ന്യൂഡൽഹി: ഭാരതത്തിന്റെ വ്യോമപ്രതിരോധ ശേഷി വിളംബരം ചെയ്യുന്ന ബൃഹത്തായ വ്യോമാഭ്യാസ പ്രകടനം ‘വായുശക്തി 2026’ ഈ മാസം 27-ന് രാജസ്ഥാനിലെ പൊഖ്‌റാനിൽ നടക്കും. രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തിൽ നിർണ്ണായകമായ ‘ഓപ്പറേഷൻ സിന്ദൂറിന്’ ശേഷം നടക്കുന്ന ആദ്യത്തെ പ്രധാന വ്യോമാഭ്യാസ പ്രകടനമാണിത്. അതിനൂതന യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടെ വൻ സന്നാഹമാണ് ഈ അഭ്യാസപ്രകടനത്തിൽ അണിനിരക്കുന്നത്.
77 യുദ്ധവിമാനങ്ങൾ, 43 ഹെലികോപ്റ്ററുകൾ, എട്ട് മിലിട്ടറി കാർഗോ വിമാനങ്ങൾ എന്നിവയാണ് വായുശക്തിയിൽ തങ്ങളുടെ പ്രഹരശേഷി പ്രദർശിപ്പിക്കുന്നത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള ഇന്ത്യയുടെ അത്യാധുനിക ആയുധശേഖരം ഒരേസമയം അണിനിരക്കുന്നു എന്നതാണ് ഈ വർഷത്തെ പ്രത്യേകത.
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ അതിർത്തിയിൽ കരുത്ത് തെളിയിച്ച റഫാൽ വിമാനങ്ങൾ പ്രകടനത്തിൽ പ്രധാന ആകർഷണമാകും. തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനങ്ങളും തങ്ങളുടെ കരുത്ത് പ്രകടിപ്പിക്കും.
അമേരിക്കയിൽ നിന്ന് ഇന്ത്യ സ്വന്തമാക്കിയ വിഖ്യാതമായ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകളും ഭാരമേറിയ യന്ത്രസാമഗ്രികൾ വഹിക്കാൻ ശേഷിയുള്ള ചിനൂക്ക് ഹെലികോപ്റ്ററുകളും അഭ്യാസത്തിൽ പങ്കെടുക്കും. അതിർത്തി കടന്നുള്ള ഭീഷണികളെ നേരിടാനും ഏത് അടിയന്തര സാഹചര്യത്തിലും പ്രത്യാക്രമണം നടത്താനുമുള്ള വ്യോമസേനയുടെ സജ്ജത ഈ അഭ്യാസത്തിലൂടെ പരിശോധിക്കപ്പെടും.ഓപ്പറേഷൻ സിന്ദൂറിലൂടെ ശത്രുപക്ഷത്തെ വിറപ്പിച്ച ഇന്ത്യൻ വ്യോമസേന, കൂടുതൽ ആധുനികമായ ആയുധങ്ങളും തന്ത്രങ്ങളുമായി നടത്തുന്ന ഈ പ്രകടനം ആഗോള പ്രതിരോധ മേഖലയിലും വലിയ ശ്രദ്ധ നേടും.


‘ആർത്തവ ആരോഗ്യം പെൺകുട്ടികളുടെ അവകാശം; സ്കൂളുകളിൽ നാപ്കിൻ സൗജന്യമാക്കണം’: സുപ്രീംകോടതി
‘മകുടി ഊതുന്ന മോദി’ ; പ്രധാനമന്ത്രിയെ വംശീയമായി അധിക്ഷേപിച്ച് നോർവീജിയൻ പത്രം





