂരിനോട് തന്നെയാണ് കൂടുതല്‍ താല്‍പ്പര്യം.
അതേസമയം, ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം വൈകുന്നത് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണെന്നാണ് സൂചന. സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച സാധ്യതാ പട്ടികയില്‍ അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം വന്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും. കേരളത്തില്‍ ഇത്തവണ വലിയ മുന്നേറ്റം ലക്ഷ്യമിടുന്ന ബിജെപി, പല മണ്ഡലങ്ങളിലും അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കാനാണ് നീക്കം നടത്തുന്നത്.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേമത്തും, വി. മുരളീധരന്‍ കഴക്കൂട്ടത്തും മത്സരിക്കുമെന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും മറ്റു പല സീറ്റുകളിലും കേന്ദ്രം പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമുദായ സമവാക്യങ്ങളും വിജയസാധ്യതയും മുന്‍നിര്‍ത്തി ഡല്‍ഹിയില്‍ നിന്നുള്ള അന്തിമ പട്ടികയ്ക്കായി കാത്തിരിക്കുകയാണ് സംസ്ഥാന നേതൃത്വം.
മറ്റു പ്രമുഖ മണ്ഡലങ്ങളില്‍ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും, കുമ്മനം രാജശേഖരന്‍ ആറന്മുളയിലും, പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിച്ചേക്കും. തൃശൂരില്‍ പത്മജയ്ക്ക് പുറമെ എം.ടി. രമേശിന്റെ പേരും സജീവമാണ്. പാലക്കാട് മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിക്കാത്ത പക്ഷം പ്രശാന്ത് ശിവനായിരിക്കും പരിഗണിക്കപ്പെടുക. ബിഡിജെഎസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് 50 സീറ്റുകള്‍ നല്‍കി 90 സീറ്റുകളില്‍ മത്സരിക്കാനാണ് ബിജെപി ആലോചിക്കുന്നത്.
ട്വന്റി 20 ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളും അന്തിമഘട്ടത്തിലാണ്. ഏതായാലും വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെ നേരിടാന്‍ ബിജെപി ഇറക്കുന്ന ആ ‘സര്‍പ്രൈസ്’ താരം ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.